Connect with us

Sports

റയലിനെ പൂട്ടി വലന്‍സിയ

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിലെ ആവേശം നിറഞ്ഞ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് സമനില. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്യാപ്റ്റന്‍ റാമോസുമില്ലാതെ ഇറങ്ങിയ റയലിനെ വലന്‍സിയയാണ് സമനലയില്‍ തളച്ചത്. സ്‌കോര്‍ 2-2.

മിന്നുന്ന ഫോം തുടരുന്ന മാര്‍കോ അസന്‍സിയോ ഇരട്ട ഗോളടിച്ചെങ്കിലും സ്വന്തം തട്ടകത്തില്‍ റയല്‍ സമനില വഴങ്ങുകയായിരുന്നു. 21 കാരനായ സോളറും കൊണ്ടോഗ്ബിയയുമാണ് വലന്‍സിയക്ക് വേണ്ടി ലക്ഷ്യം കണ്ടത്. കളി തുടങ്ങി പത്താം മിനുട്ടില്‍ തന്നെ അസന്‍സിയോ റയലിനെ മുന്നിലെത്തിച്ചു.

പതിനെട്ടാം മിനുട്ടില്‍ 20 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് വലയിലെത്തിച്ച സോളര്‍ വലന്‍സിയക്ക് സമനില നേടിക്കൊടുത്തു. 77ാം മിനുട്ടില്‍ കൊണ്ടോഗ്ബിയ വലന്‍സിയയെ മുന്നിലെത്തിച്ചെങ്കിലും കളി അവസാനിക്കാന്‍ ഏഴ് മിനുട്ട ബാക്കി നില്‍ക്കെ അസെന്‍സിയോ ഫ്രീ കിക്കിലൂടെ സമനില ഗോള്‍ നേടി.
ലാലിഗയില്‍ കൊണ്ടോഗ്ബിയയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ഈ സീസണില്‍ റയലിനായി അസന്‍സിയോയുടെ ഗോള്‍ നേട്ടം നാലായി. അവസാന നിമിഷം ലഭിച്ച ഒരു സുവര്‍ണാവസരം കരിം ബെന്‍സിമ പാഴാക്കിയത് വലന്‍സിയക്ക് രക്ഷയായി. ബെന്‍സിയുടെ ഹെഡ്ഡര്‍ വലന്‍സിയ ഗോള്‍ കീപ്പര്‍ നെറ്റോ രക്ഷപ്പെടുത്തുകയായിരുന്നു. റയലിന്റെ ഗ്രൗണ്ടില്‍ അവസാന ഏഴ് മത്സരങ്ങളില്‍ വലന്‍സിയ നേടുന്ന അഞ്ചാം സമനിലയാണിത്.

മറ്റ് മത്സരങ്ങളില്‍ ലഗാനെസ് എസ്പാനിയോളിനെയും സെവിയ്യ ഗെറ്റാഫെയെയും അത്‌ലറ്റിക്കോ ബില്‍ബാവോ ഐബറിനെയും പരാജയപ്പെടുത്തി. മൂന്ന് മത്സരങ്ങളിലും സ്‌കോര്‍ 1-0 ആയിരുന്നു. രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റുള്ള റയല്‍ സോസിഡാഡ് ആണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഇത്രയും പോയിന്റുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനത്തും ലഗാനസ് മൂന്നാം സ്ഥാനത്തുമാണ്. രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുള്ള റയലിന് നാലാം സ്ഥാനം.

Latest