മകള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയോട് ശക്തമായി പ്രതികരിച്ച് വി.ഡി സതീശന്‍

Posted on: August 28, 2017 7:09 pm | Last updated: August 28, 2017 at 8:15 pm

പറവൂര്‍: . മകള്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നുവെന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് ശക്തമായി പ്രതികരിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എം.എല്‍.എ

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. എന്നെ അപകീര്‍ത്തിപ്പെടുത്തുവാനായാണ് ചിലര്‍ മകളുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത്. താന്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന് പ്രചരിപ്പിക്കുന്നവര്‍ തന്നെയാണ് ഈ വ്യജ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും സതീശന്‍ ആരോപിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ മകള്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നു എന്ന വ്യാജ പ്രചരണം ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്.ഇത് ശുദ്ധ അസംബന്ധമാണ്. അവള്‍ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകയാണ്, നേതാവല്ല. കോളേജിലെ കെ.എസ്.യു യൂണിറ്റ് ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷ്യന്‍ എടുക്കുവാന്‍ പോയപ്പോള്‍ അവള്‍ ആ ടീമിലെ വോളണ്ടിയറായിരുന്നു. സത്യമിതായിരിക്കെ എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ എന്റെ മകളെ വലച്ചിഴക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

ഞാന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് എനിക്കറിയാം. അവരൊന്നറിയണം, ഞാനിതെഴുതി കൊണ്ടിരിക്കുമ്‌ബോള്‍ മതേതര നിലപാട് ശക്തിയായി ഉയര്‍ത്തിപ്പിടിച്ചതിന് എതിരെ ഹിന്ദു ഐക്യവേദിക്കാര്‍ എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി കൊണ്ടിരിക്കുകയാണ്. പോസ്റ്റുകള്‍ വായിച്ചിട്ട് ഒന്നും ആലോചിക്കാതെ അത് പ്രചരിപ്പിച്ചവര്‍, അത് ശരിയായിരുന്നോ എന്ന് അവരുടെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടെ