ഡോക്‌ലാമില്‍ ഇന്ത്യ- ചൈന അതിര്‍ത്തിതര്‍ക്കത്തിന് പരിഹാരം; ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കും

Posted on: August 28, 2017 12:33 pm | Last updated: August 28, 2017 at 8:37 pm

ന്യൂഡല്‍ഹി: ഡോക്‌ലാമിലെ ഇന്ത്യ- ചൈന അതിര്‍ത്തിതര്‍ക്കം പരിഹരിച്ചു. ഇരു രാജ്യങ്ങളും സംയുക്തമായി സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ചൈന സന്ദര്‍ശിക്കുന്നുണ്ട്. അതിന് മുന്നോടിയായാണ് ഏറെ നാളുകളായി തര്‍ക്കം നിലനില്‍ക്കുന്ന ഡോക്‌ലാമില്‍ മഞ്ഞുരുകിയത്.

മോദിയുടെ ചൈന സന്ദര്‍ശത്തിന് മുന്നോടിയായി സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ത്തിയാക്കും. മൂന്നുറോളം സൈനികരെയാണ് പ്രദേശത്ത് ഇരു രാജ്യങ്ങളും വിന്യസിച്ചിരുന്നത്. ഡോക്‌ലാമിലെ സൈനിക പിന്മാറ്റം ചൈനയും സ്ഥിരീകരിച്ചു. മേഖലയില്‍ നിരീക്ഷണം തുടരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനയുടെ അനധികൃത റോഡ് നിര്‍മാണം ഇന്ത്യ തടഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്.