Connect with us

National

ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിംഗിന് 20 വര്‍ഷം കഠിന തടവ്

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ട് ബലാത്സംഗ കേസുകളില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് 20 വര്‍ഷത്തെ കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ട് കേസുകളിലായി പത്ത് വര്‍ഷം വീതമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന സൊനാരിയ ജയിലിനുള്ളില്‍ പ്രത്യേക സി ബി ഐ കോടതി തയ്യാറാക്കിയാണ് വിധി പ്രസ്താവിച്ചത്. ജഡ്ജി ജഗ്ദീപ് സിംഗ് ആണ് ശിക്ഷ വിധിച്ചത്. ഹെലികോപ്റ്ററിലാണ് ജഡ്ജി റോഹ്തക്കിലെത്തിയത്.

ഗുര്‍മീതിന് പരമാവധി ശിക്ഷ നല്‍കണമെന്ന് വാദം കേള്‍ക്കുന്നതിനിടെ സിബിഐ അഭിഭാഷകന്‍ പറഞ്ഞു. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ഗുര്‍മീത് ചെയ്തതെന്നും ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഒരു ഇളവും ഉണ്ടാകരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ശിക്ഷ ഏഴ് വര്‍ഷം തടവാക്കി ചുരുക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ഗുര്‍മീത് സാമൂഹിക പ്രവര്‍ത്തകനാണെന്നും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നയാളാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ജഡ്ജിക്ക് മുമ്പില്‍ ഗുര്‍മീത് മാപ്പ് ചോദിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരെ പഞ്ചകുള സിബിഐ പ്രത്യേക കോടതി കുറ്റം കണ്ടെത്തിയത്. 15 വര്‍ഷം മുമ്പ് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ഗുര്‍മീതിനെതിരെ കുറ്റം ചുമത്തിയത്. ഐ പി സി സെക്ഷന്‍ 376 പ്രകാരം പീഡനക്കുറ്റം, ഐ പി സി 506 പ്രകാരം കേസിലെ ഇരകളെ ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്.

ഗുര്‍മീതിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെയുണ്ടായ കലാപത്തില്‍ 38 പേരാണ് മരിച്ചത്. അഞ്ച് ഹരിയാന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള എഴ് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. അക്രമ സംഭവങ്ങള്‍ തടയാന്‍ വേണ്ടി വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ഗുര്‍മീതിനെ പാര്‍പ്പിച്ച ജയിലിന് ചുറ്റും 3000 അര്‍ധ സൈനികരെയാണ് നിയമിച്ചത്.

 

---- facebook comment plugin here -----

Latest