ഓണപ്പൂക്കളിലും വിഷം; വിഷം തളിക്കുന്നത് നിറവും കൂട്ടാനും വാടാതിരിക്കാനും

Posted on: August 28, 2017 9:59 am | Last updated: August 28, 2017 at 10:45 am

തിരുവനന്തപുരം: പച്ചക്കറികള്‍ക്ക് പിന്നാലെ വിഷമടിച്ച പൂക്കളും അതിര്‍ത്തികടന്നെത്തുന്നു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പൂപ്പാടങ്ങളില്‍ കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നു. ദിവസങ്ങളോളം വാടാതിരിക്കാനും പുഴു കയറാതിരിക്കാനും കീടനാശിനിയുടെ ഉപയോഗം സഹായിക്കുമെന്ന് തമിഴ്‌നാട്ടില്‍ നിന്ന് പൂക്കച്ചവടത്തിനെത്തിയവര്‍ പറയുന്നു.
ബോറോണ്‍, മോളിബ്രിനം, മൈക്രോ നൂട്രിയന്‍സ് തുടങ്ങിയ മരുന്നുകളാണ് പൂക്കളില്‍ തളിക്കുന്നത്. വാസനയും നിറവും കൂട്ടാനും പൂക്കള്‍ വാടാതിരിക്കാനും തളിക്കുന്ന മരുന്നുകള്‍ പച്ചക്കറി കൃഷിക്ക് തളിക്കുന്ന അതേ കീടനാശിനികള്‍ തന്നെയാണ്. തൊട്ടാല്‍ പോലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഇത്തരം വിഷങ്ങളെന്നാണ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. തിരുവനന്തപുരത്തെ ചാല, പാളയം മാര്‍ക്കറ്റുകളില്‍ പൂക്കള്‍ പരിശോധനക്ക് വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, സംസ്ഥാനത്തെത്തുന്ന പൂക്കളില്‍ അടങ്ങിയ വിഷാംശം ശാസ്ത്രീയമായി പരിശോധിക്കാന്‍ സംവിധാനങ്ങളൊന്നുമില്ല. പരിശോധനക്ക് ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും സമ്മതിക്കുന്നു.
മുല്ല, ചെണ്ടുമല്ലി, ബന്തി, വാടാമല്ലി, അരളി, റോസ തുടങ്ങിയ പൂക്കളാണ് കൂടുതലായും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നത്. കേരളത്തിന്റെ സ്വന്തം പൂക്കളായ തുമ്പ, ശംഖുപുഷ്പം, പിച്ചി, മന്ദാരം, ചെത്തി, തുളസി എന്നിവക്കും ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, മധുര, തേനി, തോവാള, ശീലാംപെട്ടി, ഇലക്കോട്ട, സുന്ദരപാണ്ഡ്യപുരം തുടങ്ങിയിടങ്ങളിലാണ് ജമന്തി, അരളി, വാടാമല്ലി, ബന്തി, ചെറുമല്ലി പൂക്കള്‍ കൃഷി ചെയ്യുന്നത്. മറ്റുള്ളവ കര്‍ണാടകയിലെ ഹൊസൂര്‍, ധര്‍മപുരി, കൃഷ്ണഗിരി, ഗുണ്ടല്‍പ്പേട്ട് എന്നിവിടങ്ങളില്‍ നിന്ന് എത്തിക്കുന്നു. ഇവിടെയെല്ലാം പൂക്കളില്‍ കീടനാശിനി പ്രയോഗം നടത്തുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
കേരളത്തിലെത്തുന്ന പച്ചക്കറികളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷം നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ, അതിര്‍ത്തി കടന്നെത്തുന്ന പൂക്കളുടെ പരിശോധയുടെ കാര്യത്തില്‍ ഒരു തീരുമാനവുമില്ല. പൂക്കള്‍ പരിശോധിക്കാന്‍ തുടങ്ങിയാല്‍ ഇനിയുള്ള ദിവസങ്ങളില്‍ പൂക്കള്‍ ഇല്ലാതെ ഓണം ആഘോഷിക്കേണ്ട അവസ്ഥയാണ് വന്നുചേരുക.