പീഡനക്കേസില്‍ ഗുര്‍മീതിന്റെ ശിക്ഷാ വിധി ഇന്ന്; കനത്ത ജാഗ്രത

Posted on: August 28, 2017 9:05 am | Last updated: August 28, 2017 at 12:08 pm

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെതിരെയുള്ള വിധി ഇന്ന് പുറപ്പെടുവിക്കും. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന സൊനാരിയ ജയിലിനുള്ളില്‍ പ്രത്യേക സി ബി ഐ കോടതി തയ്യാറാക്കിയാണ് വിധി പ്രസ്താവിക്കുക.
അതേസമയം, വിധി പ്രസ്താവം എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഉച്ചക്ക് 2.30 ഓടെ കോടതി നടപടികള്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റോഹ്ത്തക് ഐ ജി നവദീപ് സിംഗ് വിര്‍ക്ക് വ്യക്തമാക്കി. സൊനാരിയ ജയിലില്‍ സുരക്ഷാ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ വെടിവെക്കാനുള്ള ഉത്തരവ് ഇവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റോഹ്ത്തക് പ്രദേശം മുഴുവന്‍ സൈന്യത്തിന് നിയന്ത്രണത്തിലല്ലെന്നും ആവശ്യംവരുന്ന ഘട്ടത്തില്‍ മാത്രമേ സൈന്യത്തെ വിന്യസിക്കുകയുള്ളൂവെന്നും സംസ്ഥാന പോലീസ് മേധാവി മുഹമ്മദ് അഖില്‍ പറഞ്ഞു. പോലീസ് പൂര്‍ണ ജാഗ്രതയോടെയായാണ് നില്‍ക്കുന്നതെന്ന് ഹരിയാന ഡി ജി പി ബി എസ് സാന്ധു പറഞ്ഞു. ദേരാ സച്ചാ സൗദ ആസ്ഥാനം നില്‍ക്കുന്ന സിര്‍സ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കര്‍ഫ്യൂ ശക്തമാക്കാനുള്ള നിര്‍ദേശം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചകുലയടക്കമുള്ള ഹരിയാനയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് സാധാരണ പോലെ പ്രവര്‍ത്തിക്കും.
അതിനിടെ, കലാപത്തെ തുടര്‍ന്നുള്ള മരണസംഖ്യ ഇന്നലെ വീണ്ടും ഉയര്‍ന്നു. 38 പേരാണ് അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ വരെ മരിച്ചത്. അഞ്ച് ഹരിയാന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള എഴ് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഗുര്‍മീതിന്റെ സുരക്ഷാവിഭാഗത്തെ സഹായിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
അതിനിടെ, ഗുര്‍മീതിന് പരാമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഗുര്‍മീത് കുറ്റം ചെയ്തിട്ടില്ലെന്ന് തനിക്കുറപ്പുണ്ടെന്നും ഇക്കാര്യത്തില്‍ ഉയര്‍ന്ന കോടതികളെ സമീപിക്കുന്നതടക്കമുള്ള കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവംഗുര്‍മീത് റാം റഹീമിനെതിരെ പഞ്ചകുള സി ബി ഐ പ്രത്യേക കോടതി കുറ്റം കണ്ടെത്തിയത്. 15 വര്‍ഷം മുമ്പ് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ഗുര്‍മീതിനെതിരെ കുറ്റം ചുമത്തിയത്. ഐ പി സി സെക്ഷന്‍ 376 പ്രകാരം പീഡനക്കുറ്റം, ഐ പി സി 506 പ്രകാരം കേസിലെ ഇരകളെ ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്.