അവര്‍ തിടംവെക്കുന്നത് രാഷ്ട്രീയത്തണലില്‍

Posted on: August 28, 2017 6:52 am | Last updated: August 27, 2017 at 10:58 pm

ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം സിംഗിന്റെയും അനുയായികളുടെയും ചെയ്തികളിലും ഭരണകൂടങ്ങള്‍ അതിന് നേരെ പ്രകടിപ്പിക്കുന്ന നിഷ്‌ക്രിയത്വത്തിലും അമ്പരന്നു നില്‍ക്കുകയാണ് രാജ്യം. ബലാത്സംഗ കേസില്‍ സിംഗ് കുറ്റക്കാരനാണെന്ന് സി ബി ഐ കോടതി വിധിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും ദല്‍ഹിയിലും ഉത്തര്‍ പ്രദേശിലും അഴിഞ്ഞാടുകയായിരുന്നു അനുയായികള്‍. അക്രമത്തില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. കോടികളുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു. പൊലീസ് സ്‌റ്റേഷനുകളും റെയില്‍വെ സ്‌റ്റേഷനുകളും മാധ്യമ വാഹനങ്ങളും അഗ്നിക്കിരയായി. വ്യാപകമായി അക്രമം നടന്നിട്ടും കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും ബി ജെ പിയും നിസ്സാരവത്കരിക്കുകയും കൈയും കെട്ടിനില്‍ക്കുകയുമായിരിന്നു. ഭരണകൂടങ്ങളുടെ ഈ നടപടി കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വിധേമയാവുകയുണ്ടായി. അക്രമികളെ പ്രതിരോധിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ ഹരിയാന, ബഞ്ചാബ് സര്‍ക്കാറുകളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ച മൃദുത്വ നിലപാടിനോട് പ്രതികരിക്കവെ, അദ്ദേഹം ബി ജെ പിയുടെ പ്രധാനമന്ത്രിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നാണ് കോടതി മുന്നറിയിപ്പ് നല്‍കിയത്.

ആശ്രമത്തിലെ ഒരു അന്തേവാസി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കുറ്റക്കാരനെന്ന് വിധിച്ച റാം റഹീം കൊലപാതകം, ആയുധക്കടത്ത് തുടങ്ങി നിരവധി കേസുകളില്‍ നിയമ നടപടികളെ നേരിട്ടുകൊണ്ടിരിക്കയാണ്. അയാള്‍, ദുര്‍ബലരുടെ ദുരിതാവസ്ഥ ചൂഷണം ചെയ്തും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുമാണ് തുടക്കത്തില്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ആര്‍ജിച്ചത്. ഈ സ്വാധീനം ഉപയോഗപ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ കൂടി നേടുകയായിരുന്നു പന്നീട് അയാള്‍. അനുയായികളുടെ വോട്ടില്‍ കണ്ണുനട്ട് രാഷ്ട്രീയനേതൃത്വങ്ങള്‍ അയാളുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു. ആദ്യത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച റാം റഹീം ബി ജെ പി ശക്തിയാര്‍ജിച്ചതോടെ അവരുമായി അടുത്തു. രാഷ്ട്രീയത്തോടുള്ള താത്പര്യമല്ല, ഉന്നത തലങ്ങളില്‍ സ്വാധീനമുറപ്പിക്കുകയും തന്റെ കൊള്ളരുതായ്മകള്‍ക്ക് മറ തീര്‍ക്കുകയുമായിരുന്നു ലക്ഷ്യം. പ്രമുഖ രാഷ്ട്രീയനേതാക്കളെയും സിനിമാ, കായിക രംഗത്തെ പ്രശസ്തരെയും സ്വാധീനിക്കുന്നതില്‍ അയാള്‍ വിജയിക്കുകയും ചെയ്തു.

‘ആള്‍ദൈവ’ങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണാണ് ഇന്ത്യ. ഹരിയാനയിലും പഞ്ചാബിലും കൊലപാതകങ്ങളും ക്രമസമാധാനപ്രശ്‌നങ്ങളുമുണ്ടാക്കി വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ സന്ത് രാംപാല്‍, ആശ്രമം കേന്ദ്രീകരിച്ചു നക്ഷത്ര വേശ്യാലയം നടത്തിയതിന് പിടിയിലായ സന്ത് സ്വാമി ഭീമാനന്ദ് മഹാരാജ് എന്ന ചിത്രകൂടം സ്വാമി, സിനിമാനടി രഞ്ജിതയുമായുള്ള ദൃശ്യങ്ങളിലൂടെ വിവാദമുയര്‍ത്തിയ സ്വാമി നിത്യാനന്ദ,പതിനാറുകാരിയെ മാനഭംഗപ്പെടുത്തിയതിനു അറസ്റ്റിലായ ആസാറാം ബാപ്പു, രാജീവ് ഗാന്ധിവധക്കേസുള്‍പ്പെടെയുള്ള കേസുകളില്‍ ബന്ധമുള്ളതായി പറയുന്ന ചന്ദ്രസ്വാമി, യമുനാ തടം നശിപ്പിച്ചതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അഞ്ച് കോടി രൂപ പിഴയിട്ട ശ്രീശ്രീ രവിശങ്കര്‍, വിദേശിയായ അനുയായിയുടെ വെളിപ്പെടുത്തലിലൂടെ വിമര്‍ശനവിധേയയായ അമൃതാനന്ദമയി തുടങ്ങി നിരവധി ആള്‍ദൈവങ്ങളുണ്ട് രാജ്യത്ത്. ആതുരസേവയും യോഗയും അതിജീവന കലയുമൊക്കെയാണ് ഇവരില്‍ പലരും തങ്ങളുടെ പ്രവൃത്തികള്‍ക്കും സാമ്പത്തിക ക്രമക്കേടുകള്‍ക്കും മറയാക്കുന്നത്. സര്‍ക്കാറും പോലീസും അവര്‍ക്കു മുന്നില്‍ സ്തംഭിച്ചുനില്‍ക്കുന്നതും നിയമത്തിന് പിടികൊടുക്കാതെയും കോടതികളെ വെല്ലുവിളിച്ചും പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് ധൈര്യം പകരുന്നതും ഉന്നത രാഷ്ട്രീയ ബന്ധമാണ്. ഇവരുടെ കാല്‍ക്കല്‍ വീണ് അനുഗ്രഹം യാചിക്കുന്ന ജഡ്ജിമാരും ഇത്തരക്കാരുടെ കുറ്റകൃത്യങ്ങള്‍ക്ക് നേരെ നിയമവും കോടതികളും കണ്ണടക്കണമെന്ന് ശഠിക്കന്ന അധികാര കേന്ദ്രങ്ങളും നിലനില്‍ക്കെ രാജ്യത്ത് ഇത്തരക്കാര്‍ വര്‍ധിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇവരില്‍ 90 ശതമാനവും ഹിന്ദുത്വ ആശയക്കാരായതു കൊണ്ട് സംഘ്പരിവാറാണ് ഇവരുടെ വളര്‍ച്ചക്ക് കൂടുതല്‍ സഹായം നല്‍കുന്നത്. റാം റഹീമല്ല, അദ്ദേഹത്തിനെതിരെ വിധിപ്രഖ്യാപിച്ച ന്യായാധിപന്മാരാണ് തെറ്റുകാരെന്നാണ് പ്രമുഖ ബി ജെ പിനേതാവും എം പിയുമായ സാക്ഷി മഹാരാജിന്റെ കോടതി വിധിയോടുള്ള പ്രതികരണം. റാം റഹീമിന് പിറന്നാള്‍ സമ്മാനമായി ഹരിയാനയിലെ വിദ്യാഭ്യാസ മന്ത്രി രാം വിലാസ് ശര്‍മ്മ 51 ലക്ഷം രൂപയും കായിക മന്ത്രി അനില്‍ വിജയ് 50 ലക്ഷവുമാണ് അടുത്തിടെ നല്‍കിയത്. പ്രധാനമന്ത്രി മോദി പോലും റാംം റഹീമിനെ പുകഴ്ത്തി ട്വീറ്റ് ചെയ്യുകയുണ്ടായി. നിരവധി കേസുകളില്‍ റാം റഹീം നിയമനടപടികളെ നേരിട്ടുകൊണ്ടിരിക്കെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ ട്വീറ്റ്. രാഷ്ട്രീയ താത്പര്യം വെച്ചു ‘ആള്‍ദൈവ’ങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കുന്ന ഭരണാധികാരികളുടെ ഈ നിലപാടില്‍ മാറ്റം വന്നെങ്കില്‍ മാത്രമേ ആത്മീയത മറയാക്കിയുള്ള അഴിഞ്ഞാട്ടത്തിനു അറുതി വരുത്താനാകുകയുള്ളൂ.