സലഫി പ്രചാരകരുടെ അറസ്റ്റ് സമുദായത്തിന് നല്‍കുന്ന പാഠങ്ങള്‍

കടുത്ത തീവ്ര ആശയം പ്രചരിപ്പിക്കുന്നവരെയും രാഷ്ട്രീയക്കാര്‍ക്ക് ആവശ്യമുണ്ടാകും. എന്നാല്‍, മുസ്‌ലിം സമുദായം ഇവരെ പ്രതിരോധിക്കേണ്ട ദൗത്യം ഏറ്റെടുക്കേണ്ടതുണ്ടോ? മറിച്ച് ഈ ആശയം പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്ന് ബോധ്യപ്പെടുത്തുകയല്ലേ വേണ്ടത്? എന്നാല്‍, ഖേദകരമായ കാര്യം ഇത് ചൂണ്ടിക്കാണിക്കുന്നവരെ സമുദായ ഐക്യവിരോധികളായി മുദ്രകുത്തുന്നു എന്നതാണ്. യഥാര്‍ഥത്തില്‍, അറസ്റ്റിനെ എങ്ങനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന് ചിന്തിക്കുന്നതിന് പകരം മുസ്‌ലിം സമുദായം ആലോചിക്കേണ്ടത് നമ്മുടെ പ്രബോധന ശൈലിയില്‍ വരുത്തേണ്ട കാലികമായ മാറ്റത്തെ സംബന്ധിച്ചാണ്.
Posted on: August 28, 2017 6:30 am | Last updated: August 29, 2017 at 5:58 pm

പറവൂര്‍ വടക്കേക്കരയില്‍ വീടുകള്‍ കയറി ലഘുലേഖ വിതരണം ചെയ്ത കേസില്‍ നാല്‍പത് സലഫി പ്രബോധകര്‍ അറസ്റ്റ് ചെയ്യപ്പെട്ട വിഷയം നിയമസഭക്കകത്തും പുറത്തും വിവാദം സൃഷ്ടിച്ചിരിക്കുകയാണല്ലോ. ഐ എസിനെതിരെ പ്രചാരണം നടത്തിയവരെയാണ് ഈ ഗവണ്‍മെന്റ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, മുസ്‌ലിം സമുദായത്തോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും ഭാഗമായിട്ടാണ് മുസ്‌ലിം ലീഗ് ഈ സംഭവത്തെ ഉയര്‍ത്തിക്കാട്ടുന്നത്. സമുദായ പ്‌ളാറ്റ്‌ഫോമില്‍ നിന്ന് ആ രീതിയിലുള്ള പ്രചാരണ പരിപാടികള്‍ക്ക് പാര്‍ട്ടി തുടക്കം കുറിച്ചിട്ടുമുണ്ട്.
ഐ എസിനെതിരെ പ്രചാരണം നടത്തിയതിനല്ല, മുജാഹിദുകാരെ അറസ്റ്റ് ചെയ്തതെന്നും മറിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അവരുടെ വീടുകളില്‍ ചെന്ന് പറയുകയും ലഘുലേഖകള്‍ വിതരണം നടുത്തുകയും ചെയ്തതിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചു. ‘ആര്‍ എസ് എസ് എന്ന് പറയുന്ന വിഭാഗം ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നാട്ടില്‍ ഉണ്ടാക്കണമെന്ന് കരുതി നടക്കുകയാണ്. അതിന് മരുന്നിട്ടുകൊടുക്കുന്ന നടപടി ആരും നടത്താതിരിക്കുകയാണ് വേണ്ടത്. ലഘുലേഖയിലുള്ളത് ഒരു വിഭാഗത്തിന് വിശ്വസിക്കാന്‍ അവകാശമുണ്ട്. പക്ഷേ മറ്റേ തരത്തില്‍ വിശ്വസിക്കുന്നവരുടെ അടുത്ത് ചെന്നിട്ട് ഇത് കൊടുക്കേണ്ട കാര്യമില്ല. ഇത് കണ്ടപ്പോള്‍ ആര്‍ എസ് എസിന് നല്ല ഹരമായി. അവര്‍ക്ക് ഒരു അവസരമായി.’ തുടര്‍ന്ന് ലഘുലേഘയിലെ വരികളും അദ്ദേഹം ഉദ്ധരിച്ചു. ‘നാമിന്ന് എന്തിന്റെ പിറകെയാണ്? ആരോടാണ് പ്രാര്‍ഥിക്കുന്നത്? വിഗ്രഹങ്ങളോട്, പുണ്യാളന്‍മാര്‍, ഔലിയ, ബീവി, സിദ്ധന്‍ തുടങ്ങിയവരോടോ? പാടില്ല സുഹൃത്തേ. ഇവരൊക്കെയും ആ മഹാനായ സൃഷ്ടാവിന്റെ സൃഷ്ടി മാത്രം.’
ഈ വരികളിലുള്ളത് മുജാഹിദുകളുടെ വിശ്വാസമായിരിക്കാം. ഇത് പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത് ശരിയല്ലേ? കേരളം പോലുള്ള ഒരു നാട്ടില്‍ മറ്റു മതവിശ്വാസികളുടെ വീട്ടില്‍ കയറി നിങ്ങളുടെ വിശ്വാസം ശരിയല്ലെന്ന് പറയുന്ന പ്രബോധന ശൈലി നല്ലതാണോ? ആരോഗ്യകരമായ മറ്റനേകം പ്രബോധന മാര്‍ഗങ്ങള്‍ നമ്മുടെ മുമ്പിലില്ലേ? കേരളത്തില്‍ നമ്മുടെ മുന്‍ഗാമികള്‍ ഈ ശൈലി സ്വീകരിച്ചിട്ടുണ്ടോ?

ലഘുലേഖയില്‍ മുസ്‌ലിം ഭൂരിപക്ഷമായ സുന്നികള്‍ക്കെതിരെയും കടുത്ത ആരോപണങ്ങളുണ്ട്. സുന്നികള്‍ അല്ലാഹുവിന് പുറമെ ഔലിയാക്കളെയും ബീവിമാരെയും സിദ്ധന്മാരെയുമൊക്കെ ആരാധിക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഈ വിവാദത്തെ എങ്ങനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന് ചിന്തിക്കുന്നതിന് പകരം മുസ്‌ലിം സമുദായം ആലോചിക്കേണ്ടത് നമ്മുടെ പ്രബോധന ശൈലിയില്‍ വരുത്തേണ്ട കാലികമായ മാറ്റത്തെ സംബന്ധിച്ചാണ്. എന്റെ വിശ്വാസമാണ് സത്യം എന്ന് വിശ്വസിക്കുന്നതോ എന്റെ വിശ്വാസം മാത്രമേ സത്യമുള്ളൂ എന്ന് വിശ്വസിക്കുന്നതോ അപകടകരമല്ല. എന്നാല്‍, നമ്മുടെ നാട്ടില്‍ മറ്റുള്ളവര്‍ക്കും അവര്‍ക്ക് സത്യമാണെന്ന് ബോധ്യപ്പെട്ടത് വിശ്വസിക്കാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കാന്‍ എല്ലാവര്‍ക്കും സ്വാധിക്കണം. എനിക്ക് സത്യമാണെന്ന് ബോധ്യപ്പെട്ടതല്ലാത്തതൊന്നും ഇവിടെ നിലനില്‍ക്കാന്‍ പാടില്ല എന്ന് ചിന്തിക്കുന്നതും മറ്റു വിശ്വാസക്കാരോട് നിരന്തരം കലഹിക്കുന്നതും തീവ്രവാദമാണ്. ഈ സമീപനമാണ് ലോകത്തിന്റെ പല ഭാഗത്തും സലഫികള്‍ സ്വീകരിച്ചുവരുന്നത്.
പ്രവാചക(സ)ന്റെ കാലത്ത് തന്നെ ഇസ്‌ലാം എത്തിയ നാടാണ് കേരളം. 1921ന് ശേഷമാണ് സലഫിസം ഇവിടെ വരുന്നത്. അതിന് മുമ്പ് 13 നൂറ്റാണ്ട് കാലം ജീവിച്ചവരും അവരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഈ കാലത്തെ സുന്നികളും വിഗ്രഹ പൂജകരും അവിശ്വാസികളുമാണ് എന്നതാണ് മുജാഹിദുകളുടെ പ്രധാന പ്രബോധന വിഷയം. 1982 ഏപ്രില്‍ അഞ്ചിന് കെ എന്‍ എം പ്രസിഡന്റായിരുന്ന കെ ഉമര്‍ മൗലവി പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ പറയുന്നു: ‘പ്രവാചകന്മാരുടെ ആദര്‍ശം സ്വീകരിച്ചവര്‍ മുജാഹിദുകള്‍. അബൂജഹ്ല്‍ തുടങ്ങി മക്കാ മുശ്‌രിക്കുകളുടെ ആദര്‍ശം സ്വീകരിച്ചവര്‍ സുന്നികള്‍. അബൂജഹ്ല്‍ കക്ഷിയുടെ ഓഫര്‍ സ്വീകരിക്കാന്‍ ഒരുങ്ങിയവര്‍ മൗദൂദികള്‍’ (ലഘുലേഖ പേജ്-2) മഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെ കുറിച്ച് ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മുജാഹിദുകളെ പ്രതിരോധിക്കേണ്ട ബാധ്യത ആരാണ് ഈ സമുദായത്തിന് മേല്‍ കെട്ടിയേല്‍പ്പിക്കുന്നത്? പുതിയ വിവാദത്തെ ഇത്തരം പ്രബോധന ശൈലി തിരുത്തിക്കുന്നതിനു വേണ്ടിയല്ലേ നാമുപയോഗപ്പെടുത്തേണ്ടത്?

കേരള മുസ്‌ലിംകളുടെ അഭിമാന നേതൃത്വവും സുന്നീ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവുമായിരുന്ന മര്‍ഹും ഇ കെ ഹസന്‍ മുസ്‌ലിയാര്‍ മരണശയ്യയില്‍ കിടക്കുമ്പോള്‍ കെ എന്‍ എം പ്രസിഡന്റായിരുന്ന ഉമര്‍ മൗലവി എഴുതി കൊടത്തുവിട്ട ഒരു കത്ത് ഇങ്ങനെയായിരുന്നു: ‘ഹസന്‍ മുസ്‌ലിയാര്‍ അസ്‌ലിം, തസ്‌ലം. വ ഇല്ലാ ഫഇന്ന അലൈക ഇസ്മ അത്ബാഇക’ -ഹസന്‍ മുസ്‌ലിയാര്‍, നീ മുസ്‌ലിമാകണം. എങ്കില്‍ നിനക്ക് രക്ഷപ്പെടാം. അല്ലാത്ത പക്ഷം നിന്റെ അനുയായികളുടെ കുറ്റവും നിനക്കായിരിക്കും.- ഒരു പണ്ഡിതന്‍ മരിക്കാന്‍ കിടക്കുമ്പോള്‍ ഒരു പ്രസ്ഥാനത്തിന്റെ നേതാവ് കാണിച്ച മര്യാദയാണിത്. ഈ പ്രബോധന ശൈലി മുജാഹിദുകളെക്കൊണ്ട് തിരുത്തിക്കാന്‍ സമുദായത്തിന്റെ മുഖ്യധാരയില്‍ അവരെ ഉള്‍പ്പെടുത്തുന്ന സമുദായ രാഷ്ട്രീയ കക്ഷിക്ക് സാധിക്കുമോ?

1985 ഡിസംബര്‍, ലക്കം13 സല്‍സബീലില്‍ മുജാഹിദുകള്‍ എഴുതി. ‘ശവം തിന്നുന്നത് അല്ലാഹു ഹറാമാക്കി. അല്ലാഹു അല്ലാത്തവരുടെ പേരില്‍ ബലിയര്‍പ്പിക്കപ്പെട്ടത് തിന്നുന്നതും അല്ലാഹു ഹറാമാക്കി. എന്നാല്‍ ഇവ രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധനം സ്വീകരിച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുപോലെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കൂറ്റനാട് മുസ്‌ലിയാര്‍ പോലുള്ളവര്‍ ഇന്നുമുണ്ടല്ലോ. അങ്ങനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ്‌രിക്കുകള്‍ തന്നെയാണെന്ന് അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുമല്ലോ.’ (പേജ് 18) നോക്കൂ. പ്രവാചക ജന്മദിനത്തില്‍ സന്തോഷിച്ചും മഹാന്മാരുടെ പേരില്‍ ദാനധര്‍മം നടത്താന്‍ വേണ്ടിയും ആടുമാടുകളെ അറുക്കുന്നതിന്റെ പേരില്‍ രണ്ട് വിഭാഗം സുന്നികളെയും ഇസ്‌ലാമില്‍ നിന്ന് പുറത്താക്കുന്ന തീവ്രവാദമാണ് ഈ മുജാഹിദുകള്‍ പ്രചരിപ്പിക്കുന്നത്. ഈ ആശയം തന്നെയാണ് വിവാദ ലഘുലേഖയിലുമുള്ളത്.
ഇസ്‌ലാമിക നാഗരികതയുള്ള ഏത് നാട്ടില്‍ ചെന്നാലും മഹാന്മാരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങള്‍ സംരക്ഷിക്കപ്പെടുന്നതായി കാണാം. മദീനാ മുനവ്വറയിലെ നബി(സ)യുടെ ഖബറുശ്ശരീഫ് മുതല്‍ ലോകത്ത് എവിടെയും. എന്നാല്‍, സലഫിസം ഇതിനെ ശിര്‍ക്കും ബഹുദൈവാരാധനയുമായി കാണുന്നു. ഖബറുകളും പുണ്യസ്ഥലങ്ങളും പൊളിക്കുക എന്നതാണ് പ്രധാന പ്രബോധന ദൗത്യമെന്നും അവര്‍ പ്രഖ്യാപിക്കുന്നു. തീവ്ര സലഫിസ്റ്റുകളായ ഐ എസ് ഇറാഖിലും സിറിയയിലും ചെയ്തതും ഈ ശ്മശാന വിപ്ലവമാണ്.
കേരളത്തിലെ മുജാഹിദുകള്‍ക്കിടയിലെ തര്‍ക്കം ഖബറുകള്‍ പൊളിച്ചുമാറ്റാന്‍ അധികാരം കിട്ടുന്നത് വരെ കാത്തുനില്‍ക്കണോ അല്ല അതിന് മുമ്പ് തന്നെ തുടങ്ങണോ എന്നതിലാണ്. അവരെഴുതുന്നു: ‘ഭരണമാറ്റം കൊണ്ട് മനംമാറ്റമുണ്ടാക്കാനാകില്ല. മറിച്ച് മനം മാറ്റം ഭരണമാറ്റത്തിലേക്ക് എത്തിച്ചു എന്നുവരും. ഇസ്‌ലാമിക ചരിത്രത്തില്‍ നിന്ന് അതല്ലേ മനസ്സിലാക്കാന്‍ കഴിയുക? ഈ മനം മാറ്റത്തിനുള്ള ശ്രമത്തിനിടയില്‍ ചിലപ്പോള്‍ ജീവന്‍ വരെ ബലിയര്‍പ്പിക്കേണ്ടിവരും. അധികാരം കിട്ടുന്നതിന് മുമ്പ് കെട്ടിപ്പൊക്കിയ ഖബറുകളെ കുറിച്ച് മിണ്ടിയാല്‍ ‘സ്വയം ഖബറിനുള്ളില്‍ പോകേണ്ട ഗതിയുണ്ടാകും.’ എന്ന് പറയുന്ന ആദര്‍ശധീരന്മാര്‍ പ്രബോധന രംഗത്തുണ്ട്. നബി(സ) തന്റെ അന്ത്യനാളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് താക്കീത് ചെയ്ത ഈ കാര്യത്തെയും ഇസ്‌ലാമിന്റെ അടിത്തറ മാറ്റുന്ന ഖബറാരാധനയേയും മാതൃപൂജയെയും ശാഖാപരമായി കാണാന്‍ മുജാഹിദുകള്‍ക്ക് ഒരിക്കലും കഴിയില്ല.'(ശബാബ് 1983 ഫെബ്രുവരി 17)
മുജാഹിദുകളായിരുന്ന ചിലര്‍ 1940കളില്‍ പിരിഞ്ഞുപോയാണ് കേരള ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിക്കുന്നത്. അവര്‍ ഭരണം സ്വപ്‌നം കാണുന്നവരാണ്. അത് കിട്ടിയിട്ടു മതി പുണ്യകേന്ദ്രങ്ങള്‍ തകര്‍ക്കലെന്നാണ് അവരുടെ വാദം. എന്നാല്‍ മുജാഹിദുകള്‍ അതിനെ പരിഹസിക്കുകയും ഭരണം കിട്ടുന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ക്കിടയില്‍ ഖബര്‍ തകര്‍ക്കാനുള്ള മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കണമെന്ന് കരുതുകയും ചെയ്യുന്നു. മാത്രമല്ല, മഖ്ബറകളിലേക്ക് നേര്‍ച്ചയാക്കുന്നവരെ കൊന്നുകളയണമെന്ന ആശയമാണ് മുജാഹിദുകള്‍ക്കുള്ളത്. അവരുടെ നേതാവായിരുന്ന ഇബ്‌റാഹീം മൗലവി എഴുതുന്നു: ഖബറുകള്‍ക്ക് നേര്‍ച്ച നേരുന്നതില്‍ ഫലമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢിയും വഴിപിഴച്ചവനുമാകുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് ആവശ്യപൂരണത്തിന് തന്മൂലം വഴിതുറക്കുമെന്നും വിഷമങ്ങളെ അത് നീക്കുമെന്നും സുഖസൗകര്യങ്ങള്‍ക്ക് അത് വഴിതുറക്കുമെന്നും ആയുസ്സിനെ സംരക്ഷിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവര്‍ അവിശ്വാസിയും മുശ്‌രിക്കുമായിരിക്കും. അവനെ കൊല്ലല്‍ നിര്‍ബന്ധമാണ്. (അല്‍മനാര്‍ പേജ് 7, വാള്യം 27, ലക്കം 11, 1981 ഒക്‌ടോബര്‍)
ഇത്തരം കടുത്ത തീവ്ര ആശയം പ്രചരിപ്പിക്കുന്നവരെയും രാഷ്ട്രീയക്കാര്‍ക്ക് ആവശ്യമുണ്ടാകും. എന്നാല്‍, മുസ്‌ലിം സമുദായം ഇവരെ പ്രതിരോധിക്കേണ്ട ദൗത്യം ഏറ്റെടുക്കേണ്ടതുണ്ടോ? മറിച്ച് ഈ ആശയം പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്ന് ബോധ്യപ്പെടുത്തുകയല്ലേ വേണ്ടത്? എന്നാല്‍, ഖേദകരമായ കാര്യം ഇത് ചൂണ്ടിക്കാണിക്കുന്നവരെ സമുദായ ഐക്യവിരോധികളായി മുദ്രകുത്തുന്നു എന്നതാണ്. രാഷ്ട്രീയ മുതലെടുപ്പിന് മാത്രം മുജാഹിദുകളുടെ അറസ്റ്റും വിവാദവും ഉപയോഗിക്കാതെ, പ്രബോധന രംഗത്ത് സഹിഷ്ണുത കാത്തുസൂക്ഷിക്കാന്‍ ഇവരെ സ്വാധീനിക്കാന്‍ കഴിയുന്നവര്‍ അവരെ ഉപദേശിച്ചാല്‍ അതായിരിക്കും ഗുണകരമാകുക.