ഇന്ത്യയെ നശിപ്പിച്ചത് മുസ്ലിംകളല്ല; ബ്രിട്ടീഷുകാര്‍: ശശി തരൂര്‍

Posted on: August 27, 2017 9:48 pm | Last updated: August 28, 2017 at 10:22 am

തിംഫു: ഇന്ത്യയെ കോളനിയാക്കി നശിപ്പിച്ചത് ബ്രിട്ടീഷുകാരാണെന്നും കോളനിവത്കരണത്തിന് പിന്നില്‍ മുസ്ലിംകളാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ധാരണ തെറ്റാണെന്നും ശശി തരൂര്‍ എംപി. ഭൂട്ടാന്‍ തലസ്ഥാനമായ തിംഫുവില്‍ മൗണ്ടന്‍ എക്കോസ് സാഹിത്യോത്സവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നതിനുള്ള ആയുധമായി ചരിത്രത്തെ ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 200 വര്‍ഷം നീണ്ട വൈദേശികാധിപത്യത്തെക്കുറിച്ച് താന്‍ സംസാരിക്കുമ്പോള്‍, 1,200 വര്‍ഷം പഴക്കമുള്ള വൈദേശികാധിപത്യത്തെക്കുറിച്ചാണ് നരേന്ദ്ര മോദി സംസാരിക്കുന്നത്. ഇന്ത്യയില്‍ വന്ന് കോളനി സ്ഥാപിച്ച് നമ്മെ ഭരിച്ചു നശിപ്പിച്ച ബ്രിട്ടീഷുകാരെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. എന്നാല്‍, ഇന്ത്യയിലേക്ക് വന്ന് ഇവിടെ വാസമുറപ്പിക്കുകയും നമ്മെ ഭരിക്കുകയും ചെയ്ത മുസ്‌ലിം ഭരണാധികാരികളെ വിദേശികളായി കാണാനും അവരുടെ ഭരണത്തെ വൈദേശികാധിപത്യമായി കാണാനുമാണ് മോദിക്കു താല്‍പര്യമെന്നും തരൂര്‍ തുറന്നടിച്ചു.

ചരിത്രത്തിലെ പ്രതിസന്ധിക്കള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പില്‍ക്കാലത്ത് പകരം ചോദിക്കുന്ന രീതി അയോധ്യയിലെ രാമജന്മ ഭൂമിയുമായി ബന്ധപ്പെട്ടാണ് തുടങ്ങിയതെന്നും തരൂര്‍ പറഞ്ഞു.