Connect with us

National

നിതീഷിനെ ഞെട്ടിച്ച് പാറ്റ്‌നയില്‍ ലാലുവിന്റെ കൂറ്റന്‍ റാലി; ദേശീയ തലത്തിൽ മഹാസഖ്യം രൂപീകരിക്കും

Published

|

Last Updated

പാറ്റ്‌ന: ബീഹാറില്‍ മഹാ സഖ്യത്തെ പിളര്‍ത്തി ബിജെപിയിലേക്ക് കൂടുമാറിയ നിതീഷ് കുമാറിന് കണക്കിന് മറുപടി നല്‍കി പാറ്റ്‌നയില്‍ ലാലുവിന്റെ കൂറ്റന്‍ റാലി. വിവിധ പാര്‍ട്ടികളില്‍ നിന്നായി പത്ത് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത റാലി പുതു ചരിത്രമായി. ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി ആര്‍ജെഡിയാണ് റാലിക്ക് ആഹ്വാനം ചെയ്തത്. ജെഡിയു ഔദ്യോഗിക പക്ഷത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ശരത് യാദവും അണികളും റാലിയില്‍ പങ്കെടുക്കാന്‍ എത്തി. ശരദ് യാദവിനെ ലാലു പ്രസാദ് യാദവ് കെട്ടിപ്പിടിച്ച് ഊഷ്മളമായി സ്വീകരിച്ചു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് , കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപി ജോഷി, സിപിഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാലിയില്‍ പങ്കെടുക്കാനെത്തിയിട്ടില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക സന്ദേശം സമ്മേളനത്തില്‍ വായിച്ചിരുന്നു.

ദേശീയ തലത്തില്‍ പുതിയ മഹാസഖ്യത്തിന് രൂപം നല്‍കുമെന്ന് റാലിയില്‍ പങ്കെടുത്ത ശരദ് യാദവ് പറഞ്ഞു. ബീഹാറിലെ മഹാസഖ്യം തകര്‍ത്തവരെ ഒരു കാര്യം ഓര്‍മപ്പെടുത്തുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ ദേശീയ തലത്തിലാണ് മഹാസഖ്യം രൂപീകരിക്കാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest