ബ്രിട്ടനില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ അടക്കം എട്ട് ഇന്ത്യക്കാര്‍ മരിച്ചു

Posted on: August 27, 2017 7:11 pm | Last updated: August 27, 2017 at 9:41 pm

ലണ്ടന്‍: ബ്രിട്ടനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ അടക്കം എട്ട് ഇന്ത്യക്കാര്‍ മരിച്ചു. തിരക്കേറിയ എം-1 മോട്ടോര്‍വേയില്‍ ശനിയാഴ്ച പുലര്‍ച്ചെ വാനും രണ്ട് ട്രക്കുകളും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച ആറ് പേര്‍ തമിഴ്‌നാട്ടുകാരാണ്. നാലുപേര്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലാണ്.

വാന്‍ ഉടമയും ഡ്രൈവറുമായ പാലാ ചേര്‍പ്പുങ്കല്‍ കടുക്കുന്നേല്‍ സിറിയക് ജോസഫ് (ബെന്നി-51), വിപ്രോയിലെ എന്‍ജിനീയറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് (28) എന്നിവരാണ് മരിച്ച മലയാളികള്‍. വിപ്രോയിലെ മറ്റ് മൂന്ന് എന്‍ജിനീയര്‍മാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍.

എം-1 മോട്ടോര്‍വേയില്‍ മില്‍ട്ടന്‍ കെയിന്‍സിനും ന്യൂപോര്‍ട്ട് പാഗ്‌നലിനും മധ്യേയാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ട ട്രക്കിന്റെ ഡ്രൈവര്‍ മദ്യപിച്ചതാണ് ദുരന്തകാരണമായതെന്ന് പോലീസ് സൂചിപ്പിച്ചു. ട്രക്ക് ഡ്രൈവര്‍മാര്‍ രണ്ടുപേരും പോലീസ് കസ്റ്റഡിയിലാണ്.