ബംഗാളില്‍ പശു മോഷ്ടാക്കളെന്നാരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു

Posted on: August 27, 2017 3:43 pm | Last updated: August 27, 2017 at 9:48 pm

കൊല്‍ക്കത്ത: പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് മുസ്ലീം യുവാക്കളെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലാണ് സംഭവം. അസം സ്വദേശിയായ ഹാഫിസുള്‍ ഷെയ്ഖ്, കൂച്ച്‌ബെഹര്‍ സ്വദേശി അന്‍വര്‍ ഹുസൈന്‍ എന്നിവരെയാണ് കൊന്നത്. ദുഗ്പുരി ടൗണിന് സമീപത്ത് വച്ച് ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് യുവാക്കള്‍ ആക്രമിക്കപ്പെട്ടത്.

യുവാക്കള്‍ പിക്കപ്പ് വാനില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. വാനില്‍ ഏഴ് പശുക്കള്‍ ഉണ്ടായിരുന്നു. അക്രമികള്‍ വാന്‍ തടയാന്‍ ശ്രമിച്ചെങ്കിലും വാന്‍ നിര്‍ത്തിയില്ല. ഇതേതുടര്‍ന്ന് പിന്നാലെ എത്തി ആക്രമിക്കുകയായിരുന്നു. വാന്‍ െ്രെഡവര്‍ ഓടി രക്ഷപെട്ടു. പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
അതേസമയം കൊല്ലപ്പെട്ടവര്‍ പശുക്കളെ മോഷ്ടിച്ചു എന്നതിന് സ്ഥിരീകരണമില്ലെന്ന് പോലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി