ഗുര്‍മീതിനെതിരായ വിധി നാളെ; ഉത്തരേന്ത്യ കലാപ ഭീതിയില്‍

Posted on: August 27, 2017 2:46 pm | Last updated: August 27, 2017 at 7:54 pm

സിര്‍സ : ഗുര്‍മീത് റാം റഹീമിനെതിരായ മാനഭംഗക്കേസില്‍ തിങ്കളാഴ്ച വിധി പ്രസ്താവിക്കാനിരിക്കെ, ദേര സച്ചാ സൗദ ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കി. ചണ്ഡിഗഡില്‍നിന്നും 250 കിലോ മീറ്റര്‍ ദൂരെ സിര്‍സയിലാണ് ദേര സച്ച സൗദയുടെ ആസ്ഥാനം. ആയിരം ഏക്കര്‍ വരുന്ന ആശ്രമത്തില്‍ ഏകദേശം 30,000ത്തോളം അനുയായികളുണ്ടെന്നാണ് കണക്കാക്കുന്നത്. ആശ്രമം വിട്ടു പുറത്തുവരാനുള്ള ആവശ്യത്തിന് ഇവര്‍ െചവികൊടുക്കാത്തത് അധികൃതരെ വലയ്ക്കുന്നുണ്ട്. ഇതിനു പുറമെ, മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഒട്ടനവധി അനുയായികള്‍ ആശ്രമം സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പതിനഞ്ചുവര്‍ഷം പഴക്കമുള്ള മാനഭംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെ അഞ്ചു സംസ്ഥാനങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഘര്‍ഷ സാധ്യതയെക്കുറിച്ച് നേരത്തേതന്നെ മുന്നറിയിപ്പു ലഭിച്ചിരുന്നെങ്കിലും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തിയ ഹരിയാന സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിമര്‍ശനത്തിന് വിധേയരായിരുന്നു. ഈ പശ്ചാത്തലത്തില്‍, ഗുര്‍മീതിനുള്ള ശിക്ഷ വിധിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള സുരക്ഷാ പ്രശ്‌നങ്ങളെ നേരിടാനുള്ള തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍.

റാം റഹിമിന്റെയും ആശ്രമങ്ങളുടെയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. 552 ദേര അനുയായികളെ കസ്റ്റഡിയിലെടുത്തു. ഗുര്‍മീത് റാം റഹിം സിങ്ങിന്റെ കേസുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ പേരില്‍ രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍ അഞ്ചു പേരെ അറസ്റ്റു ചെയ്തു. ഗുര്‍മീതിന്റെ ജന്മസ്ഥലം ശ്രീഗംഗാനഗറിനു സമീപമാണ്.