നിയമം കയ്യിലെടുത്താല്‍ ശക്തമായ നടപടി; ദോരാ സച്ച സൗദക്കെതിരെ പ്രധാനമന്ത്രി

Posted on: August 27, 2017 11:50 am | Last updated: August 28, 2017 at 9:33 am

ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ കുറ്റക്കാരനായ ദേരാ സച്ച സൗദ ആള്‍ദൈവം ഗുര്‍മിത് റാം റഹീം സിംഗിന്റെ അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലും അഴിഞ്ഞാടിയതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മോദി പറഞ്ഞു. മതത്തിന്റേയോ, രാഷ്ട്രീയത്തിന്റേയോ മറ്റു വിഷയങ്ങളുടേയോ പേരു പറഞ്ഞ് ആര് നിയമം കൈയിലെടുത്താലും ശക്തമായ നടപടി ഉണ്ടാവുമെന്നും പതിവ് റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെ മോദി മുന്നറിയിപ്പ് നല്‍കി.

കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കലാപകാരികളെ സംരക്ഷിച്ചു എന്ന് നിശിതമായി പറഞ്ഞ കോടതി, മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ബി. ജെ. പിയുടേതല്ലെന്നും പരുഷമായ ഭാഷയില്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. കലാപം തടയാതിരുന്നതിന് പിന്നില്‍ ബി.ജെ. പിയുടെ രാഷ്ട്രീയമാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു