Connect with us

Editorial

377ാം വകുപ്പ് ഇല്ലാതാകുമ്പോള്‍

Published

|

Last Updated

സ്വവര്‍ഗ രതി വിലക്കുന്ന സെക്ഷന്‍ 377 റദ്ദാകുന്നത് ലൈംഗിക അരാജകത്വം വര്‍ധിക്കാനിടയാക്കുമെന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു. സ്വകാര്യത മൗലികാവകാശമാക്കി പ്രഖ്യാപിച്ച ഭരണ ഘടനാ ബഞ്ചിന്റെ വിധിയാണ് 377ാം വകുപ്പ് ദുര്‍ബലമാക്കുന്നത്. ഫലത്തില്‍ അത് റദ്ദാക്കിയതിന് തുല്യമാണ്. ബ്രിട്ടീഷ് ഇന്ത്യ പാസ്സാക്കിയ നിയമങ്ങളില്‍ ഇക്കാലമത്രയും മാറ്റമില്ലാതെ തുടര്‍ന്ന വകുപ്പായിരുന്നു ഇത്. വ്യക്തിപരമായ ബന്ധങ്ങളും കുടുംബ ജീവിതവും വിവാഹവും പ്രത്യുത്പാദനവും ലൈംഗിക ജീവിതവുമെല്ലാം സ്വകാര്യതയില്‍ ഉള്‍പ്പെടുമെന്ന നിരീക്ഷണത്തിലാണ് ഭരണ ഘടനാ ബഞ്ച് സ്വവര്‍ഗലൈംഗികത അനുവദനീയമാക്കിയത്.
സ്വതന്ത്ര ലൈംഗിക വാദികളുടെയും പുരോഗമന വാദികളുടെയും ലിബറല്‍ ചിന്താഗതിക്കാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഉഭയ സമ്മതത്തോടെയുള്ള ഏത് ലൈംഗിക ബന്ധവും നിയമവിധേയമാക്കണമെന്നത്. ഇത് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് 2001-ല്‍ നാസ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടന ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നതോടെയാണ് വിഷയം കോടതി കയറുന്നത്. കോടതി തുടക്കത്തില്‍ ഇത് നിരാകരിച്ചെങ്കിലും നാസ് ഫൗണ്ടേഷന്‍ സമര്‍പ്പിച്ച റിവ്യൂ പെറ്റീഷനില്‍ 2009 ജൂലൈ 2ന് ഹരജിക്കാരുടെ ആവശ്യം അംഗീകരിച്ച് അത് നിയമ വിധേയമാക്കി. എന്നാല്‍ പാര്‍ലിമെന്റിനാണ് 377ാം വകുപ്പ് തിരുത്താനോ പിന്‍വലിക്കാനോ അധികാരമെന്ന് ചൂണ്ടിക്കാട്ടി 2013 ഡിസംബറില്‍് സുപ്രീം കോടതി ഡല്‍ഹി കോടതിയുടെ വിധി പ്രസ്താവം റദ്ദാക്കുകയും 377ാം വകുപ്പ് പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടൊപ്പം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട തിരുത്തല്‍ ഹരജികള്‍ ഭരണഘടനാ ബഞ്ചിന് വിടുകയുമുണ്ടായി. നിയമത്തില്‍ മാറ്റം വരുത്താനുള്ള അധികാരം സര്‍ക്കാറിനാണെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള ഉത്തരവ് നിരാകരിച്ചു കൊണ്ടാണിപ്പോള്‍ ഭരണഘടനാ ബഞ്ച് സ്വവര്‍ഗ ലൈംഗികത നിരോധിക്കുന്ന വകുപ്പ് ദുര്‍ബലമാക്കിയിരിക്കുന്നത്.

ലൈംഗികത കേവലമൊരു സുഖാസ്വാദനമല്ല. മാനസികാരോഗ്യവും കുടുംബ ഭദ്രതയും സാമൂഹിക ജീവിതത്തിലെ സമാധാനവുമായി ബന്ധപ്പെട്ടതു കൂടിയാണ്. ഇതര ജീവികളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകത്തിലൊന്ന് സംസ്‌കാരമാണ്. മനുഷ്യേതര ജീവികളുടെ ലൈംഗികസദാചാരം ജൈവബന്ധിതമാണെങ്കില്‍ മനുഷ്യന്റേത് സംസ്‌കാരബന്ധിതം കൂടിയായിരിക്കണം. വിവേചന ബുദ്ധിയും വിവേകവുമില്ലാത്ത മൃഗങ്ങളുടെ രീതിയാണ് അനിയന്ത്രിതമായ ലൈംഗികത. ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് കുടുംബത്തിന്റെ കെട്ടുറപ്പിനെയും സാമൂഹികഘടനയെയും തകര്‍ക്കും. വിവാഹമോചനം തേടി കുടുംബകോടതികളിലെത്തുന്ന കേസുകളില്‍ വലിയൊരു ശതമാനത്തിന് വിവാഹേതര, പ്രകൃതിവിരുദ്ധ ബന്ധങ്ങളാണ് കാരണമെന്ന് അഭിഭാഷ ലോകം സാക്ഷ്യപ്പെടുത്തുന്നു. ഗുരുതരമായ രോഗങ്ങളും അത് സൃഷ്ടിക്കും. സ്വവര്‍ഗരതിക്കാരില്‍ എച്ച് ഐ വിപോലുള്ള മാരകരോഗങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിയതാണ്. മനുഷ്യരിലുണ്ടാകുന്ന മിക്ക ലൈംഗിക രോഗങ്ങള്‍ക്കും കാരണം വിവാഹേതര ലൈംഗികതയാണ്.

പാശ്ചാത്യ സംസ്‌കാരത്തെ അനുകരിച്ചു രാജ്യത്തെ യുവസമൂഹം എല്ലാ സീമകളെയും ലംഘിച്ചു കൊണ്ടിരിക്കുകയാണ്. വിവാഹേതര സ്ത്രീ- പുരുഷ സൗഹൃദങ്ങള്‍ വര്‍ധിച്ചു വരുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ ഓരോ മാസവും ശരാശരി 300 പേരാണത്രേ ഇണയിലൂടെ പിറന്ന കുഞ്ഞ് തന്റേതാണോ എന്ന് സ്ഥിരീകരിക്കാനായി ടെസ്റ്റ് നടത്തുന്നത്. ഇത്തരമൊരു സാമൂഹിക ഇടത്തില്‍ സ്വകാര്യ ലൈംഗികത നിയമവിധേയമാക്കുകയും കൂടി ചെയ്താല്‍ ഭാര്യയില്‍ ജനിക്കുന്ന കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയിക്കുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം വര്‍ധിക്കുകയും കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുകയും ചെയ്യും. പല പാശ്ചാത്യ രാജ്യങ്ങളും സ്വവര്‍ഗ രതിയെ നിയമ വിധേയമാക്കിയിട്ടുണ്ടെന്നാണ് അതിനെ അനുകൂലിക്കുന്നവര്‍ പറയുന്ന ന്യായം. എന്നാല്‍ ഉഗാണ്ട പോലുള്ള രാജ്യങ്ങള്‍ ഇത് ജീവപര്യന്തം തടവ് ലഭിക്കുന്ന കുറ്റകൃത്യമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നതും കാണാതെ പോകരുത്. പലരും അവിഹിത, സ്വവര്‍ഗ ബന്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് അതൊരു ശിക്ഷാര്‍ഹമായ കുറ്റകൃത്യമായതു കൊണ്ടാണ്. ശിക്ഷാഭയം ഇല്ലാതാകുന്നതോടെ സമൂഹത്തില്‍ ലൈംഗികാരാജകത്വവും വര്‍ധിക്കും. സൗഹൃദം സ്ഥാപിച്ചു സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്ന യുവാക്കളുടെയും ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടുന്ന സ്ത്രീകളുടെയും കഥകള്‍ പലപ്പോഴായി പുറത്തു വരാറുണ്ട്. അത്തരം തട്ടിപ്പുകാര്‍ക്കും കുറ്റവാളികള്‍ക്കും വഴിവിട്ട ലൈംഗികതക്കുള്ള അനുമതി അനുഗ്രഹമാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകാനും ഇത് ഇടയാക്കും. പരിഷ്‌കാരത്തിന്റെ മേല്‍വിലാസത്തില്‍ ലൈംഗികാഭാസങ്ങള്‍ ന്യായീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന നവലിബറലിസ്റ്റുകളും പുരോഗമനത്തിന്റെ മേലങ്കിയണിഞ്ഞ ലൈംഗിക വെറിയന്മാരുമല്ലാതെ സാംസ്‌കാരിക, സദാചാര ബോധം കാത്തുസൂക്ഷിക്കുന്നവരും ജീവിതത്തില്‍ സംശുദ്ധിയും മാന്യതയും ആഗ്രഹിക്കുന്നവരും കോടതി വിധിയെ പിന്തുണക്കുമെന്നു തോന്നുന്നില്ല.

Latest