ഹജ്ജ് യാത്രയുടെ മാനങ്ങള്‍

  ഇസ്ലാമിന്റെ ജന്മ ദേശമാണ് മക്ക. അവിടെ നിന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് കടലും മരുഭൂമിയും കടന്നെത്തിയതാണ് ഇസ്ലാം. ആ മക്കയിലേക്കുള്ള വിശ്വാസിയുടെ തിരിച്ചുള്ള യാത്രയാണ് ഹജ്ജ്. മക്കയില്‍ നിന്നും മക്കയിലേക്ക് തിരിച്ചും എന്നതാണ് ആ യാത്രയുടെ പൊരുള്‍. ഭൂമിയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട ആരാധനാലയത്തിലേക്കാണ് ഈ യാത്ര. മക്കയിലേക്കുള്ള ഈ യാത്ര യഥാര്‍ഥത്തില്‍, സ്രഷ്ടാവിലേക്കുള്ള യാത്രയാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം സ്വന്തം വേരുകളിലേക്കുള്ള യാത്രയാണിത്. ഇസ്ലാമിന്റെ, മനുഷ്യ സമൂഹത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ആ വേരുകള്‍. അവിടെ നിന്നാണ് വിശ്വാസി ഊര്‍ജം സ്വീകരിക്കുന്നത്. വളരാന്‍, വളര്‍ന്നു പന്തലിക്കാന്‍ വേരുകള്‍ കൂടിയേ തീരുകയുള്ളൂ. പിന്നോട്ട് നന്നായി കാലൂന്നിയാലേ മുന്നോട്ടേക്കു നന്നായി ഓടാന്‍ കഴിയൂ എന്നത് ഓട്ടമത്സരത്തിലെ ഒരു തത്വമാണ്. മുന്നോട്ടുള്ള യാത്ര എളുപ്പമുള്ളതാക്കാനാണ് ഒരു മുസ്‌ലിം അവന്റെ ചരിത്രത്തിലേക്ക്, മക്കയിലേക്ക്, മദീനയിലേക്ക് ഹജ്ജിലേക്കു യാത്ര പുറപ്പെടുന്നത്.
Posted on: August 27, 2017 9:56 am | Last updated: August 29, 2017 at 5:59 pm

ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാന ശിലകളില്‍ ഒന്നാണ് ഹജ്ജ്. സത്യസാക്ഷ്യം, നിസ്‌കാരം, വ്രതം, സകാത്ത് എന്നിങ്ങനെ നാല് കാര്യങ്ങളും ഏതൊരാള്‍ക്കും അയാള്‍ എവിടെയാണോ ഉള്ളത്, അവിടെ വെച്ചു സ്വകാര്യമായി നിര്‍വഹിക്കാന്‍ സാധിക്കും. പക്ഷേ ഹജ്ജിന്റെ കാര്യം വ്യത്യസ്തമാണ്. അത് നിര്‍വഹിക്കാന്‍ അയാള്‍ താന്‍ നില്‍ക്കുന്നേടത്തു നിന്ന് യാത്ര പോകണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ ഹജ്ജ് നിര്‍വഹിക്കുന്നതിനു വേണ്ടി മക്കത്തേക്കു യാത്രപോകുന്നത് അതുകൊണ്ടാണ്. മക്കയിലുള്ളവരുടെയും സ്ഥിതി വ്യത്യസ്തമല്ല. അവര്‍ക്കും ഹജ്ജിനു വേണ്ടി യാത്ര ചെയ്‌തേ മതിയാകൂ. മക്കയില്‍ സ്ഥിര താമസക്കാരനായ ഒരാള്‍ ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ വീട്ടില്‍ നിന്ന് ഇഹ്റാം ചെയ്ത് അറഫയില്‍ പോയി തിരിച്ചുവരണം. ചുരുക്കത്തില്‍, മനുഷ്യനെ, അവന്‍ കാലങ്ങളായി പെരുമാറി ശീലിച്ച സ്ഥലത്തു നിന്ന്, അവന്റെ സ്ഥിര താവളത്തില്‍ നിന്ന്, ആവാസ വ്യവസ്ഥയില്‍ നിന്ന് പുറത്തേക്കു കൊണ്ടു വന്നു വേണം ഹജ്ജ് ചെയ്യാന്‍.
ഹജ്ജ് എന്ന അറബി വാക്കിന്റെ ഒരു ഭാഷാ അര്‍ഥം തന്നെ കഅബത്തെ കരുതുക എന്നതാണ്. ഒരേ സമയം ശരീരം കൊണ്ടു ഒരാള്‍ പുറത്തേക്കു നടത്തുന്ന യാത്രയെയും, മനസ്സുകൊണ്ട് അകമേ നടത്തുന്ന കരുതലിന്റെയും (നിയ്യത്തിനെയും) ആണ് ഹജ്ജ് എന്ന പദം തന്നെ വിവക്ഷിക്കുന്നത്. എന്തുകൊണ്ടാണ്, ഇസ്ലാമിലെ മറ്റു നിര്‍ബന്ധ ആരാധനകളില്‍ നിന്നും വ്യത്യസ്തമായി ഹജ്ജ് നിര്‍വഹിക്കാന്‍ ഒരാള്‍ യാത്ര ചെയ്യേണ്ടി വരുന്നത്? യാത്രക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന മതമാണ് ഇസ്ലാം. ഒരു നല്ല വിശ്വാസിയെ വഴിയാത്രക്കാരനോടാണ് ഇസ്ലാം ഉപമിക്കുന്നത് എന്നതില്‍ നിന്ന് തന്നെ യാത്രയുടെ പ്രാധാന്യം മനസ്സിലാക്കാം. ഒരാളെ നന്നായി മനസ്സിലാകണമെങ്കില്‍ അയാളുടെ കൂടെ യാത്ര ചെയ്തു നോക്കാനാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്.
ഇസ്ലാമിക ചരിത്രം തന്നെ ഒരര്‍ഥത്തില്‍ അമ്പിയാക്കളുടെയും അനുചരന്മാരുടെയും യാത്രകളുടെ ചരിത്രമാണ്. അവസാനത്തെ നബി മുഹമ്മദ് (സ്വ)യുടെ ജീവിതം തന്നെയാണ് ഇതിന്റെ മികച്ച ഉദാഹരണം. ചെറുപ്രായത്തില്‍ തന്നെ റസൂല്‍ (സ്വ) വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി വിവിധ ഇടങ്ങളിലേക്ക് യാത്രകള്‍ നടത്തിയതായി കാണാം. ഇസ്ലാമിന്റെ ചരിത്രത്തെ തന്നെ കീഴ്‌മേല്‍ മറിച്ചത് മക്കയില്‍ നിന്ന് മദീനയിലേക്ക് നബി തങ്ങള്‍ നടത്തിയ യാത്രയാണ്. അതൊരു നിര്‍ബന്ധിത പലായനം കൂടിയായിരുന്നു. മദീനയില്‍ നിന്ന് തിരിച്ചു മക്കയിലേക്കുള്ള നബി തിരുമേനിയുടെ യാത്ര, മറ്റൊരു നിര്‍ണായക സന്ദര്‍ഭമായിരുന്നു. പ്രവാചകരുടെ അത്ഭുത യാത്ര എന്ന് വിശേഷിപ്പിക്കുന്ന ഇസ്റാഅ് – മിഅ്‌റാജ്, ഇസ്ലാം മത സമൂഹത്തെ എങ്ങനെ പുതുക്കിപ്പണിതു എന്നത് ചരിത്രത്തിന്റെ ഭാഗമാണല്ലോ. യുക്തിക്കും അപ്പുറത്തേക്കുള്ള അനുഭവത്തിലേക്ക് യാത്ര ചെയ്യാനുള്ള ആഹ്വാനം കൂടിയായിരുന്നു ഇസ്റാഅ് മിഅ്‌റാജ്.
ഇങ്ങനെ, യാത്രകളിലൂടെ നിര്‍മിക്കപ്പെടുകയും പുനരുദ്ധരിക്കപ്പെടുകയും ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന മതമാണ് ഇസ്ലാം. കപ്പല്‍ സാങ്കേതിക വിദ്യ വികസിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി സമുദ്ര ഗവേഷകരും ചരിത്രകാരന്മാരും ചൂണ്ടിക്കാണിക്കുന്നത് ഇസ്ലാം യാത്രക്ക് നല്‍കിയ പ്രാധാന്യത്തെയാണ്. കപ്പല്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ യാത്രാ പ്രിയരായ സൂഫികള്‍ക്കും മത പ്രബോധകര്‍ക്കും മുസ്‌ലിം മത പണ്ഡിതര്‍ക്കുമുള്ള പങ്കിനെ കുറിച്ച് ഇന്ന് ഒട്ടനവധി പഠനങ്ങള്‍ പുറത്തുവരുന്നുണ്ട്. ക്ലാസിക്കല്‍ ഷിപ്‌സ് ഇന്‍ ഇസ്ലാം എന്ന ഈയിടെ നെതര്‍ലാന്‍ഡ്സില്‍ പ്രസിദ്ധീകരിച്ച ബൃഹത്തായ ഗ്രന്ഥം ഇക്കാര്യങ്ങളൊക്കെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അല്ലാഹു അവന്റെ അന്ത്യ റസൂല്‍ (സ്വ)യെ എന്ത് കൊണ്ടാണ് അറബ് ലോകത്ത് നിന്ന് തന്നെ തിരഞ്ഞെടുത്തത് എന്നതിനെ കുറിച്ച് നിരവധി ആലോചനകള്‍ ഉണ്ടായിട്ടുണ്ട്. സിറിയയില്‍ നിന്നുള്ള ലോക പ്രശസ്ത പണ്ഡിതനായിരുന്ന, 2013ല്‍ തീവ്രവാദികളാല്‍ കൊലചെയ്യപ്പെട്ട ഡോ. സഈദ് റമദാന്‍ ബൂത്തി ഇതേ കുറിച്ച് പറഞ്ഞ ഒരു കാരണം അറബികളുടെ കച്ചവട പാരമ്പര്യവും അതിനുവേണ്ടി പുറം നാടുകളിലേക്ക് നടത്തിയ യാത്രകളും ആണ്. പില്‍ക്കാലത്ത് ഇസ്‌ലാം ലോകം മുഴുവന്‍ വ്യാപിക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് അറബികള്‍ കച്ചവടത്തിന് വേണ്ടി നടത്തിയ യാത്രകളായിരുന്നു എന്ന് നമുക്കറിയാമല്ലോ. അത്തരം യാത്രകളുടെ തുടര്‍ച്ച കൂടി നമുക്ക് ഹജ്ജില്‍ കാണാന്‍ കഴിയും.
ഇസ്ലാമിന്റെ ജന്മ ദേശമാണ് മക്ക. അവിടെ നിന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് കടലും മരുഭൂമിയും കടന്നെത്തിയതാണ് ഇസ്ലാം. ആ മക്കയിലേക്കുള്ള വിശ്വാസിയുടെ തിരിച്ചുള്ള യാത്രയാണ് ഹജ്ജ്. മക്കയില്‍ നിന്നും മക്കയിലേക്ക് തിരിച്ചും എന്നതാണ് ആ യാത്രയുടെ പൊരുള്‍. ഭൂമിയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട ആരാധനാലയത്തിലേക്കാണ് ഈ യാത്ര. മക്കയിലേക്കുള്ള ഈ യാത്ര യഥാര്‍ഥത്തില്‍, സ്രഷ്ടാവിലേക്കുള്ള യാത്രയാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം സ്വന്തം വേരുകളിലേക്കുള്ള യാത്രയാണിത്. ഇസ്ലാമിന്റെ, മനുഷ്യ സമൂഹത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ആ വേരുകള്‍. അവിടെ നിന്നാണ് വിശ്വാസി ഊര്‍ജം സ്വീകരിക്കുന്നത്. വളരാന്‍, വളര്‍ന്നു പന്തലിക്കാന്‍ വേരുകള്‍ കൂടിയേ തീരുകയുള്ളൂ. പിന്നോട്ട് നന്നായി കാലൂന്നിയാലേ മുന്നോട്ടേക്കു നന്നായി ഓടാന്‍ കഴിയൂ എന്നത് ഓട്ടമത്സരത്തിലെ ഒരു തത്വമാണ്. മുന്നോട്ടുള്ള യാത്ര എളുപ്പമുള്ളതാക്കാനാണ് ഒരു മുസ്‌ലിം അവന്റെ ചരിത്രത്തിലേക്ക്, മക്കയിലേക്ക്, മദീനയിലേക്ക് ഹജ്ജിലേക്കു യാത്ര പുറപ്പെടുന്നത്.
ഒരര്‍ഥത്തില്‍ അപരിചിതമായ പ്രദേശത്തേക്കാണ് ഈ യാത്ര എങ്കിലും എത്തിപ്പെടാനുള്ള പ്രദേശവുമായി, അതായത് മക്കയുമായി വളരെ നേരത്തെ തന്നെ ഒരു പരിചയം ഓരോ വിശ്വാസിയും സൃഷ്ടിച്ചെടുക്കുന്നുണ്ട്. അഞ്ച് നേരത്തെ നിസ്‌കാരത്തില്‍, ഉറക്കത്തില്‍, മരണത്തില്‍, ഒടുവില്‍ ഖബറില്‍ എല്ലാം മക്കയിലെ കഅബക്കു നേരെ അഭിമുഖമായി നില്‍ക്കുക എന്നത് വിശ്വാസിയുടെ സ്വഭാവമാണ്. ഭൗതിക ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നിന്നും അതിന്റെ പ്രലോഭനങ്ങളില്‍ നിന്നും ആലസ്യത്തില്‍ നിന്നും കഅബ വിശ്വാസിയുടെ ശ്രദ്ധ ക്ഷണിക്കുന്നു.
എല്ലാ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും മക്കയിലെ കഅബക്ക് നേരെ മുഖം തിരിച്ചു വേണം ചെയ്യാന്‍ എന്നത് വിശ്വാസികളുടെ ദൈനംദിന ജീവിതവുമായി ഈ നഗരം എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ അടയാളമാണ്. ഒരു വിശ്വാസി ഒരു ദിവസം നിര്‍ബന്ധമായും ഏറ്റവും കുറഞ്ഞത് അഞ്ച് നേരം കഅബയിലേക്കു തിരിഞ്ഞു നിന്നെ മതിയാകൂ. വീട്ടില്‍ നിന്നൊരാള്‍ ഹജ്ജ് യാത്രക്കിറങ്ങിയാല്‍ ഒരുപാട് നഗരങ്ങളെയും രാജ്യങ്ങളെയും പ്രദേശങ്ങളെയും കടലിനെയും കരയെയും ജന സമൂഹങ്ങളെയും കടന്നാണ് മക്കയിലേക്കും മദീനയിലേക്കും എത്തുന്നത്. ദീര്‍ഘമായ യാത്രയാണത്. പ്രയാസങ്ങളും സന്തോഷങ്ങളും ഉള്ള യാത്ര. പക്ഷേ, അവയൊന്നും വിശ്വാസിയെ ബാധിക്കുന്നില്ല. മക്ക എന്ന വികാരം ആ യാത്രികനെ കൂടുതല്‍ ഏകാഗ്രത ഉള്ളവനാക്കി മാറ്റുന്നുണ്ട് എന്നത് തന്നെ കാരണം. മുട്ടയിടാന്‍ വേണ്ടി മാത്രം കിലോമീറ്ററുകള്‍ യാത്ര ചെയ്യുന്ന കടലാമകളെ കുറിച്ച് നാം വായിക്കാറുണ്ട്. അതുപോലെ, ചില ദേശാടന പക്ഷികള്‍ പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ യാത്ര ചെയ്ത് കേരളത്തിലെ തീര പ്രദേശങ്ങളിലെത്തുന്നത് കുറഞ്ഞ ദിവസം മാത്രം ഇവിടെ നില്‍ക്കാനാണ്. ശേഷം അവ തിരിച്ചു പോയി തങ്ങളുടെ ജീവിതം തുടരുന്നു. ഹജ്ജ് യാത്ര ഒരര്‍ഥത്തില്‍ അങ്ങിനെയാണ്. പിന്നീടുള്ള ജീവിതത്തിനു വേണ്ടി ഊര്‍ജം സംഭരിക്കാനാണ് ഈ യാത്ര.
ഹജ്ജ് ഒരു ആരാധനയാണ്. അതേസമയം ഹജ്ജ് മറ്റു പല ആരാധനകളിലേക്കും ലോകത്തേക്കുമുള്ള വഴികാട്ടിയാണ്. അറിവിന്റെ വ്യാപനത്തില്‍ ഹജ്ജ് വഹിച്ച പങ്ക് നിസ്തുലമാണ്. പണ്ട് യാത്രാ സൗകര്യങ്ങളൊന്നും ഇതുപോലെ വ്യാപകമാകാതിരുന്ന കാലത്ത്, പണ്ഡിതന്മാര്‍ പരസ്പരം കാണാനും സംവദിക്കാനുമുള്ള വേദിയായി ഉപയോഗിച്ചത് ഹജ്ജിനെ ആണ്. അങ്ങനെ ഹജ്ജ് അറിവിലേക്കുള്ള കവാടം കൂടിയാണ്. ഹജ്ജിനു പോയി പിന്നീട് മക്കയില്‍ വിജ്ഞാന സപര്യയില്‍ ഏര്‍പ്പെട്ട നിരവധി പണ്ഡിതന്മാര്‍ കേരളത്തില്‍ നിന്ന് തന്നെ ഉണ്ട്. സൈനുദ്ദീന്‍ മഖ്ദൂമിനെ പോലുള്ളവര്‍ ഉദാഹരണം. അതുപോലെ, മുസ്‌ലിം ലോകത്ത് കച്ചവടം വ്യാപിപ്പിക്കുന്നതിലും ഹജ്ജ് വലിയ പങ്കു വഹിച്ചതായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ ഒരു ആരാധനക്കും അപ്പുറത്തേക്കുള്ള സാമൂഹിക മാനങ്ങള്‍ ഹജ്ജിനു കൈവരുന്നു. ആരാധനകള്‍ പലപ്പോഴും വൈയക്തികമായ അനുഭവമായാണ് മനസ്സിലാക്കപ്പെടാറുള്ളത്. കേരളത്തില്‍ നിന്ന് ഒരാള്‍ക്ക് ഹജ്ജിനു പോകണമെങ്കില്‍ അയാള്‍ മാത്രം വിചാരിച്ചാല്‍ മതിയാകില്ല.
സാങ്കേതിക വിദ്യകളും നയതന്ത്ര ബന്ധങ്ങളും തുടങ്ങി ഒരുപാട് ഘടകങ്ങള്‍ ഇന്ന് ഹജ്ജ് യാത്രയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഗവണ്‍മെന്റും ഗവണ്‍മെന്റേതരവുമായ നിരവധി ഘടകങ്ങള്‍ കൂടി ചേര്‍ന്നതാണ് ഇന്നത്തെ ഹജ്ജ് യാത്ര. അതുകൊണ്ടു തന്നെ, വൈയക്തികമായ അനുഭവത്തെ രൂപപ്പെടുത്തുന്ന നിരവധി ഘടകങ്ങള്‍ ഇന്നുണ്ട്. ആഗോള ഗ്രാമത്തെ കുറിച്ചൊക്കെ നാം ഇന്ന് സംസാരിക്കാറുണ്ട്. ഇത്തരം ആലോചനകളൊക്കെ വ്യാപകമാകുന്നതിനും മുമ്പ് തന്നെ കുഗ്രാമത്തില്‍ ജീവിക്കുന്ന ഒരാളെ വിശാലമായ മറ്റു ലോകങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തിയായി ഹജ്ജ് മാറിയിട്ടുണ്ട്. ഒരു മുസ്‌ലിം വിശ്വാസി ആഗോള പ്രതലത്തില്‍ നിന്ന് കൊണ്ടു നടത്തുന്ന പ്രവൃത്തിയാണ് ഹജ്ജ്. ഹജ്ജ് കര്‍മം മുസ്‌ലിംകളെ ചരിത്രത്തിലേക്കു കൊണ്ടുപോകുന്നു. നിരവധി സ്മരണകളാണ് ഹജ്ജിലെ ഓരോ കര്‍മങ്ങളും പകരുന്നത്. ഇബ്‌റാഹീം നബി(അ), മകന്‍ ഇസ്മാഈല്‍ (അ) എന്നിവരും വലിയ്യത്തുകളായ സാറാ ബീവിയും ഹാജറാ ബീവിയും നടത്തിയ ത്യാഗോജ്വലമായ ജീവിതത്തിന്റെ വിവിധ അനുഭവങ്ങളെയും സന്ദര്‍ഭങ്ങളെയും ആണല്ലോ ഹജ്ജ് കര്‍മത്തിലൂടെ വിശ്വാസികള്‍ നിര്‍വഹിക്കുന്നത്.