തീരദേശ, മലയോര ഹൈവേ : കിഫ്ബി വഴി നടപ്പാക്കും

Posted on: August 26, 2017 11:36 pm | Last updated: August 26, 2017 at 11:36 pm

തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ അതിവേഗ അംഗീകാരത്തിനും ധനസമാഹരണത്തിനുമുള്ള കേരള സര്‍ക്കാര്‍ ഏജന്‍സിയായ കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്) മുഖാന്തരം നടപ്പാക്കുന്ന തീരദേശ, മലയോര ഹൈവേകള്‍ക്കായി 12000 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്.
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി ഇനിയുള്ള കാലത്ത് കൂടുതലും നിക്ഷേപം കണ്ടെത്തേണ്ടി വരിക മൂലധന വിപണിയില്‍ നിന്നാണ്. ഈ നിക്ഷേപ സമാഹരണത്തിനായി നമുക്ക് ഒരു സംവിധാനം ആവശ്യമുണ്ട്. അതാണ് കിഫ്ബി. ടോള്‍ പിരിച്ചുകൊണ്ടുള്ള വരുമാന മാതൃക കേരളത്തില്‍ പ്രായോഗികമല്ലെന്നും കിഫ്ബി സംഘടിപ്പിച്ച ഉന്നതതല ദേശീയ സെമിനാറിന്റെ ഭാഗമായി ഡോ. ഐസക് പറഞ്ഞു.

നിലവില്‍ കിഫ്ബി വഴി അംഗീകരിച്ചു കഴിഞ്ഞ 6000 കോടി രൂപയുടെ പദ്ധതികള്‍ ടെന്‍ഡറിന് തയ്യാറായിട്ടുണ്ട്. കിഫ്ബി പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. അതിന്റെ പ്രാരംഭ നടപടി എന്ന നിലക്കാണ് ബേങ്കിംഗ്, നിക്ഷേപം, സെബി, കിഫ്ബി മാതൃകയിലുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്ത സെമിനാര്‍ നടത്തിയത്. ഇന്ത്യയിലെ മൂലധന വിപണി ഘടനാപരമായി മാറുകയാണ്. ഈ സാഹചര്യത്തില്‍ കിഫ്ബിയിലൂടെ കേരളം എടുത്ത മുന്‍കൈ സുപ്രധാനമാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെ കിഫ്ബി 25000 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയിലൂടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയും വികസനവും മാറുന്നത് അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കൊണ്ടു തന്നെ കാണാന്‍ സാധിക്കും. സംസ്ഥാനം നേരിടുന്ന സാമ്പത്തിക മുരടിപ്പിനെ മറികടക്കാന്‍ ഇതു സഹായിക്കും.

സാമൂഹിക അടിത്തറ വികസിപ്പിക്കുക എന്നതാണ് സംസ്ഥാനം ഇതുവരെ ചെയ്തിരുന്നത്. പുതിയ കര്‍മ മേഖലകള്‍ ഉടലെടുക്കുമ്പോള്‍ അതനുസരിച്ച് പരമ്പരാഗത മേഖലയില്‍ നിന്ന് വിജ്ഞാന, നൈപുണ്യ വ്യവസായങ്ങളിലേക്ക് കേരളം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.