വള്ളം തകര്‍ത്ത കപ്പല്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് ഫിഷറീസ് മന്ത്രി

Posted on: August 26, 2017 8:26 pm | Last updated: August 26, 2017 at 8:26 pm

കൊല്ലം: വള്ളം ഇടിച്ചു തകര്‍ത്ത കപ്പല്‍ കസ്റ്റഡിയിലെടുക്കുമെന്ന് മന്ത്രി. കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തിലിടിച്ച കപ്പല്‍ കസ്റ്റഡിയിലെടുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കപ്പല്‍ കസ്റ്റഡിയിലെടുക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളെ തീരത്തെത്തിക്കുന്നതിന് നേവിയുടെ സഹായം ഉള്‍പ്പെടെ സംസ്ഥാനം തേടിയിരുന്നു. വള്ളത്തിലുണ്ടായിരുന്ന ആറു പേരെ സമീപത്തുണ്ടായിരുന്ന മറ്റ് വള്ളങ്ങളിലുള്ളവരാണു രക്ഷപ്പെടുത്തിയത്. കൊല്ലം തീരത്തുനിന്നും 39 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യാന്തര കപ്പല്‍ ചാലിലായിരുന്നു അപകടം. ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

ആറു പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. കതാലിയ എന്ന് പേരുള്ള ഹോംങ്കോംഗ് കപ്പലാണ് വള്ളത്തില്‍ ഇടിച്ചത്. വള്ളത്തില്‍ ഇടിച്ചശേഷം കപ്പല്‍ നിര്‍ത്താതെ പോയി. ചൂണ്ടക്കാരുടെ വള്ളത്തിലാണ് കപ്പല്‍ ഇടിച്ചത്. ഒന്നിലേറെ ചൂണ്ടവള്ളങ്ങളില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പെട്ടത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആണ് അപകട വിവരം മന്ത്രിയെ അറിയിച്ചത്. വിവരം അറിഞ്ഞയുടന്‍ സര്‍ക്കാര്‍ തലത്തില്‍ നേവിയുടെ സഹായം തേടുകയായിരുന്നു. തൊഴിലാളികള്‍ നല്‍കിയ വിവരം അനുസരിച്ച് കപ്പല്‍ കണ്ടുപിടിക്കാന്‍ നേവിയുടെ ഹെലികോപ്ടര്‍ സഹായവും തേടിയിട്ടുണ്ട്. രാജ്യാന്തര കപ്പല്‍ ചാലുകളിലേക്ക് മീന്‍ പിടിക്കാന്‍ ചൂണ്ടവള്ളങ്ങളില്‍ പോകുന്നവര്‍ കൂട്ടത്തോടെയാണ് പോകുന്നതെന്നാണ് മന്ത്രി പറയുന്നത്.