സമ്പദ് വ്യവസ്ഥയില്‍ മാറ്റങ്ങളുടെ വേലിയേറ്റം

Posted on: August 26, 2017 3:17 pm | Last updated: August 26, 2017 at 3:17 pm

ഗള്‍ഫ് സമ്പദ് ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുകയാണ്. സഊദി അറേബ്യയിലടക്കം പുതിയൊരു രീതി സംജാതമാകുന്നു. വിദേശികള്‍ക്ക് 100 ശതമാനം അവകാശമുള്ള സ്ഥാപനങ്ങള്‍ മിക്ക രാജ്യങ്ങളും അംഗീകരിക്കുകയാണ്. സഊദിയില്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ വിദേശ നിക്ഷേപകര്‍ക്കും തുറന്നുകൊടുക്കുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഗവര്‍ണര്‍ ഇബ്രാഹീം അല്‍ ഉമര്‍ വ്യക്തമാക്കി. 1800 കോടി ഡോളറിന്റെ നിക്ഷേപം ഇതുവഴി എത്തുമെന്ന് കണക്കുട്ടല്‍.
യു എ ഇയില്‍ വിദേശികള്‍ക്ക് ദീര്‍ഘകാലത്തേക്ക് വീടും സ്ഥലവും വരെ സ്വന്തമാക്കാന്‍ കഴിയുന്ന നിയമം ഏതാനും വര്‍ഷം മുമ്പ് പ്രാബല്യത്തില്‍ വന്നിരുന്നു. ഇതിന്റെ ഫലമായി ഇന്ത്യയില്‍ നിന്നും മറ്റും ധാരാളം നിക്ഷേപം എത്തി. സ്വതന്ത്ര വ്യാപാരമേഖല എന്ന സങ്കല്‍പം മനോഹരമായി പ്രാവര്‍ത്തികമാക്കി, ലോകത്തിന് മാതൃകയാകാനും യു എ ഇക്ക് കഴിഞ്ഞു.

മുമ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍ ഇതായിരുന്നില്ല സ്ഥിതി. ഒരു സ്വദേശി പങ്കാളിത്തമില്ലാതെ സ്ഥാപനം കഴിയുമായിരുന്നില്ല. സ്വന്തമായി താമസയിടം സ്വപ്‌നം കാണാന്‍പോലും ആവില്ലായിരുന്നു. ഇന്ന്, ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായ ദുബൈയില്‍ ഫഌറ്റുകളും വില്ലകളും സ്വന്തമാക്കിയ എത്രയോ മലയാളികളുണ്ട്. ഒമാനില്‍ വിദേശികള്‍ക്ക് സ്വന്തമാക്കാന്‍ 5000 വില്ലകള്‍ ഒരുങ്ങുന്നു. സ്വദേശി പങ്കാളി പിടിച്ചെടുക്കുമെന്ന ഭയമില്ലാതെ വാണിജ്യ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാഖകള്‍ പടര്‍ത്തുകയും ചെയ്യുന്നത് ഗള്‍ഫില്‍ അനേകരാണ്.
എണ്ണവരുമാനം കുറഞ്ഞത് മാത്രമല്ല, മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഭരണകൂടങ്ങളെ പ്രേരിപ്പിക്കുന്നത്. കാലം ആവശ്യപ്പെടുന്നതിനെ ഉള്‍കൊണ്ട്, ഭീകരവാദത്തെയും അരാജകത്വത്തെയും ചെറുത്തുതോല്‍പിക്കുക എന്ന ദീര്‍ഘവീക്ഷണം നടപ്പാക്കുകയുമാണ്. എണ്ണവരുമാനം കുറഞ്ഞത് വികസനത്തെ ബാധിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യം. വികസനമില്ലെങ്കില്‍, തൊഴില്‍ രാഹിത്യം വര്‍ധിക്കും. യുവതീ യുവാക്കള്‍ക്കിടയില്‍ ഇത് വലിയ അസംതൃപ്തിക്ക് കാരണമാകും. അവര്‍, വിധ്വംസക ശക്തികളുടെ കൈയില്‍ അകപ്പെടും.
വിദേശികള്‍ ധാരാളമായി എത്തുന്നുണ്ടെങ്കിലും നിക്ഷേപം കാര്യമായി വരാറില്ലായിരുന്നു. പഴയ ചില നിയമങ്ങള്‍ കാരണം നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ കഴിയുന്നില്ലെന്ന് ഭരണകൂടം തിരിച്ചറിഞ്ഞു. സമൂലമായ പൊളിച്ചെഴുത്ത് അപകടമാണെന്നതിനാല്‍ ഓരോന്നും ഘട്ടം ഘട്ടമാ
യി നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. അങ്ങിനെ, പല ചുവടുവെപ്പുകള്‍ക്കു ശേഷം വേഗം കൂട്ടുകയാണ്.

ഇതിനിടയില്‍, എല്ലാ ഗള്‍ഫ് രാജ്യങ്ങളും തീരുവയും മൂല്യവര്‍ധിത നികുതിയും (വാറ്റ്) ഏര്‍പെടുത്താനുള്ള നടപടി കൈകൊള്ളുന്നു. എക്‌സൈസ് തീരുവ ഈ വര്‍ഷം ഓക്ടോബറില്‍ കമ്പോളത്തില്‍ പ്രതിഫലിക്കും. മൂല്യവര്‍ധിത നികുതി അടുത്തവര്‍ഷം ജനുവരി ഒന്നിന് നടപ്പില്‍വരും.
പുകയില ഉത്പന്നങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍, പഞ്ചസാരയുടെ അംശമുള്ള രാസപാനീയങ്ങള്‍ എന്നിവക്കാണ് ആദ്യഘട്ടത്തില്‍ എക്‌സൈസ് തീരുവ. പുകയില ഉത്പന്നങ്ങള്‍ക്കും ഊര്‍ജപാനീയങ്ങള്‍ക്കും നൂറ് ശതമാനം തീരുവ ഏര്‍പെടുത്തുമ്പോള്‍ വില ഇരട്ടിയാകും. രാസപാനീയങ്ങള്‍ക്ക് 50 ശതമാനമാണ് ഏര്‍പെടുത്തുക.

സിഗരറ്റ് വലിക്കുന്നവരും ഊര്‍ജപാനീയങ്ങള്‍ കുടിക്കുന്നവരും ഇരട്ടിവില നല്‍കുമ്പോള്‍ ഉപഭോഗം കുറയുമെന്ന് കണക്കുകൂട്ടലിലാണ് ഭരണകൂടം. ഖജനാവിലേക്ക് വരുമാനം കൂട്ടുകമാത്രമല്ല, ഇവിടെ ലക്ഷ്യം. ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങളുടെ ഉപഭോഗം കുറക്കലുമാണ്. മൂല്യവര്‍ധിത നികുതി അഞ്ചുശതമാനമായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഏതൊക്കെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ബാധകമാക്കണമെന്ന് അന്തിമ തീരുമാനമായിട്ടില്ല. ഭക്ഷ്യോത്പന്നങ്ങള്‍ക്കും നികുതി വന്നേക്കാം. വിദ്യാലങ്ങളെയും നഴ്‌സറികളെയും ചികിത്സാ കേന്ദ്രങ്ങളെയും ഔഷധങ്ങളെയും നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് യു എ ഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ബുസ്താനി പറഞ്ഞു. അടുത്തമാസം എല്ലാ സ്ഥാപനങ്ങളും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. വൈദ്യുതി, വെള്ളം, ഇന്റര്‍നെറ്റ് ഉപഭോഗത്തിന് ചെലവ് കൂടാനാണ് സാധ്യത. ലോകത്തെ മഹാഭൂരിപക്ഷം രാജ്യങ്ങളിലും നികുതിയുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ ഇതേവരെ ഈ ഭാരം ജനങ്ങളില്‍ ഏല്‍പിച്ചിരുന്നില്ല. പക്ഷേ, വികസനം ത്വരിതപ്പെടുത്താന്‍ ഇതല്ലാതെ വേറെ വഴിയില്ലെന്ന് ഭരണകൂടങ്ങള്‍ കരുതുന്നു. വലിയൊരു പരീക്ഷണം കൂടിയാണ് നികുതി സംവിധാനം. സമൂഹത്തില്‍ ഇത് എങ്ങിനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണാനേപറ്റൂ.