ആര്‍ ടി എ സ്മാര്‍ട് റെന്റല്‍ സേവനങ്ങളുടെ ഗുണമേന്മക്ക് ശില്‍പശാല

Posted on: August 26, 2017 3:05 pm | Last updated: August 26, 2017 at 3:05 pm

ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ (ആര്‍ ടി എ ) സ്മാര്‍ട് സേവനങ്ങളിലൂടെ ടാക്‌സികളില്‍ യാത്ര ചെയ്യുന്നവരുടെ അനുഭവങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സേവനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ശില്‍പശാല സംഘടിപ്പിച്ചു. ഇ കാര്‍, യുഡ്രൈവ് ആപുകള്‍ വഴി ആര്‍ ടി എ ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായുള്ള ശില്‍പശാലയില്‍ വിവിധ രാജ്യക്കാരായ ഉപഭോക്താക്കള്‍ പങ്കെടുത്തിരുന്നു. മികച്ച നിര്‍ദേശങ്ങളും ഉപഭോക്താക്കളുടെ അനുഭവങ്ങളും ശില്‍പാശാലയില്‍ ചര്‍ച്ചയാക്കിയിരുന്നു. ഉന്നത സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ടാക്‌സി സേവനങ്ങള്‍ മികവുറ്റതാക്കുന്നതിനുള്ള ഉപഭോക്താക്കളുടെ നിര്‍ദേശങ്ങള്‍ പ്രവര്‍ത്തന പഥത്തില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സിക്ക് കീഴിലെ ട്രാസ്‌പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ആദില്‍ ശാകിരി പറഞ്ഞു.

ആര്‍ ടി എ ഉന്നത സേവനങ്ങള്‍ നല്‍കുക മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ എത്രമാത്രം ഉപകാരപ്രദമാകുന്നുവെന്ന് തങ്ങള്‍ പരിശോധിക്കുന്നതിന് ശില്‍പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. ദുബൈ നഗരത്തെ ലോകോത്തരമായി സ്മാര്‍ടാക്കാന്‍ ഭരണകൂടം കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായി രൂപപ്പെടുത്തിയ സ്മാര്‍ട് റെന്റല്‍ കാര്‍ സര്‍വീസുകളുടെ മികവ് പരിശോധിക്കുന്നതിനാണ് ശില്‍പശാലകള്‍ ഉപയോഗിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച സ്മാര്‍ട് റെന്റല്‍ സേവനങ്ങളില്‍ 60,277 യാത്രകളാണ് വിവിധ രാജ്യക്കാരായ ഉപഭോക്താക്കള്‍ നടത്തിയത്. ദുബൈയുടെ 45 ഭാഗങ്ങളിലായാണ് ആര്‍ ടി എ സേവനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. റാശിദിയ, യൂണിയന്‍, ബുര്‍ജ്മാന്‍, ബിസിനസ് ബേ, ഇബ്ന്‍ ബത്തൂത്ത എന്നീ മെട്രോ സ്റ്റേഷനുകളിലും സ്മാര്‍ട് റെന്റല്‍ സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, ഫോട്ടോ എന്നിവ ഉപയോഗിച്ചു ആപുകളില്‍ പേര്‍ രജിസ്റ്റര്‍ചെയ്യാം. ഓരോ പ്രാവശ്യവും ബുക്കിംഗ് ചെയ്ത് സവാരി ആരംഭിക്കുംമുന്‍പ് ഉപഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.