വെട്ടിക്കളയുന്ന മുടി നശിപ്പിക്കേണ്ട വളമാക്കി മാറ്റാം

Posted on: August 26, 2017 11:27 am | Last updated: August 26, 2017 at 11:27 am

തൃശൂര്‍: മുറിച്ച് കളയുന്ന മുടി വളമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയുമായി കേരള കാര്‍ഷിക സര്‍വകലാശാല. മുടി കുമിഞ്ഞു കൂടുന്നത് വലിയ പ്രശ്‌നമാണെന്ന് കാട്ടി ബാര്‍ബേഴ്‌സ് അസോസിയേഷന്‍ സര്‍വകലാശാലയെ സമീപിച്ചിരുന്നു.

ജൈവ മാലിന്യ സംസ്‌കരണത്തിന് പല സാങ്കേതിക വിദ്യകളും ഉരുത്തിരിച്ചെടുത്ത സര്‍വകലാശാല തങ്ങള്‍ക്ക് വലിയ ബാധ്യതയാകുന്ന മുടി സംസ്‌കരിക്കാനും എന്തെങ്കിലും വഴി കണ്ടെത്തണമെന്നായിരുന്നു ആവശ്യം.

ഇതേത്തുടര്‍ന്ന് വൈസ് ചാന്‍സലറുടെ നിര്‍ദേശ പ്രകാരം വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജിലെ മൈക്രോ ബയോളജി വിഭാഗം നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് മുടിയെ ദ്രവ രൂപത്തിലുള്ള സസ്യ പോഷകമായി മാറ്റിയെടുത്തത്. മുടിനാരുകള്‍ കഴുകി വൃത്തിയാക്കിയ ശേഷം താപ- രാസപ്രക്രിയകളിലൂടെ ഉണ്ടാക്കിയ ലായനി നേര്‍പ്പിച്ച് തളിക്കുന്നതിലൂടെ ചെടികള്‍ക്ക് കൂടുതല്‍ വളര്‍ച്ചയും ആരോഗ്യവും ഉണ്ടാക്കാനായതായി പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ഡി ഗിരിജ പറഞ്ഞു.
സാധാരണ വളപ്രയോഗം നല്‍കിയ ചെടികളെക്കാള്‍ ആരോഗ്യവും വളര്‍ച്ചയും മുടിയില്‍ നിന്നുണ്ടാക്കിയ ദ്രാവകം മാത്രം തളിച്ച ചെടികളില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു.