Connect with us

Kerala

സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നം കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നുള്ള അകല്‍ച്ച: മന്ത്രി കടകംപള്ളി

Published

|

Last Updated

തൃപ്പൂണിത്തുറ: കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നുള്ള അകല്‍ച്ചയാണ് വര്‍ത്തമാന കേരളം നേരിടുന്ന സുപ്രധാനമായ സാമൂഹിക പ്രശനം എന്ന് സാംസ്‌കാരിക മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗവ. ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന അത്തഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക സാംസ്‌കാരികതയിലേക്കുള്ള മടക്കയാത്രക്ക് കേരള ജനതയെ സജ്ജമാകുന്നതിനു വിപുലമായ കര്‍മ പരിപാടികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുത്തിരിക്കുകയാണ്. ഹരിതകേരളം എന്നത് കേവലം രണ്ടുവാക്കല്ല എന്നും തിരിച്ചു പിടിക്കേണ്ട സംസ്‌കാരത്തനിമയാണെന്ന തിരിച്ചറിവ് എല്ലാ മലയാളികള്‍ക്കും സമ്മാനിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മില്‍ നിന്നും കൈവിട്ടു പോയ കാര്‍ഷിക സംസ്‌കാരത്തെയും മൂല്യങ്ങളെയും സംരക്ഷിക്കാന്‍ ഓരോ മലയാളിക്കും ഉത്തരവാദിത്തമുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നതാണ് ഹരിത കേരളം പദ്ധതി. ഓണ നാളുകള്‍ കാര്‍ഷിക സംസ്‌കാരത്തെ സംബന്ധിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കുക മാത്രമല്ല അതിലേക്കു തിരികെ പോകാനുള്ള പ്രതിജ്ഞ പുതുക്കല്‍ കൂടിയാണ് ഈ അത്താഘോഷമെന്നും ഉത്ഘാടന പ്രസംഗത്തില്‍ മന്ത്രി കൂട്ടി ചേര്‍ത്തു. തുടര്‍ന്ന്
സംസ്ഥാനത്തെ ഓണഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കംകുറിച്ചുകൊണ്ട് മന്ത്രി അത്തം നഗറില്‍ ഓണപതാക ഉയര്‍ത്തി.
ചടങ്ങില്‍ എം എല്‍ എ അനൂപ് ജേക്കബ് അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എംപി, അഡിഷണല്‍ ഡെപ്യൂട്ടി കളക്ടര്‍ എം.ഡി ജോസ്, നഗരസഭാ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭാ അധ്യക്ഷ ചന്ദ്രിക ദേവി, അത്താഘോഷാ കമ്മിറ്റി കണ്‍വീനര്‍ ജോഷിയ സേവ്യര്‍ സംസാരിച്ചു.

Latest