ഈ മാസം 31ന് മുന്‍പ് ആധാര്‍-പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണം

  • ക്ഷേമപദ്ധതികള്‍,സര്‍ക്കാര്‍ സബ്‌സിഡികള്‍, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന് പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചേതീരൂ.
Posted on: August 26, 2017 9:49 am | Last updated: August 26, 2017 at 12:12 pm

ന്യൂഡല്‍ഹി: ഈ മാസം 31നുമുന്‍പ്(ആഗസ്റ്റ് 31)തന്നെ നികുതിദായകര്‍ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) സി.ഇ.ഒ. അജയ് ഭൂഷണ്‍ പാണ്ഡെ. സ്വകാര്യതക്കേസിലെ വിധി ആധാറിനെ ബാധിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണിത്.

ക്ഷേമപദ്ധതികള്‍,സര്‍ക്കാര്‍ സബ്‌സിഡികള്‍, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന് പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചേതീരൂ. ആധാര്‍പാന്‍ ബന്ധിപ്പിക്കല്‍ ആദായനികുതി നിയമത്തില്‍ ഭേദഗതികള്‍വരുത്തി കൊണ്ടുവന്നതാണ്. അതിനാല്‍ ബന്ധിപ്പിക്കല്‍ ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വകാര്യതയിലെ വിധി വന്നതുകൊണ്ട് അതില്‍ മാറ്റമുണ്ടാകില്ല അദ്ദേഹം പറഞ്ഞു.

നിയമത്തിലെ വകുപ്പ് ഏഴുപ്രകാരം സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ വേണം അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് 31വരെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഇതിനായി സമയം അനുവദിച്ചിരുന്നു.

സബ്‌സിഡിയുള്ള പാചകവാതകം ലഭിക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും പുതിയ ഫോണ്‍നമ്പര്‍ ലഭിക്കുന്നതിനും നിലവില്‍ ആധാര്‍ നിര്‍ബന്ധമാണ്.