കല്ലാംകുഴി കൊലപാതകം: പ്രതികളെ കേരളാ പോലീസിന് കൈമാറി

Posted on: August 26, 2017 12:20 am | Last updated: August 26, 2017 at 12:20 am
SHARE

മണ്ണാര്‍ക്കാട്: കല്ലാംകുഴിയില്‍ രണ്ട് സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ വിദേശത്തായിരുന്ന രണ്ട് പ്രതികളെ നേപ്പാള്‍ പോലീസ് കേരള പോലീസിന് കൈമാറി. കേസിലെ മൂന്നാം പ്രതി നിജാസ് പൂളമണ്ണിനെയും 22ാം പ്രതി സാഹീര്‍ പടലത്തിനെയുമാണ് മണ്ണാര്‍ക്കാട് പോലീസ് ഏറ്റുവാങ്ങിയത്. നേപ്പാളിലെ പ്രതികൂല കാലാവസ്ഥ പ്രതികളെ കൊണ്ട് വരുന്നതിന് തടസ്സം നില്‍ക്കുകയാണ്. പ്രതികളെ മൂന്ന് ദിവസത്തിനകം കേരളത്തിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നേപ്പാള്‍ വിമാനത്താവളത്തില്‍ പ്രതികളെ പിടികൂടിയത്. കല്ലാംകുഴിയില്‍ സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ജാമ്യം റദ്ദാക്കിയ കോടതി പ്രതികളെ പിടികൂടാന്‍ നിര്‍ദേശിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചതിനെ തുടര്‍ന്നാണ് നേപ്പാള്‍ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്.

2013 നവംബര്‍ 20ന് രാത്രി ഒമ്പതോടെയാണ് സുന്നിപ്രവര്‍ത്തകരെ വിഘടിത വിഭാഗം മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചത്. ആക്രമണത്തില്‍ സഹോദരങ്ങളായ കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ പരേതനായ മുഹമ്മദ് ഹാജിയുടെ മക്കളായകുഞ്ഞിമുഹമ്മദ്, കുഞ്ഞ് ഹംസ, നൂറുദ്ദീന്‍ എന്നിവര്‍ക്ക് മാരകമായി പരുക്കേറ്റു. കുഞ്ഞുമുഹമ്മദ് പരുക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞു ഹംസ, സഹോദരനും എസ് വൈ എസ് കല്ലാംകുഴി യൂനിറ്റ് സെക്രട്ടറിയുമായിരുന്ന പള്ളത്ത് നൂറുദ്ദീന്‍ എന്നിവര്‍ മരണപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here