വൃദ്ധദമ്പതികളെ വീട്ടില്‍ നിന്നിറക്കിവിട്ട സംഭവം: പോലീസിന് മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശനം

Posted on: August 26, 2017 7:16 am | Last updated: August 26, 2017 at 12:17 am

കൊച്ചി: ജപ്തി നടപടികളുടെ ഭാഗമായി തൃപ്പൂണിത്തുറയില്‍ വൃദ്ധദമ്പതികളെ വീട്ടില്‍ നിന്നിറക്കിവിട്ട പോലീസ് നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. രണ്ട് സെന്റിന് താഴെ മാത്രം ഭൂമി യുള്ളവരെ ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിലവിലുള്ളപ്പോള്‍ ബേങ്ക് ജപ്തിയുടെ പേരില്‍ വൃദ്ധ ദമ്പതികളെ ഇറക്കിവിട്ട പോലീസ് നടപടി തീര്‍ത്തും തെറ്റാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് അനേ്വഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ജില്ലാകലക്ടര്‍ക്ക് നോട്ടീസയച്ചു. വൃദ്ധദമ്പതിമാര്‍ക്ക് ഇനി ഇത്തരമൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ ജില്ലാ കലക്ടറും ജില്ലാ സാമൂഹിക നീതി ഓഫീസറും ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള തൃപ്പൂണിത്തുറയിലെ ഹൗസിംഗ് കോ ഓപറേറ്റീവ് സൊസൈറ്റി പേട്ട സ്വദേശികളായ രാമന്‍(75), വിലാസിനി(70) എന്നിവര്‍ക്കെതിരെ ലോണ്‍ തിരിച്ചടക്കാത്തതിന്റെ പേരില്‍ നടപടി എടുത്തത്. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപ്പെട്ടാണ് ഇവരെ വീട്ടില്‍ തിരിച്ചെത്തിച്ചത്.