Connect with us

National

ഗുര്‍മീത് റാം റഹീം ബലാത്സംഗ കേസിന്റെ നാള്‍വഴി

Published

|

Last Updated

ചണ്ഡീഗഢ്: ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗ കേസിന്റെ നാള്‍വഴി:
2002 ഏപ്രില്‍: സിര്‍സയിലെ ദേരാ സച്ചാ സൗദയിലെ അന്തേവാസികളായ സ്ത്രീകളെ ഗുര്‍മീത് റാം റഹീം ബലാത്സംഗം ചെയ്തതായി പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഊമക്കത്ത് ലഭിക്കുന്നു.
2002 മെയ്: ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സിര്‍സ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുന്നു.
2002 സെപ്തംബര്‍: ഊമക്കത്തില്‍ പറയുന്ന കാര്യത്തില്‍ വാസ്തവമുണ്ടെന്ന ജില്ലാ കോടതി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിഷയത്തില്‍ സി ബി ഐ അന്വേഷണത്തിന് ഹൈക്കോതിയുടെ ഉത്തരവ്.

2002 ഡിസംബര്‍: ഗുര്‍മീത് റാം റഹീമിനെതിരെ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനും സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു.

2007 ജൂലൈ: 1999നും 2001നും ഇടയില്‍ സ്ത്രീകളായ രണ്ട് അനുയായികളെ റാം റഹീം ബലാത്സം ചെയ്തതായി വ്യക്തമാക്കി അംബാല കോടതിയില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു.

2008 സെപ്തംബര്‍: ഐ പി സി 506 (ഭീഷണിപ്പെടുത്തല്‍), ഐ പി സി 376 (ബലാത്സംഗം) എന്നീ കുറ്റങ്ങള്‍ ഗുര്‍മീതിനെതിരെ പ്രത്യേക സി ബി ഐ കോടതി ചുമത്തി.
2009-2010: രണ്ട് പരാതിക്കാര്‍ കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്തുന്നു.

2011 ഏപ്രില്‍; പ്രത്യേക സി ബി ഐ കോടതി അംബാലയില്‍ നിന്ന് പഞ്ച്കുളയിലേക്ക് മാറ്റി. ഇതൊടൊപ്പം ഗുര്‍മീതിനെതിരായ കേസും പഞ്ച്കുളയിലെ സി ബി ഐ കോടതിയിലേക്ക്.

2017 ജൂലൈ: കേസില്‍ ദൈനം ദിന വാദം കേള്‍ക്കലിനായി പ്രത്യേക സി ബി ഐ കോടതി ഉത്തരവ്.
2017 ആഗസ്റ്റ് 17: വാദി ഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഈ മാസം 25ന് വിധി പറയുമെന്ന് പ്രത്യേക സി ബി ഐ കോടതി ജഡ്ജി ജഗ്ദീപ് സിംഗിന്റെ പ്രഖ്യാപനം. അന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഗുര്‍മീതിന് നിര്‍ദേശം.

ആഗസ്റ്റ് 25: കേസില്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് സി ബി ഐ കോടതിയുടെ വിധി. ശിക്ഷാ വിധി ഈ മാസം 28ന്.