ഹജ്ജ് ക്യാമ്പിന്റെ ആദ്യ ഘട്ടത്തിന് ഇന്ന് സമാപനം

Posted on: August 26, 2017 8:17 am | Last updated: August 25, 2017 at 11:18 pm

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്നുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് ക്യാമ്പ് ഇന്ന് സമാപിക്കും. ഇന്ന് രാത്രി എട്ട് മണിക്കാണ് അവസാന സംഘം ഹാജിമാരുമായി സഊദി എയര്‍ലൈന്‍സ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നത്. 407 തീര്‍ഥാടകര്‍ യാത്രയാകുന്ന ഈ വിമാനത്തില്‍ രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള മൂന്ന് കുട്ടികളും യാത്രയാകും. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന്റെ ആദ്യഘട്ടം സമാപിക്കും.

കേരളത്തില്‍ നിന്ന് 11,807 പേര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി വഴി തീര്‍ഥാടനത്തിന് അവസരമൊരുങ്ങിയത്. രണ്ട് വയസ്സില്‍ താഴെയുള്ള 22 കുട്ടികള്‍ക്കും കേരളത്തില്‍ നിന്ന് അനുമതി ലഭിച്ചു. ഹജ്ജ് കമ്മിറ്റി വഴി ഏറ്റവും കൂടുതല്‍ കുട്ടികള്‍ തീര്‍ഥാടനത്തിന് പുറപ്പെടുന്നതും ഈ വര്‍ഷമാണ്. കേരളത്തില്‍ നിന്നുള്ളവരെ കൂടാതെ ലക്ഷദ്വീപില്‍ നിന്നുള്ള 305 തീര്‍ഥാടകരും, മാഹിയില്‍ നിന്നുള്ള 32 തീര്‍ഥാടകരും കൊച്ചി വിമാനത്താവളം വഴിയാണ് യാത്രയായത്.

തീര്‍ഥാടകര്‍ക്കായി 39 സര്‍വീസുകള്‍ നടത്താനാണ് സഊദി എയര്‍ലൈന്‍സ് തീരുമാനിച്ചിരുന്നത്. ഇതില്‍ 35 സര്‍വീസുകളും ഇതിനകം പൂര്‍ത്തിയായി. ഇത് കൂടാതെ ഇന്നലെ രാവിലെ 8.45നും, 10.10നും പുറപ്പെട്ട വിമാനങ്ങളിലായി 600 പേര്‍ യാത്രയായി. ഇന്ന് പുലര്‍ച്ചെ 1.15നും രാത്രി എട്ടിനും പുറപ്പെടുന്ന വിമാനങ്ങളിലായി 710 പേരും യാത്രയായി.
സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ നാല് വരെയാണ് ഹാജിമാരുടെ മടക്കയാത്ര. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങുന്ന തീര്‍ഥാടകര്‍ നേരെ മക്കയിലേക്കാണ് പോകുന്നത്. ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയ ശേഷമാണ് മദീനാ സന്ദര്‍ശനം. അതിനു ശേഷം മദീനാ വിമാനത്താവളത്തില്‍ നിന്നാണ് ഹാജിമാരുടെ കേരളത്തിലേക്കുള്ള മടക്കയാത്ര. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലായ ടി3 യിലാണ് തീര്‍ഥാടകരെ സ്വീകരിക്കുന്നത്. ഇതിനായി ടി3 യില്‍ പ്രത്യേക സൗകര്യം ഒരുക്കും. തീര്‍ഥാടകര്‍ക്കായി നേരത്തെ വിമാനത്താവളത്തില്‍ എത്തിയിട്ടുള്ള സംസം വെള്ളത്തില്‍ നിന്ന് അഞ്ച് ലിറ്റര്‍ വീതം ഇവിടെ നിന്ന് തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യും. ഇതിനാവശ്യമാകുന്ന സംസം പൂര്‍ണമായും സഊദി എയര്‍ലൈന്‍സ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട.് ഹാജിമാര്‍ക്ക് കൊടുക്കുന്നതിനായി ടി3 യിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.