Connect with us

Articles

ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ആരായിരിക്കണം?

Published

|

Last Updated

ബാലാവകാശ കമ്മീഷന്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ്. കുട്ടികളുടെ മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ വളരെ അവധാനതയോടെ, നീതിബോധത്തോടെ, പരിശുദ്ധിയോടെ വേണം കൈകാര്യം ചെയ്യേണ്ടത്. എന്നതിനാല്‍, ആ രംഗത്തേക്കു കടന്നുവരേണ്ടവര്‍ നിശ്ചയമായും

ആര്‍ജവമുള്ളവരായിരിക്കണം. പരിശുദ്ധരായിരിക്കണം. സമീപകാല ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബാലാവകാശ കമ്മീഷനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും സ്വതന്ത്രമായും വിമര്‍ശനാത്മകമായും പരിശോധിക്കേണ്ടതാണ്.

കമ്മീഷന്‍ അംഗങ്ങളെ നിശ്ചയിക്കുന്നതില്‍ ബന്ധപ്പെട്ട മന്ത്രിയും വകുപ്പുദ്യോഗസ്ഥരും ക്രമക്കേട് കാണിച്ചുവെന്ന ആരോപണമാണ് പ്രതിപക്ഷം ശക്തമായി നിയമസഭയില്‍ ഉയര്‍ത്തിയത്. ശിശുക്ഷേമ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചര്‍ രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. നിയമനത്തില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്ന പ്രതീതിയാണ് ഹൈക്കോടതി നിരീക്ഷണങ്ങളിലും കണ്ടത്. വിശദമായ അന്വേഷണങ്ങളും വാദ-പ്രതിവാദങ്ങളുമൊക്കെ കോടതിക്കകത്തും പുറത്തും ഒരേസമയം ഉയര്‍ന്നു കേള്‍ക്കുന്നുമുണ്ട്.
ബാലാവകാശകമ്മീഷനില്‍ സ്വാഭാവികമായും വരുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഒരു റിസര്‍ച്ച് സ്‌കോളറെ തഴഞ്ഞിട്ടാണ് സി പി എം വയനാട് ജില്ലാകമ്മിറ്റിയംഗമായ ടി ബി സുരേഷിനെ നിയമിച്ചതെന്നാണ് ഒരു ആരോപണം. ചെയര്‍മാനെ നിയമിച്ചതിലും ഇഷ്ടക്കാരനെ തിരഞ്ഞെടുക്കുന്ന സ്വജനപക്ഷപാതം മന്ത്രി കാട്ടിയെന്ന തുടര്‍ ആരോപണങ്ങളും മറ്റുമൊക്കെ വേറെയുമുണ്ട്. കോടതിയില്‍ അത് സംബന്ധമായ വാദങ്ങള്‍ തുടരട്ടെ.

പ്രധാനപ്പെട്ട പ്രശ്‌നം ബാലാവകാശകമ്മീഷന്‍ അംഗങ്ങളെ ഏത് യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവണം തിരഞ്ഞെടുക്കേണ്ടതെന്നതാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള അഥവാ കേസുകളില്‍ പ്രതിയായിട്ടുള്ള ഒരാളെ എന്തിന് നിയമിച്ചുവെന്ന ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ചോദ്യം ഗൗരവപൂര്‍വം പരിഗണിക്കപ്പെടേണ്ടത് തന്നെയാണ്. എതിര്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന സര്‍ക്കാറിന്റെ അപേക്ഷ ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചെങ്കിലും നിയമനം റദ്ദാക്കിയ തീരുമാനം പിന്‍വലിക്കാനാകില്ലെന്ന് പറയുന്നതിന്റെ അര്‍ഥം ഡിവിഷന്‍ ബഞ്ചും അക്കാര്യങ്ങള്‍ അംഗീകരിക്കുന്നുവെന്നാണ്.

ബാലാവകാശ കമ്മീഷനെ സംബന്ധിക്കുന്ന നിയമത്തില്‍ ചെയര്‍മാന്റെയും മറ്റ് കമ്മീഷനംഗങ്ങളുടെയും യോഗ്യതയെ സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. ഈ കമ്മീഷനിലെ അംഗങ്ങള്‍ക്കു മനുഷ്യാവകാശ ലംഘനങ്ങളുമായോ ബാലാവകാശലംഘനങ്ങളുമായോ ബന്ധപ്പെട്ടു എന്തെങ്കിലും പൂര്‍വകാല ചരിത്രമുണ്ടെങ്കില്‍ അങ്ങനെയുള്ളവരെ ഒരു കാരണവശാലും പരിഗണിക്കരുതെന്ന് പറയുന്നു. (സെക്ഷന്‍ 17,വകുപ്പ് ബി ഉപവകുപ്പ് (2)) ധാര്‍മ്മികാപചയം സംഭവിച്ചിട്ടുള്ളവരോ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവരോ ആരോപണവിധേയരോ ഈ സ്ഥാനത്തിന് യോഗ്യരല്ല. മറ്റേതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്നും പുറത്താക്കപ്പെട്ടവരോ ഒഴിവാക്കപ്പെട്ടവരോ ഈ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടരുതെന്നും വ്യക്തമാണ് നിയമത്തില്‍.
ബാലികാ ബാലന്മാര്‍ക്കെതിരെ പലവിധത്തിലുള്ള ആക്രമണങ്ങള്‍, ചൂഷണങ്ങള്‍, പീഡനങ്ങള്‍ എന്നിവയൊക്കെ നടന്നുകൊണ്ടിരിക്കുന്ന ഒരു ദുഷിച്ച കാലമാണിത്. അതുകൊണ്ടുതന്നെ കമ്മീഷന്‍ അംഗങ്ങളായി വരുന്നവര്‍ താഴെപ്പറയുന്ന വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു.

ശിശുക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വളരെ പ്രമുഖമായ പങ്ക് വഹിച്ച ഉന്നതരായിരിക്കണം കമ്മീഷനിലെ അംഗങ്ങള്‍. വിദ്യാഭ്യാസം, കുട്ടികളുടെ ആരോഗ്യക്ഷേമം, ശിശുപരിപാലനം, ബാലനീതി, വൈകല്യമുള്ള കുട്ടികളെ സംരക്ഷിക്കല്‍, ബാലവേലക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്ന മനഃശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍, മനഃശാസ്ത്ര വിദഗ്ധര്‍, സാമൂഹ്യശാസ്ത്ര മേഖലയില്‍ സംഭാവന നല്‍കിയിട്ടുള്ളവര്‍, ബാലാവകാശ നിയമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ തുടങ്ങിയവരെ മാത്രമേ ഈ കമ്മീഷന്‍ അംഗങ്ങളായി പരിഗണിക്കാന്‍ പാടുള്ളൂവെന്ന് നിയമത്തിന്റെ നാലാം അധ്യായം വ്യക്തമാക്കുന്നു.
അപ്പോള്‍, ഈ പ്രാഥമിക പരിഗണനകള്‍ അടിസ്ഥാനപ്പെടുത്തി നിലവിലുള്ള ബാലാവകാശ കമ്മീഷന്റെ രൂപവത്കരണത്തെയും പ്രവര്‍ത്തനങ്ങളെയും പരിശോധിക്കുകയാണെങ്കില്‍ തൃപ്തികരമായ ഉത്തരം ലഭിക്കുമോ? നിയമനങ്ങളിലെ ക്രമക്കേടുകളെക്കാള്‍ ഒരുപക്ഷേ പ്രധാനപ്പെട്ട പ്രശ്‌നമാണത്. നിയമനങ്ങള്‍ പൂര്‍ണമായും സുതാര്യമായിരിക്കണം, മെറിറ്റ് പാലിക്കണം. അതിനെയൊന്നും നിഷേധിക്കുന്നില്ല. മാനദണ്ഡങ്ങള്‍ സൂക്ഷ്മമായി പരിപാലിക്കാന്‍ നിയമാധികാരികള്‍ക്ക് ബാധ്യതയുണ്ട്. ഒരു വിധത്തിലുമുള്ള സ്വജനപക്ഷപാതം ഇത്തരം സ്ഥാനങ്ങളിലെ നിയമനങ്ങളില്‍ സംഭവിച്ചുകൂടാ.

ബാലപീഡനക്കേസുകള്‍ ഒതുക്കിതീര്‍ക്കാന്‍ സഹായം ചെയ്യുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ-നിയമരംഗങ്ങളിലെ ആളുകള്‍ കമ്മീഷന്‍ അംഗങ്ങളായി വരാതെ ശ്രദ്ധിക്കണം. പീഡനക്കേസുകളില്‍ നേരിട്ടുബന്ധമില്ലെങ്കിലും പീഡകരെ ഏതെങ്കിലും അളവില്‍ സഹായിക്കുന്നവരായാലും പരിഗണിക്കപ്പെടരുത്. അവരുടെ സാംസ്‌കാരിക നിലവാരം സൂക്ഷ്മമായി പരിശോധിക്കാതെ, സ്വന്തക്കാരോ പാര്‍ട്ടിക്കാരോ ഇഷ്ടക്കാരോ തരുന്ന ലിസ്റ്റില്‍ നിന്ന് നിയമിക്കാന്‍ അഴിമതിയുടെ കറ പുരണ്ട അധികാരലോബികള്‍ ശ്രമിച്ചേക്കാം. അവര്‍ മന്ത്രിയെ സ്വാധീനിച്ചേക്കാം. സമീപകാല നിയമനങ്ങളെ സംബന്ധിച്ച് ഉയര്‍ന്നുവന്ന പരാതികളില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തുകകൂടി ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഒരു ആത്മപരിശോധന അനിവാര്യമല്ലേ?
മന്ത്രിക്കുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അവതരിപ്പിച്ച വാദമുഖങ്ങളെ മാത്രം ആസ്പദമാക്കിയല്ല വിധി പ്രസ്താവം വന്നത്. ഈ കേസില്‍ ബന്ധപ്പെട്ട എല്ലാ ഫയലുകളും വിശദമായി പരിശോധിച്ചതിന് ശേഷമാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ആദ്യ വിധി പ്രസ്താവിച്ചത്. നിയമനാപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടിക്കൊടുത്തുവെന്ന സാങ്കേതിക പരാതി മാത്രമല്ല ഉയര്‍ന്നുവന്നത്. ടി ബി സുരേഷിനെ നിയമിക്കാന്‍ പ്രത്യേക താത്പര്യം കാണിച്ചുകൊണ്ട്, ആദ്യലിസ്റ്റില്‍ ഇല്ലാതിരുന്ന ആളിനെ ഉള്‍പ്പെടുത്തി ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ ക്രമവിരുദ്ധമായി മന്ത്രി ഓഫീസ് ഇടപെട്ടുവെന്ന ആരോപണത്തിലെ പ്രശ്‌നങ്ങളാണ് നീതിപീഠം വിശേഷിച്ചും പരിശോധിച്ചത്.
അതെന്തായാലും, കുട്ടികള്‍ നമ്മുടെ സമൂഹത്തിലെ ഏറ്റവും നൈര്‍മല്യമുള്ള പൊതുസ്വത്താണെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. സാധാരണ സര്‍ക്കാര്‍ ഓഫീസുകളിലെ നടപ്പു രീതികളും സമ്പ്രദായങ്ങളും സംസ്‌കാരവും പോരാ; വളരെ വളരെ അവധാനതയോടെ ഓരോ കേസും കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ കൈവിട്ടുപോകുന്ന മേഖലയാണ് ശിശുക്ഷേമമെന്ന് തിരിച്ചറിഞ്ഞ് വേണം ആ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കുഞ്ഞുങ്ങളുടെ മനസ്സ് പഠിക്കുകയും സഹാനുഭൂതിയോടെയും ജനാധിപത്യബോധത്തോടെയും അവരെ സംരക്ഷിക്കാന്‍ കഴിവുള്ളവരുമായിരിക്കണം നിയമിക്കപ്പെടുന്നവര്‍. കാര്യശേഷിയുള്ള, അനുഭവസമ്പത്തുള്ള, വിദ്യാഭ്യാസമുള്ള സര്‍വോപരി സാംസ്‌കാരിക മൂല്യങ്ങള്‍ കാത്തു പുലര്‍ത്തുന്നവരാകട്ടെ ബാലാവകാശ കമ്മീഷനിലെ അംഗങ്ങള്‍. പൊതുസമൂഹവും രക്ഷിതാക്കളും കൂടി ആ നിലവാരത്തിലേക്കു ഉയരേണ്ടത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി സംരക്ഷണത്തിന് ഒഴിച്ചുകൂടാനാവാത്ത കാര്യമാണെന്ന് ഓര്‍ക്കാന്‍ ഈ സന്ദര്‍ഭം ഉപകരിക്കട്ടെ.

Latest