Connect with us

Editorial

തമിഴ്‌നാട് രാഷ്ട്രീയം കുതിരക്കച്ചവടത്തിലേക്ക്

Published

|

Last Updated

ശശികലയെ അനുകൂലിക്കുന്ന എം എല്‍ എമാര്‍ ഇടഞ്ഞതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ പളനി സ്വാമി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി തുടരുകയാണ്. വിഘടിച്ചു നിന്നിരുന്ന എ ഐ എ ഡി എം കെയിലെ പളനിസ്വാമി വിഭാഗവും പനീര്‍ശെല്‍വ വിഭാഗവും ഒന്നിക്കുകയും ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ ദിനകരന്റെ നേതൃത്വത്തില്‍ എം എല്‍ എമാര്‍ ഗവര്‍ണറെ കണ്ട് പളനിസ്വാമിക്കുളള പിന്തുണ പിന്‍വലിച്ചതായി അറിയിക്കുകയും ഭരണകക്ഷി ന്യൂനപക്ഷമായതിനാല്‍ മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്‍ നിയമസഭ വിളിച്ചുചേര്‍ത്തു പളനിസ്വാമി സര്‍ക്കാറിന്റെ ഭൂരിപക്ഷം

തെളിയിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. തന്റെ കൂടെയുള്ള എം എല്‍ എമാരെ ബി ജെ പി സ്വാധീനിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ദിനകരന്‍ അവരെ പുതുച്ചേരിയിലുള്ള രഹസ്യ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ 134 അംഗങ്ങളാണ് ഭരണകക്ഷിയായ എ ഐ എ ഡി എം കെക്കുള്ളത്. സഭയില്‍ ഭൂരിപക്ഷത്തിന് 117 അംഗങ്ങളുടെ പിന്തുണ വേണം. ശശികല പക്ഷത്തെ 19 പേര്‍ പിന്തുണ പിന്‍വലിച്ചതോടെ അവരുടെ അംഗബലം 115 ആയി കുറഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച പാര്‍ട്ടി ആസ്ഥാനത്ത് നടന്ന സംയുക്ത യോഗത്തിലാണ് പളനിസ്വാമി പക്ഷവും പനീര്‍ശെല്‍വം വിഭാഗവും ലയനം പ്രഖ്യാപിച്ചത്. ദിനകരനും കുടെയുള്ള എം എല്‍ എമാരും ലയനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും കേസുകളെ അഭിമുഖീകരിക്കുന്ന ശശികല വിഭാഗം കടുത്ത നീക്കത്തിന് തുനിയില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ കേസുകളെ പേടിക്കാതെ ഏറ്റുമുട്ടലിന് തുനിയുകയായിരുന്നു ശശികല. സര്‍ക്കാറിനോടല്ല, തന്നെ വഞ്ചിച്ച പളനിസ്വാമിയോടും പനീര്‍ശെല്‍വത്തോടുമാണ് ശശികലക്ക് ശത്രുത. അവരെ മാറ്റി തങ്ങള്‍ക്ക് കൂടി സമ്മതനായ ഒരാളെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ പിന്തുണക്കാമെന്ന് ദിനകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. എ ഐ എ ഡി എം കെയുടെ നേതൃസ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള ശശികലയുടെയും മണ്ണാര്‍ഗുഡി കുടുംബത്തിന്റെയും സമ്മര്‍ദ തന്ത്രമാണിതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അടുത്ത ജനറല്‍ കൗണ്‍സിലില്‍ ശശികലയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കുകയാണ് ലയന വ്യവസ്ഥയിലെ മുഖ്യ ലക്ഷ്യം.

അത്തരമൊരു നടപടി ഒഴിവാക്കി സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ സര്‍ക്കാറിന് പിന്തുണ തുടരാന്‍ അവര്‍ സന്നദ്ധമായേക്കും. അങ്ങനെയൊരു ഒത്തുതീര്‍പ്പിന് നില്‍ക്കാതെ സമ്മര്‍ദ തന്ത്രത്തിലൂടെ തന്നെ ശശികല വിഭാഗത്തെ വരുതിയില്‍ വരുത്താനാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കം. ശശികല പക്ഷത്തെ എം എല്‍ എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എ ഐ എ ഡി എം കെ ചീഫ് വിപ്പ് എസ് രാജേന്ദ്രന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കിയത് ഇതിന്റെ ഭാഗമാണ്. അതിനിടെ ഭരണപക്ഷത്ത് നിന്ന് കൂടുതല്‍ എം എല്‍ എമാരെ തങ്ങളുടെ പാളയത്തിലാക്കാന്‍ ശശികല പക്ഷവും നീക്കങ്ങള്‍ നടത്തുന്നു.
എ ഐ എ ഡി എം കെയുടെ നിലവിലെ പാര്‍ലിമെന്റ് അംഗബലം തങ്ങള്‍ക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെ ബി ജെ പി ദേശീയ നേതൃത്വമാണ് ലയന നീക്കത്തിന് മുന്‍കൈയെടുത്തത്. ലോക്‌സഭയില്‍ 37ഉം രാജ്യസഭയില്‍ 13ഉം അംഗങ്ങളുള്ള അണ്ണാ ഡി എം കെക്കാണ് ബി ജെ പിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ലോക്‌സഭയില്‍ ഏറ്റവും അംഗബലം. പാര്‍ട്ടി ഒന്നിക്കുകയും എന്‍ ഡി എയിലെ ഘടകകക്ഷിയാക്കുകയും ചെയ്താല്‍ മോദി ഗവണ്‍മെന്റിന് കരുത്തേറുകയും രാഷ്ട്രീയമായി ബി ജെ പിക്ക് നേട്ടമുണ്ടാകുകയും ചെയ്യും. പനീര്‍ശെല്‍വത്തില്‍ ബി ജെ പി നേതൃത്വത്തിനും പ്രധാനമന്ത്രിക്കുമുള്ള സ്വാധീനവും ദിനകരന്‍ കോഴ നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ അകപ്പെട്ടതും ലയന നീക്കത്തിന് വേഗം വര്‍ധിപ്പിക്കുകയും ചെയ്തു.
ലയനശേഷം ഏറെ താമസിയാതെ പാര്‍ട്ടി എന്‍ ഡി എ സഖ്യത്തിന്റെ ഭാഗമാകാനും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തമിഴ്‌നാട്ടിലെത്തി സഖ്യപ്രവേശം പ്രഖ്യാപിക്കാനുമായിരുന്നു തീരുമാനം. ഒരു കേന്ദ്രമന്ത്രി സ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനവും അണ്ണാ ഡി എം കെക്ക് വാഗ്ദാനം നല്‍കിയിട്ടുമുണ്ട്. മുഖ്യമന്ത്രി പളനിസ്വാമിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരായ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസ് കേന്ദ്രം മരവിപ്പിക്കുകയും ചെയ്യും. ആദായ നികുതി വകുപ്പിനെ ഉപയോഗപ്പെടുത്തിയുള്ള കളികളാണല്ലോ നിലവില്‍ പാര്‍ട്ടികളെ വരുതിയില്‍ നിര്‍ത്താനും രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെടുത്താനുമുള്ള കേന്ദ്രത്തിന്റെ പ്രധാന ആയുധം.
ദക്ഷിണേന്ത്യയില്‍ തമിഴ്‌നാടും കേരളവുമാണ് ബി ജെ പിക്ക് വഴങ്ങാത്ത സംസ്ഥാനങ്ങള്‍. എ ഐ എ ഡി എം കെ സഖ്യകക്ഷിയാകുന്നതോടെ അവരുടെ സഹായത്താല്‍ അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. ശശികലയെ പിന്തുണക്കുന്ന എം എല്‍ എമാര്‍ തിരിഞ്ഞു കുത്തിയത് അവരുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. ബി ജെ പി ദേശീയ സെക്രട്ടറി തമിഴ്‌നാട്ടിലെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ അരങ്ങേറിയതു പോലെ കോടികള്‍ മറിയുന്ന രാഷ്ട്രീയ കുതിരക്കച്ചവടമായിരിക്കും വരുംനാളുകളില്‍ തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്നത്.

Latest