കാന്തപുരം മുഖ്യമന്ത്രിയെ കണ്ടു: മതസൗഹാര്‍ദം തകര്‍ക്കുന്നവര്‍ക്ക് എതിരെ നടപടി വേണം

Posted on: August 25, 2017 11:13 pm | Last updated: August 25, 2017 at 11:25 pm
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം: മതസൗഹാര്‍ദം തകര്‍ക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. എറണാകുളം പരവൂരില്‍ ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ നിയമം കൈയിലെടുത്ത് കൊണ്ടുള്ള ഇടപെടല്‍ ഉത്കണ്ഠാജനകമാണ്. പോലീസിന്റെ ജോലി മറ്റുള്ളവര്‍ ഏറ്റെടുക്കുന്നത് അരക്ഷിതാവസ്ഥയുണ്ടാക്കും.

മതസൗഹാര്‍ദവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന നടപടികള്‍ ആര് നടത്തിയാലും ശക്തമായ നടപടിയെടുക്കണം. തിരൂരിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം. എറണാകുളം സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് ഐ ജി വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്‌കൂളുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട പ്രതിസന്ധിയും കാന്തപുരം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പിന്നാക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട കാന്തപുരം ഇതിന്മേല്‍ തുടര്‍നടപടികളുണ്ടാകരുതെന്നും ആവശ്യപ്പെട്ടു.

പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് കൂടി അംഗീകാരം നല്‍കാനുള്ള നടപടി വേണം.
പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ലാഭേച്ഛയില്ലാതെ പൂര്‍ണ്ണമായി സേവനമനസ്‌കതയോടെ പ്രവര്‍ത്തിക്കുന്നതാണ് ഭൂരിഭാഗം വിദ്യാലയങ്ങളും. സര്‍ക്കാര്‍ സഹായം സ്വീകരിക്കാതെ രാജ്യത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തില്‍ വലിയ സംഭാവനകള്‍ നല്‍കി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയങ്ങളില്‍ ബഹുഭൂരിഭാഗവും ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളുമുള്ളതാണെന്നും കാന്തപുരം അറിയിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് നേമം സിദ്ദീഖ് സഖാഫി, ഡോ. അബ്ദുസലാം എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.