Connect with us

International

മ്യാന്മറില്‍ 57 റോഹിംഗ്യന്‍ വംശജര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

റാഖിനെ: റോഹിംഗ്യന്‍ മുസ് ലിംകള്‍ക്ക് നേരെ മ്യാന്മറില്‍ വീണ്ടും ആക്രമണം. വിമത വിഭാഗമായ അക്രമകാരികള്‍ പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിച്ചുവെന്നാരോപിച്ച് സൈന്യം 59 റോഹിംഗ്യന്‍ വംശജരെ കൂട്ടക്കൊല നടത്തി. വിമതരുടെ ആക്രമണത്തില്‍ 12 പോലീസുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റാഖിനെ സംസ്ഥാന വൃത്തങ്ങള്‍ അറിയിച്ചു.

സൈനിക കേന്ദ്രത്തിന് സമീപത്തെ പോലീസ് പോസ്റ്റുകളിലാണ് വിമതര്‍ ആക്രമണം നടത്തിയതെന്നും സൈനിക കേന്ദ്രം തകര്‍ക്കലായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് വൃത്തങ്ങള്‍ ആരോപിച്ചു. റോഹിംഗ്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന യു എന്‍ മുന്‍ മേധാവി കോഫി അന്നാന്റ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് റാഖിനെയിലെ ആക്രമണം എന്നത് ശ്രദ്ധേയമാണ്. അതേസമയം, കൊല്ലപ്പെട്ടവര്‍ റോഹിംഗ്യന്‍ വിമതരാണെന്ന ന്യായീകരണവുമായി മ്യാന്മര്‍ സെനറ്റര്‍ ആംഗ് സാന്‍ സൂക്കിയുടെ ഓഫീസ് പ്രസ്താവനയിറക്കി.

പോലീസുകാര്‍ക്കും സൈന്യത്തിനും നേരെ ആക്രമണം നടത്തിയെന്നാരോിപച്ചാണ് കഴിഞ്ഞവര്‍ഷവും റോഹിംഗ്യകളെ വ്യാപകമായി കൊന്നൊടുക്കിയത്. പൗരന്മാരായി പോലും അംഗീകരിക്കാത്ത റോഹിംഗ്യകളെ വംശഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മ്യാന്മര്‍ സൈന്യം ഇത്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.

അതിനിടെ, പോലീസിന് നേരെ ആക്രമണം നടത്തിയിട്ടുണ്ടെന്ന അവകാശവാദവുമായി അറാകന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി (എ ആര്‍ എസ് എ) രംഗത്തെത്തി. ട്വിറ്റര്‍ വഴിയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. 25 ഭാഗങ്ങളില്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് ട്വിറ്റര്‍ വഴിയുള്ള അവകാശവാദം. മ്യാന്മര്‍ സൈന്യം റോഹിംഗ്യന്‍ വംശജരായ സാധാരണക്കാരെ വ്യാപമകായി കൊന്നൊടുക്കുന്നുണ്ടെന്നും ബലാത്സംഗം അടക്കമുള്ള ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ട്വിറ്ററില്‍ ആരോപിക്കുന്നു.

Latest