വിദ്യാഭ്യാസ പുരോഗതി ഭരണകൂടത്തിന്റെ പ്രഥമ പരിഗണന: ജന. ശൈഖ് മുഹമ്മദ്‌

Posted on: August 25, 2017 9:46 pm | Last updated: August 25, 2017 at 9:46 pm

അബുദാബി: വിദ്യാഭ്യാസമ്പന്നരായ സമൂഹവുമായി മാത്രമേ ഏതൊരു രാജ്യത്തിനും വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളുവെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍.

ഇക്കാരണത്താല്‍ തന്നെ ഭരണകൂടത്തിന്റെ പ്രഥമ പരിഗണന എപ്പോഴും രാജ്യത്തെ ജനങ്ങളുടെ വിശിഷ്യാ പുതുതലമുറയുടെ വിദ്യാഭ്യാസ പുരോഗതിയായിരിക്കുമെന്നും ജനറല്‍ ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ച അബുദാബിയിലെ കോളേജ് ഫോര്‍ ടെക്‌നിക്കല്‍ ഹയര്‍ സ്റ്റഡീസിലെ വിദ്യാര്‍ഥി പ്രതിനിധി സംഘത്തെ അബുദാബിയില്‍ സ്വീകരിക്കുന്നതിനിടെയാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നാം പ്രത്യേകമായൊരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വ്യത്യസ്ത തരക്കാരായ മൂന്നുനാലു തലമുറകള്‍ ഇന്നുണ്ട്.
ഇതില്‍ ഓരോ തലമുറയുമായും അവര്‍ക്കനുസരിച്ച് സമീപിക്കാന്‍ കഴിയുന്നവരായി നാം മാറണം, ശൈഖ് മുഹമ്മദ് തുടര്‍ന്നുപറഞ്ഞു. നാമിന്ന് അതിരുകളില്ലാത്ത ടെക്‌നോളജി എത്തിപ്പിടിച്ചിരിക്കുന്നു. രാജ്യനന്മക്കും സമൂഹ പുരോഗതിക്കും ഉതകുന്ന രീതിയില്‍ അവയെ ഉപയോഗപ്പെടുത്താന്‍ നാം ശീലിക്കേണ്ടതുണ്ട്. ശൈഖ് മുഹമ്മദ് പറഞ്ഞു.

പുതിയ സാഹചര്യത്തിന്റെ വെല്ലുവിളികളെ അതിജയിക്കാനാവശ്യമായ ആഗോള ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി നാം കൂട്ടമായി ശ്രമിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ശൈഖ് മുഹമ്മദ് ടെക്‌നിക്കല്‍ കോളേജില്‍ നിന്ന് തന്നെ കാണാനെത്തിയ വിദ്യാര്‍ത്ഥികളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. ശൈഖുമാരും ഭരണരംഗത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്വീകരണത്തിന് സാക്ഷികളായി.