അവശ്യസാധനങ്ങള്‍ക്കും വാറ്റ് ഏര്‍പെടുത്തിയേക്കും

Posted on: August 25, 2017 9:42 pm | Last updated: August 25, 2017 at 9:42 pm

ദുബൈ: ഭക്ഷ്യോത്പന്നങ്ങള്‍ ഉള്‍പടെ ചില അവശ്യ സാധനങ്ങളില്‍ ചിലതിനും മൂല്യവര്‍ധിത നികുതി (വാറ്റ്) ബാധകമായേക്കുമെന്ന് വിദഗ്ധര്‍. അവശ്യ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് ഏര്‍പെടുത്തില്ലെന്നായിരുന്നു പൊതുവെകരുതപ്പെട്ടിരുന്നത്. എന്നാല്‍ വാറ്റില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ഉത്പന്നങ്ങളുടെ അന്തിമ പട്ടിക തായാറാക്കിയിട്ടില്ലെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ബുസ്താനി പറഞ്ഞു. ഒന്നോ രണ്ടോ മാസത്തിനകം പട്ടിക തയാറാകും. അതേസമയം ചില അവശ്യ വസ്തുക്കളുടെ വില ഉയരുമെന്നാണ് കരുതേണ്ടതെന്ന് ടാക്‌സ് കണ്‍സള്‍ട്ടന്‍സ് ചൂണ്ടിക്കാട്ടി. യു എ ഇ യും സഊദി അറേബ്യയും ഇക്കാര്യത്തില്‍ സംയുക്തമായാണ് തീരുമാനം കൈക്കൊള്ളുക. സ്വദേശികള്‍ക്കു സബ്‌സിഡി നല്‍കിയുള്ള സംവിധാനത്തെക്കുറിച്ചാണ് വിദഗ്ധര്‍ ആലോചിക്കുന്നത്.

നികുതി പൂര്‍ണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ലെന്നാണ് നിയമോപദേശം. അഞ്ചു ശതമാനമാണ് നികുതി.
സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും മൂല്യ വര്‍ധിത നികുതി ബാധകമല്ലെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. സര്‍വകലാശാലകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കുമോ എന്നത് സംബന്ധിച്ച് അടുത്തവര്‍ഷം മധ്യത്തോടെ തീരുമാനമാകും. സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും വാറ്റ് നികുതി ബാധകമല്ല എന്നതിന് പുറമെ, ഇത്തരം സ്ഥാപനങ്ങള്‍ വാങ്ങുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഈടാക്കിയ മൂല്യവര്‍ധിത നികുതി തിരിച്ചുനല്‍കാനും സംവിധാനമുണ്ടാകും. ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഉപദേശക സഈദ അല്‍ ഖദൗമിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്തവര്‍ഷം മധ്യത്തോടെ നികുതി നിയമം പുതുതായി വ്യാഖ്യാനിക്കുന്ന അവസരത്തില്‍ സര്‍വകലാശാലകള്‍ക്ക് നികുതി ബാധകമാക്കണോ എന്നത് തീരുമാനിക്കും. മരുന്നുകള്‍ക്കും മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും വാറ്റുണ്ടാവില്ല. വാറ്റ് ബാധകമല്ലാത്ത മെഡിക്കല്‍ ഉല്‍പന്നങ്ങളുടെ പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും. വൈദ്യുതി, വെള്ളം ബില്ല്, ടെലഫോണ്‍ ബില്ല് എന്നിവക്കും വാറ്റുണ്ടാകും. എന്നാല്‍, വിമാന ടിക്കറ്റ്, കപ്പല്‍യാത്രാ ടിക്കറ്റ് എന്നിവക്ക് വാറ്റുണ്ടാവില്ല. കയറ്റുമതിക്കാരില്‍ നിന്നും വാറ്റ് ഈടാക്കില്ലെന്നും ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.