Connect with us

National

വിവാദ ആള്‍ ദൈവം ഗുര്‍മീതിനെ പ്രശംസിച്ചുള്ള മോദിയുടെ ട്വീറ്റ് ചര്‍ച്ചയാകുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനെ വാനോളം പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് നവ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. “ഗുര്‍മീത് റാമിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചുപറ്റുന്നതാണ്. രാജ്യത്താകമാനമുള്ള ജനങ്ങളെ സ്വച്ഛ് ഭാരതില്‍ ചേരാന്‍ അത് പ്രചോദിപ്പിക്കും”; എന്നാണ് നരേന്ദ്രമോദി 2014 ഒക്ടോബര്‍ 29ന് ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്റ്‌ചെയ്ത സ്‌ക്രീന്‍ ഷോട്ടുകള്‍ നവമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മോദിക്കെതിരെ ആയിരക്കണക്കിന് കമന്റുകളാണ് വരുന്നത്.

ഗുര്‍മീത് റാം റഹീം സിംഗിന്റെ ക്രിമിനല്‍ കേസുകളെ കുറിച്ച് എന്ത് പറയുന്നു. പിന്തുണ വാങ്ങിയവര്‍ ആ ക്രിമിനല്‍ കേസുകള്‍ മുന്നോട്ട് കൊണ്ടുപോകുമോ? തുടങ്ങി നിരവധി ട്വീറ്റുകള്‍ മോദിയുടെ ട്വീറ്റിന് താഴെ കാണാം.

ഗുര്‍മീത് റാം റഹീം സിംഗിനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കലാപത്തെത്തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പടെ 29 പേര്‍ മരിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 250ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗാസിയാബാദ്, ഹാപൂര്‍,ഗൗദംബുദ്ധ് നഗര്‍, നോയിഡ, എന്നിവിടങ്ങളില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചു.

 

പതിനഞ്ച് വര്‍ഷം മുമ്പ് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് പ്രത്യേക സിബി ഐ കോടതി ഗുര്‍മീദിനെതിരെ കുറ്റം നടത്തിയതായി കണ്ടെത്തിയത്. ഐപിസി സെക്ഷന്‍ 376 പ്രകാരം പീഡനക്കുറ്റം, ഐപിസി 506 പ്രകാരം കേസിലെ ഇരകളെ ഭീഷണിപ്പെടുത്തി എന്നീ രണ്ട് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. എഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചെയ്തിരിക്കുന്നത്. വിധി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി. റാം റഹീമിനെ തല്‍ക്കാലം സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് അറിയാന്‍ സാധിക്കുന്നത്.