Connect with us

National

സ്വകാര്യതാ വിധി ബീഫ് നിരോധനക്കേസുകളെ ബാധിക്കാം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന വിധി ബീഫ് കൈവശം വെക്കുന്നതിനെ ബാധിക്കാമെന്ന് സുപ്രീം കോടതി. ബീഫ് കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന ബോംബൈ ഹൈക്കോടതിയുടെ വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് എകെ സികിരി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചാണ് സ്വകാര്യത സംബന്ധിച്ച വിധി ബീഫ് നിരോധനത്തെയും സ്വാധീനിക്കുമെന്ന് നിരീക്ഷിച്ചത്.

ഇന്നലെയാണ് സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. ആധാര്‍ വിഷയവുമായി ബന്ധപ്പെട്ട് സ്വകാര്യത പൗരന്റെ മൗലികാവകാശമോ അല്ലയോയെന്ന് പരിശോധിച്ച സുപ്രീം കോടതിയുടെ ഒമ്പതംഗ ബഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. സ്വകാര്യത ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കി. സ്വകാര്യതയുമായി ബന്ധപ്പെട്ട് മുമ്പ് ഭരണഘടനാ ബഞ്ച് പ്രസ്താവിച്ച രണ്ട് വിധികള്‍ മറികടന്നാണ് വിധിപ്രഖ്യാപനം നടത്തിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഏകകണ്ഠമായാണ് സ്വകാര്യതാ കേസില്‍ വിധിപറഞ്ഞത്.