ബലാത്സംഗ കേസില്‍ ഗുര്‍മീത് റാം കുറ്റക്കാരന്‍; ശിക്ഷാവിധി തിങ്കളാഴ്ച

> ഗുര്‍മീത് റാം റഹീം പോലീസ് കസ്റ്റഡിയില്‍ > ഹെലിക്കോപ്റ്റര്‍ മാര്‍ഗം ജയിലിലേക്ക് മാറ്റും
Posted on: August 25, 2017 10:39 am | Last updated: August 25, 2017 at 8:23 pm

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി. പഞ്ച്കുല പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഇയാള്‍ക്ക് ഏഴ് വര്‍ഷത്തോളം തടവ് ശിക്ഷ ലഭിക്കുമെന്നാണ് സൂചന. ശിക്ഷ തിങ്കളാഴ്ച വിധിക്കും.

ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ വെച്ച് അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലും ഇവരെ ഭീഷണിപ്പെടുത്തിയെന്ന കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കോടതി വിധിക്ക് ശേഷം ഹരിയാന പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഹെലിക്കോപ്റ്റര്‍ മാര്‍ഗം ഇയാളെ റോത്തെഗ് ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന.

വധി ഗുര്‍മീതിന് പ്രതികൂലമായാല്‍ ദേര സച്ച സൗദ അനുയായികള്‍ കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 15,000 അര്‍ധസൈനികരെ ഇരു സംസ്ഥാനങ്ങളിലും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന പത്ത് ഐപിഎസ് ഉദ്യോഗസ്ഥര്‍, രണ്ട് ഡിജിപിതല ഉദ്യോഗസ്ഥര്‍, നൂറ് മജിസ്‌ട്രേറ്റുമാര്‍ എന്നിവരും സുരക്ഷയുടെ ഭാഗമായി ഇവിടെയുണ്ട്. മൂന്ന് ദിവസത്തേക്ക് മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലക്ക് ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള 29 ട്രെയിനുകള്‍ റദ്ദാക്കി.

15 വര്‍ഷം മുമ്പുള്ള കേസാണിത്. 2007 മുതല്‍ ഗുര്‍മീതിനെതിരായ കോടതി നടപടികള്‍ തുടരുകയാണ്.
റാം റഹീം ശിക്ഷിക്കപ്പെട്ടാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ വന്‍തോതില്‍ അക്രമം നടത്താന്‍ സാധ്യതയേറെയാണ്. പിരിഞ്ഞുപോകണമെന്ന പോലീസിന്റെ അന്ത്യശാസനം ചണ്ഡിഗഢിലെ പ്രാര്‍ഥനാകേന്ദ്രത്തില്‍ കഴിയുന്ന ഒരു ലക്ഷത്തിലധികം വരുന്ന അദ്ദേഹത്തിന്റെ അനുയായികള്‍ തള്ളി. ഏത് സമയത്തും സൈനിക നടപടി ഉണ്ടായേക്കാമെന്ന സ്ഥിതിയിലാണ്. അക്രമം അഴിച്ചുവിടുന്നവരെ തടവിലാക്കാന്‍ മൂന്ന് സ്‌റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

സെക്ടര്‍ 16ലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറമേ ചണ്ഡിഗഡ് സെക്ടര്‍ മൂന്നിലെ ചൗധരി താവു ദേവിലാല്‍ സ്റ്റേഡിയം കോംപ്ലക്‌സും സിര്‍സയിലെ ദല്‍ബിര്‍ സിംഗ് ഇന്‍ഡോര്‍ സ്‌റ്റേഡിയവുമാണ് താത്കാലിക ജയിലുകളായി പ്രഖ്യാപിച്ചത്.

അതിനിടെ അനുയായികള്‍ സമാധാനം പാലിക്കണമെന്ന് ഗുര്‍മീത് റാം റഹീം ഫേസ്ബുക്ക് ലൈവിലൂടെ അഭ്യര്‍ഥിച്ചു.