സ്വാശ്രയ മെഡിക്കല്‍ മൂന്നാം അലോട്ട്‌മെന്റ് 27ന്; ഓപ്ഷന്‍ ഇന്നും നാളെയും നല്‍കാം

Posted on: August 25, 2017 7:37 am | Last updated: August 24, 2017 at 11:39 pm

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ എം ബി ബി എസ്, ബി ഡി എസ് പ്രവേശനത്തിന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് വിജ്ഞാപനം പ്രവേശന പരീക്ഷാ കമീഷണര്‍ പുറപ്പെടുവിച്ചു. സര്‍ക്കാറുമായി ധാരണയിലായ പരിയാരം മെഡിക്കല്‍കോളജ്, പെരിന്തല്‍മണ്ണ എം ഇ എസ്, സിഎസ്‌ഐ കാരക്കോണം എന്നീ മൂന്ന് കോളേജുകളില്‍ മുന്‍ വര്‍ഷത്തെ ഫീസ് ഘടനയും ബാക്കി കോളജുകളില്‍ 85 ശതമാനം സീറ്റില്‍ 5 ലക്ഷം രൂപയും എന്‍ ആര്‍ ഐ സീറ്റില്‍ 20 ലക്ഷം രൂപയുമാണ് ഫീസ് നിശ്ചയിച്ച് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ബോണ്ടിന്റെ നിര്‍ദേശങ്ങളും വിജ്ഞാപനത്തിലുണ്ട്. ഹൈക്കോടതി അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നാം അലോട്ടുമെന്റിനുള്ള ഓപ്ഷന്‍ നടപടികള്‍ ഇന്ന് ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് നാല് വരെ ഓപ്ഷന്‍ നല്‍കാം. 27ന് മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ കോളജുകളില്‍ പ്രവേശനം നേടുന്നവര്‍ 28, 29 എന്നീ തീയതികളില്‍ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട ഫീസുമായി തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ പഴയ ഓഡിറ്റോറിയത്തിലെ പ്രവേശന കമീഷണറുടെ ഓഫീസില്‍ എത്തി വിവിധ കോളജുകളില്‍ പ്രവേശനം നേടണം. തുടര്‍ന്നും സീറ്റ് ഒഴിവ് വരികയാണെങ്കില്‍ ഇതേ ഓഫീസില്‍ വെച്ച് 30, 31 തീയതികളില്‍ പ്രവേശന കമീഷണര്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
31ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് മൂന്നാം അലോട്ട്‌മെന്റില്‍ പ്രവേശന കമ്മീഷണറുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ പ്രവേശനം നേടണമെന്ന് നിര്‍ദേശിച്ചത്. ഒഴിവുകള്‍ അപ്പപ്പോള്‍ മനസ്സിലാക്കാനുള്ള സൗകര്യത്തിനാണിത്. എസ് യു ടി, മലബാര്‍ എന്നീ രണ്ട് കോളജുകള്‍ക്ക് ഇനിയും ആരോഗ്യ സര്‍വകലാശാലയുടെ പ്രവേശനാംഗീകാരം ലഭിച്ചിട്ടില്ല.