മൗലികമായ വിധി

Posted on: August 25, 2017 6:28 am | Last updated: August 24, 2017 at 11:29 pm

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിന്റെ ഭാവിയെ അങ്ങേയറ്റം ഗുണപരമായി സ്വാധീനിക്കുന്ന നിര്‍ണായക ചുവട്‌വെപ്പാണ്. എഴുതിവെക്കപ്പെട്ട പോലെ തളം കെട്ടി നില്‍ക്കുന്ന ഒന്നല്ല രാജ്യത്തിന്റെ ഭരണഘടനയെന്ന് ഈ വിധി വിളിച്ചോതുന്നു. ഭരണഘടനയുടെ വാക്കുകളില്‍ കാണാത്തതും എന്നാല്‍ അന്തസ്സത്തയില്‍ ജ്വലിച്ചു നില്‍ക്കുന്നതുമായ മൂല്യങ്ങളെ കണ്ടെടുക്കുകയും പരിരക്ഷിക്കുകയും ചെയ്യാനുള്ള നീതിന്യായ വിഭാഗത്തിന്റെ കര്‍ത്തവ്യമാണ് ഇവിടെ നിര്‍വഹിക്കപ്പെടുന്നത്. മനുഷ്യരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുകയെന്നത് മൗലികാവകാശങ്ങളുടെ പട്ടികയില്‍ ഇല്ലല്ലോ എന്ന വാദം അപ്രസക്തമാണെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ അത് ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുകയായിരുന്നു. വ്യക്തികളുടെ സ്വാഭാവിക അവകാശങ്ങള്‍ക്ക് മേല്‍ ക്രൂരമായി കടന്നു കയറുകയെന്ന ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നിലവിലെ സര്‍ക്കാര്‍ അതിവേഗം സഞ്ചരിക്കുകയും ആ ദിശയിലുള്ള നിരവധി നിയമങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയും ചെയ്യുന്ന ഘട്ടത്തില്‍ നിര്‍ണായകമായ ഇടപെടലാണ് നീതിന്യായ വിഭാഗം നടത്തിയിരിക്കുന്നത്.

ഒമ്പതംഗ ബഞ്ച് ഐക്യകണ്‌ഠ്യേനയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. ഇതോടെ 1952ലെയും 1962ലെയും സ്വകാര്യതയെ സംബന്ധിച്ച വിധികള്‍ അസാധുവാകുകയാണ്. സ്വകാര്യത അവകാശമാക്കി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബഞ്ച് കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ജീവിക്കാനുളള അവകാശം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ഭാഗമാണ് സ്വകാര്യതയെന്നും കോടതി വിലയിരുത്തി. ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച കേസുകളുടെ അനുബന്ധമായാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന ചോദ്യമുയര്‍ന്നത്. അത്തരമൊരു അവകാശം വകവെച്ച് കൊടുക്കാനാകില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. കേരള സര്‍ക്കാറടക്കം ഈ നിലപാടിനെ ശക്തമായി ചോദ്യം ചെയ്തു. സ്വകാര്യത സൂക്ഷിക്കപ്പെടുകയെന്നത് പൗരന്റെ സ്വാഭാവിക അവകാശമാണെന്ന് അവര്‍ വാദിച്ചു. ആധാര്‍ ഹരജി പരിഗണിച്ച മൂന്നംഗ ബഞ്ച് കേസ് വിശാല ബഞ്ചിനു വിടുകയായിരുന്നു. പിന്നീട് ഭരണഘടനാ ബഞ്ച് വിഷയം ഒമ്പതംഗ ബഞ്ചിന് വിട്ടു. ഇവിടെയാണ് ഏകകണ്ഠമായ വിധി ഉണ്ടായിരിക്കുന്നത്.

സത്യത്തില്‍ ഇത് പൗരനും വ്യക്തിയും തമ്മിലുള്ള സംഘട്ടനമാണ്്. മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു എന്നാല്‍ അവന്‍ എവിടെയും ചങ്ങലകളാല്‍ ബന്ധിതനാകുന്നു. പൗരനായിക്കഴിയുന്നതോടെ വിധിവിലക്കുകളാല്‍ അവന്‍ വലയം ചെയ്യപ്പെടുന്നു. രാഷ്ട്ര ഘടനയുടെ നിലനില്‍പ്പിന് ഈ ചട്ടങ്ങള്‍ അനുസരിക്കപ്പെടുകയെന്നത് അനിവാര്യമാണ് താനും. പക്ഷേ നിയന്ത്രണങ്ങളുടെ പരിധി എവിടെയാണ്? രാഷ്ട്രം എന്ന സംവിധാനത്തിനും അതിന്റെ പ്രത്യക്ഷ രൂപമായ ഭരണകൂടത്തിനും പൗരന് മേല്‍ എത്രമാത്രം നിയന്ത്രണങ്ങള്‍ കൊണ്ടുവരാം? ദേശത്തെ രാഷ്ട്രമായും രാഷ്ട്രത്തെ ഭരണകൂടമായും ഭരണകൂടത്തെ സര്‍ക്കാറായും ചുരുക്കുകയും സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമായി കണക്കാക്കുകയും ചെയ്യുന്ന വര്‍ത്തമാന കാല ഇന്ത്യയില്‍ ഈ ചോദ്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ജര്‍മനിയിലെയും ഇറ്റലിയിലെയും ക്ലാസിക്കല്‍ ഫാസിസ്റ്റ് കാലത്തെന്ന പോലെ വ്യക്തികള്‍ക്ക് മേല്‍ രഹസ്യ നിരീക്ഷണങ്ങളുടെ പത്മവ്യൂഹങ്ങള്‍ ഒരുങ്ങുകയാണ് ഇന്ത്യയില്‍.

ഹിന്ദുത്വ ദേശീയത അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മനുഷ്യരുടെ സമസ്ത വ്യവഹാരങ്ങളിലേക്കും സര്‍ക്കാര്‍ കടന്ന് കയറുകയാണ്. എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാക്കി പൗരന്‍മാരുടെ രഹസ്യവിവരങ്ങള്‍ ഒട്ടും അവധാനതയില്ലാതെ കൈകാര്യം ചെയ്യുന്ന ഏജന്‍സികള്‍ക്ക് ലഭ്യമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരുന്നത്. ഇത്തരം എല്ലാ തരം അവകാശലംഘനങ്ങള്‍ക്കും സുപ്രീം കോടതി വിധി തടയിടുന്നു.
‘നിയമസ്ഥാപിതമായ നടപടി മുഖേനയല്ലാതെ ഏതൊരാളുടെയും ജീവനോ വ്യക്തിപരമായ സ്വാതന്ത്ര്യമോ അപഹരിച്ചു കൂടാത്തതാണെന്ന്’ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 വ്യക്തമാക്കുന്നു. കരട് ഭരണഘടനയില്‍ ‘വ്യക്തിപരമായ’ എന്ന പ്രയോഗം ഉണ്ടായിരുന്നില്ലെന്നോര്‍ക്കണം. രൂപരേഖാ കമ്മിറ്റി ഈ പദം പിന്നീട് ചേര്‍ക്കുകയായിരുന്നു. എന്നുവെച്ചാല്‍ വ്യക്തിത്വത്തിന് വലിയ പ്രധാന്യം ലഭ്യമാകണമെന്ന് ഭരണഘടനാ ശില്‍പ്പികള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് തന്നെ.

ഈ അന്തസ്സത്തയാണ് സ്വകാര്യതാ വിധി ഉയര്‍ത്തിപ്പിടിക്കുന്നത്.
വിപുലമായ പ്രായോഗിക സാധ്യതകളുണ്ട് ഈ വിധിക്ക്. ഉദാഹരണത്തിന്റെ ഗോവധ നിരോധനത്തിന് പേരില്‍ നടത്തുന്ന റെയ്ഡുകള്‍ ഇനി കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. ഒരു പ്രത്യേക ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം 21ാം വകുപ്പില്‍ എടുത്തു പറയുന്നില്ല എന്നതാണല്ലോ ന്യായം. 21ാം വകുപ്പില്‍ പ്രത്യക്ഷത്തില്‍ ഇല്ലാത്ത സ്വകാര്യതക്ക് മൗലികാവകാശ പദവി ലഭിക്കാമെങ്കില്‍ ഭക്ഷണത്തിന്റെ കാര്യത്തിലും ഇനി ഇത്തരം വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന നില വരും. ആധാര്‍ സ്വകാര്യത ലംഘിക്കുന്നുവെന്നാരോപിച്ച് സുപ്രീം കോടതിക്ക് മുന്നിലിരിക്കുന്ന ഒരു കൂട്ടം ഹരജികളില്‍ വിധി നിര്‍ണായക സ്വാധീനം ചെലുത്തും. അതേസമയം, മാധ്യമ സ്വാതന്ത്ര്യത്തെ ഈ വിധി പരിമിതപ്പെടുത്തിയേക്കുമെന്ന വിമര്‍ശവും ഉയരുന്നുണ്ട്.
മറ്റേതൊരു മൗലികാവകാശത്തിലുമെന്നത് പോലെ സ്വകാര്യതക്കുള്ള അവകാശവും അപരിമിതമല്ലെന്ന് വിധിന്യായത്തില്‍ പറയുന്നുണ്ട്. ‘യുക്തിസഹമായ നിയന്ത്രണ’ങ്ങള്‍ക്ക് ഭരണകൂടത്തിന് അധികാരമുണ്ടായിരിക്കും. ഈ അധികാരം ഭരിക്കുന്നവര്‍ എങ്ങനെ വിനിയോഗിക്കുമെന്നും അതിനെ കോടതി എങ്ങനെ കാണുമെനമെന്നുമാണ് ഇനി നോക്കേണ്ടത്. തിരുത്തലുകളാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. എക്‌സിക്യൂട്ടീവും ലജിസ്‌ലേച്ചറും പരിധി വിട്ടാല്‍ നീതിന്യായ വിഭാഗത്തിന് തിരുത്താം. തിരിച്ചും. മുന്നില്‍ വരുന്ന എല്ലാ വിഷയങ്ങളിലും ഇന്ത്യന്‍ സമൂഹത്തിന്റെ മുഖമുദ്രയായ ഉള്‍ക്കൊള്ളലും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കുകയും ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദം കൂടാതെ ഏത് ചെറിയവന്റെയും അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും ചെയ്യാന്‍ നീതിന്യായ വിഭാഗത്തിന് സാധിച്ചാല്‍ ജീവസ്സുറ്റ സംഹിതയായി ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കും. അല്ലെങ്കില്‍ അത് വെറും പുസ്തകമാകും.