Connect with us

Articles

സ്വകാര്യത മൗലികാവകാശം

Published

|

Last Updated

“”സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണ്. വ്യക്തികളുടെ ഉള്ളറകളില്‍ ഭരണകൂടമോ ഭരണകൂടത്തിന് പുറത്തുള്ളവരോ ഇടപെടുന്നതില്‍ സംരക്ഷണം നല്‍കുന്നതാണ് ഈ അവകാശം. ജീവിതത്തിലെ തിരഞ്ഞെടുപ്പുകള്‍ സ്വയമെടുക്കാന്‍ ഇത് വ്യക്തികള്‍ക്ക് അധികാരം നല്‍കുന്നു”” – സുപ്രീം കോടതിയുടെ ഒമ്പതംഗ ബഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയിലേതാണ് ഈ വാക്യങ്ങള്‍. ചരിത്ര സംഭവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിധി, ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പോലെ മൗലികമായ അവകാശമാണ് സ്വകാര്യത എന്ന് വ്യക്തമാക്കുന്നു. സ്വകാര്യതയെ മൗലിക അവകാശമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതിയുടെ എട്ടംഗ ബഞ്ചും ആറംഗ ബഞ്ചും വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറപ്പെടുവിച്ച ഉത്തരവിനെ തിരുത്തുകയാണ് ഈ ഉത്തരവ്.

രാജ്യത്തെ പൗരന്‍മാര്‍ക്കെല്ലാം യുനീഖ് ഐഡന്റിറ്റി നമ്പര്‍ നല്‍കുന്ന (ആധാര്‍) പദ്ധതിയെയും സര്‍ക്കാറിന്റെ ആനുകൂല്യങ്ങളെയൊക്കെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന അടിസ്ഥാനപ്രശ്‌നം പരിശോധിക്കാന്‍ സുപ്രീം കോടതി ഒമ്പതംഗ ബഞ്ച് രൂപവത്കരിച്ചത്. ആധാര്‍ സൃഷ്ടിക്കുന്നതിനായി വ്യക്തികളുടെ ജൈവ അടയാളങ്ങള്‍ (കൈ വിരലടയാളങ്ങളും കണ്ണിന്റെ അടയാളങ്ങളും രേഖപ്പെടുത്തുന്നുണ്ട്, ഒപ്പം മറ്റ് വിവരങ്ങളും) രേഖപ്പെടുത്തുന്നുണ്ട്. ഈ വിവരങ്ങള്‍ ശേഖരിക്കാന്‍ രാജ്യത്താകമാനം വിവിധ ഏജന്‍സികളെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടു. സര്‍ക്കാറിന്റെ കേന്ദ്രീകൃത ശേഖരണിയില്‍ നിന്ന് വിവരങ്ങള്‍ ചോരാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെട്ടു. ബാങ്ക്, ആദായ നികുതി വകുപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളുമായി ആധാറിനെ ബന്ധിപ്പിച്ചതോടെ ചോര്‍ച്ചയുടെ സാധ്യത ഏറുകയും ചെയ്തു. റിലയന്‍സിന്റേതടക്കം വിവിധ ടെലികോം കമ്പനികളുടെ സെര്‍വറുകളുമായി കേന്ദ്ര സര്‍ക്കാറിന്റെ ആധാര്‍ സഞ്ചയം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ആധാര്‍ നമ്പറും കൈവിരല്‍ അടയാളവും വിവിധ കമ്പനികളുടെ യന്ത്രത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ സകല വിവരവും അവര്‍ക്ക് ലഭ്യമാകുന്നത്. പൗരന്‍മാരുടെ സ്വകാര്യത സ്വകാര്യ കമ്പനികളുമായി പങ്കുവെക്കുന്നതിലെ ഔചിത്യം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.

സ്വകാര്യതയെ പ്രത്യേക അവകാശമായി ഭരണഘടന അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ മൗലികാവകാശമായി കണക്കാനാകില്ലെന്നുമാണ് ഈ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം സുപ്രീം കോടതിയില്‍ വാദിച്ചത്. ഭരണഘടനാ നിര്‍മാതാക്കള്‍ സ്വകാര്യത മൗലികാവകാശമായി കണക്കാക്കിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് നിലപാട് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യതയെ മൗലികാവകാശമായി കണക്കാക്കാമെന്നും എന്നാല്‍ അത് ഉപാധികളോടെയായിരിക്കണമെന്നും വാദിച്ചു. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് സുപ്രീം കോടതിയുടെ ഒമ്പതംഗ ബഞ്ചിന്റെ വിധി. ബഞ്ചിലെ അംഗങ്ങളെല്ലാവരും ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നുവെന്നത് എടുത്തു പറയേണ്ടതാണ്.

ആധാറും അതിനെ സര്‍ക്കാറിന്റെ ആനുകൂല്യങ്ങളുമായി ബന്ധിപ്പിക്കലും ആധാറില്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ ഉണ്ടാകില്ലെന്ന സര്‍ക്കാര്‍ തീരുമാനവുമാണ് കേസിന്റെ മൂലമെങ്കിലും സുപ്രീം കോടതിയുടെ വിധി, പല മേഖലകളിലും ആഘാതമുണ്ടാക്കും. സാങ്കേതിക വിദ്യ പുരോഗമിക്കുകയും വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം വ്യാപകമാകുകയും ചെയ്തതോടെ വ്യക്തിയുടെ സ്വകാര്യത വലിയ തോതില്‍ ഭഞ്ജിക്കപ്പെടുന്ന സ്ഥിതിയുണ്ട്. അത് വ്യക്തികള്‍ പലപ്പോഴും അറിയുന്നുപോലുമില്ല. ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ ഈ വിധി കാരണമായേക്കും.
“”ഒരു വ്യക്തി, തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ ഒരാള്‍ക്ക് അനുവാദം നല്‍കുന്നുവെന്നതു കൊണ്ട്, എല്ലാവര്‍ക്കും വീട്ടില്‍ പ്രവേശിക്കാമെന്ന് അര്‍ഥമില്ല. ഭൗതികമായ കാര്യത്തിലും സാങ്കേതിക വിദ്യയുടെ കാര്യത്തിലും ഇതാണ് പാലിക്കപ്പെടേണ്ടത്. വിവിധങ്ങളായ സാമൂഹിക – സാംസ്‌കാരിക മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതാണ് നമ്മുടെ രാജ്യം. നിലനില്‍ക്കുന്ന വൈവിധ്യത്തെ അഭിമാനത്തോടെ കാണുകയും ചെയ്യുന്നു. അത്തരമൊരു രാജ്യത്ത് സ്വകാര്യത, സംരക്ഷിക്കപ്പെടേണ്ട പ്രധാന അവകാശമാണ്. മറ്റ് മൗലികാവകാശങ്ങളുമായി ചേര്‍ത്തുനിര്‍ത്തുമ്പോള്‍ വൈരുദ്ധ്യങ്ങളുണ്ടാകുന്നുണ്ടോ എന്നതും ഏത് സമയത്താണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത് എന്നതും ഓരോ കേസിന്റെയും വസ്തുതകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടതാണ്. ഇതൊക്കെ കൂടുതല്‍ നിയമ വ്യവഹാരങ്ങള്‍ക്ക് വഴിവെച്ചേക്കാം. അതുകൊണ്ടു മാത്രം സ്വകാര്യത മൗലികാവകാശമല്ലാതായി മാറുന്നില്ല”” – കോടതി വിധിയില്‍ വിശദീകരിക്കുന്നു.

രാജ്യത്ത് നിലനില്‍ക്കുന്ന സവിശേഷ സാഹചര്യത്തില്‍ കോടതിയുടെ ഈ വിശദീകരണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വ്യക്തിയുടെ സ്വയംനിര്‍ണയാവകാശം, ഭരണകൂടത്തിന്റെ നിരീക്ഷണത്തില്‍ നിന്നുള്ള സംരക്ഷണം, അന്തസ്സിനും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിനുമുള്ള അവകാശം, എതിരഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങി പല മേഖലകളെ നിര്‍ണായകമായി സ്വാധീനിക്കുന്നതാണ് കോടതി വിധി. രാജ്യമാണ് പരമപ്രധാനമെന്ന സന്ദേശമാണ് രാഷ്ട്രീയ സ്വയം സേവക് സംഘിനാല്‍ (ആര്‍ എസ് എസ്) നിയന്ത്രിതമായ നരേന്ദ്ര മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരിക്കുന്നത്. രാജ്യമെന്നാല്‍ രാജ്യം ഭരിക്കുന്ന ഭരണകൂടമെന്നും അവരെടുക്കുന്ന തീരുമാനങ്ങളെന്നും മാത്രമേ അര്‍ഥമാക്കുന്നുള്ളൂ. അതൊക്കെ അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് പൗരന്മാരെന്നും ചോദ്യംചെയ്യലുകള്‍ രാജ്യത്തോടുള്ള ദ്രോഹമായി കണക്കാക്കപ്പെടുമെന്നും സാരം. അതുകൊണ്ടാണ്, ഗോവധം നിരോധിച്ചുകൊണ്ടുള്ള നിയമം നടപ്പാക്കുന്നതിന് സംഘ്പരിവാരം തയ്യാറാക്കുന്ന ആള്‍ക്കൂട്ടം രംഗത്തുവരുന്നത്. അടുക്കളയില്‍ കയറി പരിശോധിക്കാന്‍ അവര്‍ സന്നദ്ധരാകുന്നത്, അതിനെ പരോക്ഷമായി പന്തുണക്കാന്‍ ഭരണകൂടം തയ്യാറാകുന്നത്. ഇനി അത്തരം കടന്നുകയറ്റങ്ങള്‍ സാധ്യമല്ലെന്ന് കൂടിയാണ് സ്വകാര്യത ഭരണഘടനാദത്തമായ മൗലികാവകാശമാണെന്ന് വിധിക്കുമ്പോള്‍ സുപ്രീം കോടതി പറഞ്ഞുവെക്കുന്നത്. അത്തരം കടന്നുകയറ്റങ്ങളുണ്ടായാല്‍ പൗരന്റെ മൗലികാവകാശം സംരക്ഷിക്കാന്‍ പാകത്തില്‍ നടപടികളെടുക്കാന്‍ ഭരണകൂടം ഇനിമേല്‍ ബാധ്യതപ്പെട്ടിരിക്കുന്നു.

സാമൂഹിക – സാംസ്‌കാരിക വൈവിധ്യം മതം, ജാതി, വേഷം, ഭാഷ തുടങ്ങിയവയെ അധികരിച്ചുള്ളതാകയാല്‍ അത് പൊതുവില്‍ സമൂഹങ്ങളുമായി ബന്ധപ്പെട്ടാണ് വ്യവഹരിക്കപ്പെടാറ്. അങ്ങനെയായിരിക്കെ തന്നെ ഇത് വ്യക്തികളുടെ സ്വകാര്യത കൂടിയാണ്. അതിലേക്കുള്ള എല്ലാവിധ കടന്നുകയറ്റങ്ങളും മൗലികാവകാശങ്ങളുടെ ലംഘനമായിക്കൂടി കണക്കാക്കപ്പെടും. ബഹുസ്വരത സംരക്ഷിക്കാന്‍ പാകത്തില്‍ നിലവിലുള്ള ഭരണഘടനാ വ്യവസ്ഥകള്‍ക്കൊപ്പം ഇത് കൂടി ചേരുകയാണ്.
പൗരന്മാരെ പലവിധത്തില്‍ നിരീക്ഷിക്കുന്നുണ്ട് ഭരണകൂടം. ആധാര്‍ പോലും അത്തരം നിരീക്ഷണത്തിന്റെ ഭാഗമാണ്. അതിനെ വിവിധ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുമ്പോള്‍ ആ നിരീക്ഷണം കുറേക്കൂടി ശക്തമാക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യ വ്യവസ്ഥയെ പരിമിതമായെങ്കിലും അംഗീകരിക്കുന്ന ഭരണകൂടങ്ങളുടെ ഇത്തരം നടപടികളെ, ഏകാധിപത്യ സ്വഭാവം പുലര്‍ത്തുന്ന തീവ്ര വര്‍ഗീയതയില്‍ അധിഷ്ഠിതമായ ഭരണകൂടത്തിന്റേതുമായി താരതമ്യപ്പെടുത്താനാകില്ല. അത്തരമൊരു ഭരണകൂടം പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നത് അധികാരത്തിന്റെയോ അവകാശങ്ങളുടെയോ ന്യായമായ വിഹിതം നിഷേധിക്കാനാകാം. സാമൂഹ്യ – സാമ്പത്തിക അവസ്ഥ തിരിച്ചറിഞ്ഞ്, അസന്തുലിതത്വവും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നതിനുമാകാം. അതിനൊക്കെ കടിഞ്ഞാണിടാന്‍ ഒരുപക്ഷേ, ഈ വിധി സഹായിച്ചേക്കും.
പൗരന്മാരുടെ ടെലിഫോണ്‍ ചോര്‍ത്തുന്നതിന് നിലവില്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. ക്രിമിനല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായോ രാജ്യസുരക്ഷയെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്ന സംശയത്തിന്റെ പേരിലോ ഫോണ്‍ ചോര്‍ത്താന്‍ ഭരണകൂടത്തിന് അധികാരമുണ്ട്. അതിന് നിയമം അനുശാസിക്കും വിധത്തിലുള്ള അനുവാദം വാങ്ങണമെന്ന് മാത്രം. ഈ ചട്ടങ്ങളൊന്നും പാലിക്കാതെ ആരുടെ ഫോണും ചോര്‍ത്തുന്ന സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ലക്ഷക്കണക്കിന് ഫോണ്‍ സംഭാഷണങ്ങള്‍ നടക്കുന്നതിനിടയില്‍ നിന്ന് ഏതെങ്കിലുമൊരു നമ്പറില്‍ നിന്നുള്ള സംഭാഷണം സെക്കന്‍ഡുകള്‍ക്കകം തിരഞ്ഞെടുത്ത് റെക്കോര്‍ഡ് ചെയ്യാനുള്ള ആധുനിക സംവിധാനം ഭരണകൂടം സ്വായത്തമാക്കിയിട്ടുമുണ്ട്. സ്വകാര്യത മൗലികാവകാശമാകുമ്പോള്‍ ഇതിലൊക്കെ മാറ്റം വരേണ്ടി വരും.

പൗരന്റെ അവകാശങ്ങളെ ഓരോന്നായി പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്ന ഭരണകൂടത്തിന് അത്രയൊന്നും സ്വീകാര്യമാകാന്‍ ഇടയില്ല ഈ സുപ്രീം കോടതി വിധി. കോടതി വിധിയെ ഔദ്യോഗികമായി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അതിനെ മറികടക്കുന്നത് എങ്ങനെ എന്ന ആലോചനകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടാകണം. രാജ്യവും അതിനെ നിയന്ത്രിക്കുന്ന ഭരണകൂടവുമാണ് പ്രധാനമെന്നും പൗരന്മാരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും അതിന് താഴെയേ വരൂ എന്നുമുള്ള കാഴ്ചപ്പാടിനെ തള്ളിക്കളയുന്ന വിധി ജനാധിപത്യ സമ്പ്രദായത്തെ കുറേക്കൂടി ശക്തിപ്പെടുത്താന്‍ ഉതകുന്നതാണ് എന്നതില്‍ തര്‍ക്കം വേണ്ട. പക്ഷേ, അതിനെ മറികടക്കാന്‍ സ്വേച്ഛാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്ന ഭരണകൂടം ശ്രമിച്ചാല്‍ അതിന് അവര്‍ ഏറ്റവും ആശ്രയിക്കുക, രാജ്യസ്‌നേഹത്തെയും ദേശീയതയെയും തന്നെയായിരിക്കും. സ്വകാര്യത എന്ന മൗലികാവകാശത്തെ നിഷേധിക്കാന്‍ ഇവയെ രണ്ടിനെയും ആയുധമാക്കാനുള്ള സാധ്യത ഏറെയാണ്. എല്ലാ മൗലികാവകാശങ്ങളും യുക്തിസഹമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന്, സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോള്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ കണ്ടെത്താന്‍ ഭരണകൂടത്തിന് പ്രയാസമില്ലെന്ന് കൂടിയാണ് അവര്‍ പറഞ്ഞുവെക്കുന്നത്. ആ അപകടം കാണാതിരിക്കാനാകില്ല. ഭരണഘടനയേയും അതിനെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന നിയമങ്ങളെയും നോക്കുകുത്തിയാക്കി വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കാന്‍ മടികാണിച്ചിട്ടില്ല ഇപ്പോഴത്തെ ഭരണകൂടമെന്ന വസ്തുത മുന്നില്‍ നില്‍ക്കെ പ്രത്യേകിച്ചും.

---- facebook comment plugin here -----

Latest