Connect with us

National

സി എം ഇബ്‌റാഹീം എതിരില്ലാതെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍

Published

|

Last Updated

ബെംഗളൂരു: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി എം ഇബ്‌റാഹിമിനെ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്നലെ നിയമസഭാ സെക്രട്ടറി എസ് മൂര്‍ത്തിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വിധാനസഭയിലെ അംഗങ്ങളാണ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ട് ചെയ്യേണ്ടത്. എന്നാല്‍, വിധാനസഭയിലെ പ്രതിപക്ഷ കക്ഷികളായ ബി ജെ പിയും ജനതാദള്‍- എസും ഇബ്‌റാഹിമിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. ഇരു കക്ഷികള്‍ക്കും ജയിക്കാന്‍ ആവശ്യമായ അംഗബലം സഭയില്‍ ഇല്ലാത്തതാണ് കാരണം. ഈ സാഹചര്യത്തിലാണ് സി എം ഇബ്‌റാഹിം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

ഈ മാസം 31നാണ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ മറ്റ് പത്രികകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സി എം ഇബ്‌റാഹിം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. നിലവില്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായ ഇബ്‌റാഹിം ഈ സ്ഥാനം ഉടന്‍ രാജിവെക്കും.
ബി ജെ പിയുടെ എം എല്‍ സിയായിരുന്ന വിമല ഗൗഡയുടെ നിര്യാണത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സി എം ഇബ്‌റാഹിമിനെ ഈ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മുന്‍കൈയെടുത്തത്. ഏറെ നാളായി സിദ്ധരാമയ്യയും ഇബ്‌റാഹിമും അകല്‍ച്ചയിലായിരുന്നു.

ഉറ്റ രാഷ്ട്രീയ കൂട്ടാളികളായിരുന്ന സിദ്ധരാമയ്യയും ഇബ്‌റാഹിമും ഒന്നിച്ചാണ് ജനതാദള്‍- എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മാസങ്ങളായി മുഖ്യമന്ത്രിയുടെ ശൈലിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഇടഞ്ഞുനില്‍ക്കുകയായിരുന്നു ഇബ്‌റാഹിം. ജെ ഡി എസിലേക്ക് ക്ഷണവും വാഗ്ദാനങ്ങളും ലഭിച്ചതിനിടെ അവിചാരിതമായുണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം മടക്കം തടസ്സപ്പെടുകയായിരുന്നു.

Latest