Connect with us

Gulf

മാള്‍ ഓഫ് ഖത്വറില്‍ മെയ്ഡ് ഇന്‍ ഖത്വര്‍ ഭക്ഷ്യമേള

Published

|

Last Updated

ദോഹ: ഖത്വരികളുടെ രുചി പാരമ്പര്യത്തിലേക്ക് വെളിച്ചം വീശി മാള്‍ ഓഫ് ഖത്വറില്‍ മെയ്ഡ് ഇന്‍ ഖത്വര്‍ ഭക്ഷ്യമേള. വീടുകളില്‍ പാകം ചെയ്ത് സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ വില്‍പ്പന നടത്തുന്ന പതിനഞ്ച് ഖത്വരികളുടെ ഭക്ഷ്യോത്പന്നങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയത്. പാസ്ത, അച്ചാറുകള്‍, കേക്കുകള്‍ ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന ഖത്വരി ഭക്ഷ്യോത്പന്നങ്ങളാണ് മേളയിലുള്ളത്.

ഖത്വരികളുടെ തനത് ഭക്ഷ്യോത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള. പ്രവാസികള്‍ക്ക് ഖത്വറിന്റെ ഭക്ഷ്യരുചി അടുത്തറിയുന്നതിനും ആസ്വദിക്കുന്നതിനും മേള അവസരമൊരുക്കുന്നുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇവിടെ ഖത്വരി രുചി അനുഭവിച്ചറിയാം. മേളയുടെ ആദ്യദിനങ്ങളില്‍തന്നെ മികച്ച പ്രതികരണമാണുള്ളത്. 94, ലസാസ, എന്‍ ഡി ചോക്കോ കളര്‍, ഷയ് അല്‍ ശുമൂസ്, ഗൂഡി മേക്കര്‍ എന്നീ പേരുകളിലറിയപ്പെടുന്ന സംരംഭങ്ങളുടെ വിവിധങ്ങളായ ഭക്ഷ്യരുചികള്‍ മേളയിലുണ്ട്. പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങളും അവയുടെ പാചകക്കുറിപ്പുകള്‍ക്കുമൊപ്പം പുതിയതരം രുചികളും പരിചയപ്പെടുത്തുന്നു. പെരുന്നാള്‍ ആഘോഷകാലയളവില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മേളവേറിട്ട അനുഭവമാകും. മാള്‍ ഓഫ് ഖത്വറിലെത്തുന്നവര്‍ക്ക് ഖത്വറിന്റെ പരമ്പരാഗതവും ആധുനികവുമായ ഭക്ഷണരുചി മനസിലാക്കാന്‍ സാധിക്കും. സെപ്തംബര്‍ പത്ത്‌വരെ മേള തുടരും.

രുചിയുടെയും താങ്ങാവുന്ന വിലയുടെയും പേരില്‍ മികച്ച സ്വീകാര്യത ലഭിച്ച ഭക്ഷ്യശൃംഖലയാണ് 94. ഇതിന്റെ ഉടമ സ്വയം പാകം ചെയ്യുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നാണ് ഏറ്റവും വലിയ സവിശേഷത. ഖത്വറില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളാണ് പാകം ചെയ്യാനായി ഉപയോഗിക്കുന്നതെന്ന് 94ന്റെ ഉടമ ശൈഖ അല്‍ കുവാരി ദി പെനിന്‍സുലയോട് പ്രതികരിച്ചു. പാസ്ത, റിസോട്ടോ എന്നിവക്ക് 35 റിയാല്‍ വീതമും മോജിതോ, ഐസ് ക്രീം എന്നിവക്ക് പതിനഞ്ച് റിയാല്‍ വീതവുമാണ് വില.

സമീപഭാവിയില്‍തന്നെ ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്കെത്തിച്ചുകൊടുക്കുന്നതിനായി ബസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. തത്‌സമയ പാചകത്തിനുള്ള സൗകര്യം ബസിലുണ്ടാകും. വൈവിധ്യമാര്‍ന്ന പാന്‍കേക്കുകളാണ് എന്‍ഡി ചോക്കോകളര്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയത്. വിവിധ ചോക്ലേറ്റ് ഫ്‌ളേവറിലുള്ള കേക്കുകള്‍ ഇവിടെയുണ്ട്. ന്യൂട്ടല്ല, ഗ്യാലക്‌സി, കിന്‍ഡര്‍, പിസ്റ്റാച്ചിയോ കേക്കുകള്‍ക്ക് ആവശ്യക്കാരേറുന്നു. ചീസ് ഒമാനി ചിപ്‌സ് ഫ്‌ളേവറുകളിലുള്ള പാന്‍കേക്കുകള്‍ വേറിട്ടുനില്‍ക്കുന്നു.

വളരെ ചെറിയതോതിലാണ് സംരംഭം തുടങ്ങിയതെന്നും ഇപ്പോള്‍ ആവശ്യകത വര്‍ധിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ ഒരു ഔട്ട്‌ലെറ്റ് ആരംഭിക്കുമെന്നും എന്‍ഡി ചോക്കോകളര്‍ ഉടമ ദന അല്‍ തമീമീ പറഞ്ഞു. മധുരം നിറഞ്ഞ ഭക്ഷ്യോത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് മേളയിലുള്ളത്. കുട്ടികള്‍ അവരുടേതായ കേക്കുകള്‍ പാകംചെയ്യുന്ന ആശയമാണ് ഗൂഡിമേക്കര്‍. അവര്‍തന്നെ പാകം ചെയ്ത് അവര്‍തന്നെ അലങ്കരിച്ച് വിതരണത്തിനെത്തിച്ചിരിക്കുന്ന ഗൂഡി മേക്കര്‍ ഉത്പന്നങ്ങളും ശ്രദ്ധേയമാകുന്നു. കുട്ടികളുടെ ജന്‍മദിനാഘോഷപരിപാടികളിലും മറ്റു ആഘോഷവേളകളിലും ഗൂഡിമേക്കറിന്റെ സേവനം ലഭ്യമാക്കുന്നുണ്ടെന്ന് ഉടമയായ മൗസ അബ്ദുല്ല അല്‍ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.

 

Latest