നന്ദന്‍ നിലേകനി ഇന്‍ഫോസിസ് ചെയര്‍മാനാകും

Posted on: August 24, 2017 9:37 pm | Last updated: August 25, 2017 at 11:02 am

ബംഗളൂരു: ഇന്‍ഫോസിസ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നന്ദന്‍ നിലേകനിയെ നിയമിച്ചു. ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വിശാല്‍ സിക്കയുടെ അപ്രതീക്ഷിത രാജിയെത്തുടര്‍ന്ന് ഇന്‍ഫോസിസ് സ്ഥാപകരില്‍ പ്രമുഖനും മുന്‍ സി.ഇ.ഒയുമായ നിലേകനി കമ്പനിയുടെ തലപ്പത്ത് തിരിച്ചെത്തുമെന്ന സൂചനകളുണ്ടായിരുന്നു.

ഈ ആവശ്യമുന്നയിച്ച് ഒരു ഡസനോളം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡിന് കത്തയച്ചിരുന്നു. മുന്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് വിശാല്‍ സിക്ക സി.ഇ.ഒ സ്ഥാനത്തുനിന്ന് രാജിവച്ചത്.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി നാരായണമൂര്‍ത്തി നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് സിക്ക കഴിഞ്ഞയാഴ്ച രാജിവെച്ചത്. സിക്കയുടെ രാജിയും ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്.

2002 മാര്‍ച്ച് മുതല്‍ 2007 ഏപ്രില്‍ വരെ നന്ദന്‍ നിലേകനി ഇന്‍ഫോസിസിന്റെ സി.ഇ.ഒ. പദവിയിലുണ്ടായിരുന്നു.