Connect with us

Gulf

ഭക്ഷ്യോത്പന്ന കയറ്റിറക്കുമതിക്ക് 'ഉദ്യാനം'; രൂപരേഖ ശൈഖ് മുഹമ്മദ് പുറത്തുവിട്ടു

Published

|

Last Updated

ദുബൈ: 150 കോടി ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന, ദുബൈ ഭക്ഷ്യോത്പന്ന കയറ്റിറക്കുമതി ലക്ഷ്യം വെച്ചുള്ള ദുബൈ ഫുഡ് പാര്‍ക്കിന്റെ രൂപരേഖ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുറത്തിറക്കി. ദുബൈ ഹോള്‍സെയില്‍ സിറ്റിയിലാണ് ഉദ്യാനം നിര്‍മിക്കുക. മധ്യ പൗരസ്ത്യ ദേശത്തെ ആദ്യ ഭക്ഷ്യോദ്യാനമാണിത്. കയറ്റിറക്കുമതി അടക്കം, ഭക്ഷ്യോത്പന്നങ്ങളുടെ വ്യാപാരത്തിനും പുനഃ കയറ്റുമതിക്കും ഉതകുന്നതാണിത്.

ദുബൈയുടെ ആഭ്യന്തരോത്പാദനത്തില്‍ 11 ശതമാനം ഭക്ഷ്യോത്പന്നങ്ങളുടെ ഇടപാടുകളില്‍ നിന്നാകയാല്‍ ഇത്തരമൊരു സംവിധാനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ദുബൈ ഹോള്‍സെയില്‍ സിറ്റി സി ഇ ഒ അബ്ദുല്ല ബെല്‍ഹൂല്‍ പറഞ്ഞു. 2030 ഓടെ 630 കോടി ഡോളറിന്റെ ഇടപാട് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിലവിലുള്ളതിനേക്കാള്‍ 70 ശതമാനമായി വര്‍ധിക്കാന്‍ പോവുകയാണ്. യു എ ഇ യില്‍ വര്‍ധിച്ചു വരുന്ന ഭക്ഷ്യ ആവശ്യങ്ങള്‍ക്ക് പരിഹാരമാകാനും ഈ സംഭരണ, വിതരണ കേന്ദ്രത്തിന് കഴിയും. ഹോള്‍സെയില്‍ സിറ്റിയില്‍ 4. 8 കോടി ചതുരശ്രയടി വിസ്തൃതിയിലാണ് ഉദ്യാനം പണിയുന്നത്. ഹോള്‍സെയില്‍ സിറ്റിയുടെ നിര്‍മാണം പത്തുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ഇറക്കുമതി തുടങ്ങി എല്ലാ കാര്യങ്ങളും ഇവിടെ നിര്‍വഹിക്കാനാകും. ലോകോത്തര അടിസ്ഥാന സൗകര്യ വികസനമാണ് ഇവിടെ ഒരുക്കുന്നത്. ആഗോള നിക്ഷേപകര്‍ക്ക് എളുപ്പം എത്തിപ്പെടാന്‍ പാകത്തില്‍ കര, ജല, വ്യോമ പാതകളെ ബന്ധിപ്പിക്കും. മികച്ച സുരക്ഷയാണ് ഏര്‍പെടുത്തുകയെന്നും അബ്ദുല്ല ബെല്‍ഹൂല്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest