പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞു: മന്ത്രി ശൈലജ

Posted on: August 24, 2017 5:07 pm | Last updated: August 24, 2017 at 10:46 pm

തിരുവനന്തപുരം: ബാലാവകാശ കമീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ചെയ്യാത്ത കുറ്റത്തിന് ഇത്രയും ദിവസം പ്രതിപക്ഷം തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരന്നുവെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമന അപേക്ഷക്കുള്ള തീയതി നീട്ടിയ നടപടി ദുരുദ്ദേശപരമല്ലെന്ന് കണ്ടെത്തി ശൈലജക്ക് എതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കം ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

പ്രതിപക്ഷം തനിക്ക് സ്ത്രീയാണെന്ന പരിഗണന പോലും തന്നില്ല. വ്യക്തിഹത്യ നടത്തിയ പ്രതിപക്ഷത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും കോടതി തനിക്ക് എതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.