മുഹ്‌റം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ ഒഴിവാക്കണണെന്ന് മമതാ ബാനര്‍ജി

Posted on: August 24, 2017 3:19 pm | Last updated: August 24, 2017 at 3:19 pm

കൊല്‍ക്കത്ത: മുഹ്‌റം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ പാടില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണിതെന്നും മമത പറഞ്ഞു. ഒക്ടോബര്‍ ഒന്നിനാണ് മുഹ്‌റം. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ രണ്ട് വരെയാണ് ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ നടക്കുക. ഒക്ടോബര്‍ ഒന്നിന് വൈകീട്ട് ആറ് വരെ വിഗ്രഹനിമജ്ഞന ഘോഷയാത്രയോ റോഡിലൂടെയുള്ള മറ്റ് ആഘോഷങ്ങളോ പാടില്ലെന്നാണ് മമത അറിയിച്ചത്.

മുഹ്‌റവും ദുര്‍ഗാഷ്ടമിയും ഒരേ സമയത്താണ് നടക്കുന്നത്. ഇത് മുതലെടുത്ത് വര്‍ഗീയ പ്രശ്ങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കും. എല്ലാ മതവും നമ്മുടേതാണ്. മുഹ്‌റം ചടങ്ങുകള്‍ക്കിടെ നിമഞ്ജന ഘോഷയാത്ര കടന്നുപോകുന്നത് സംഘര്‍ഷ സാധ്യത സൃഷ്ടിക്കുമെന്നും അത് എല്ലാവരെയും ബാധിക്കുമെന്നും മമത ചൂണ്ടിക്കാട്ടി. അതേസമയം, മമതയുടെ നിര്‍ദേശത്തിനെതിരെ ബിജെപി രംഗത്തെത്തി. സംസ്ഥാനത്ത് താലിബാന്‍ നിയമങ്ങള്‍ നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ദാസ് പരഞ്ഞു.