വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ്: എം വിന്‍സെന്റ് എംഎല്‍എക്ക് ജാമ്യം

Posted on: August 24, 2017 1:15 pm | Last updated: August 24, 2017 at 9:39 pm

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ എം വിന്‍സെന്റ് എംഎല്‍എക്ക് ജാമ്യം. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അവനുവദിച്ചത്. 34 ദിവസത്തെ റിമാന്‍ഡിന് ശേഷം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എംഎല്‍എ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മ നല്‍കിയ പരാതി. വീട്ടമ്മ 1999 മുതല്‍ വിഷാദ രോഗത്തിന് നാല് തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതായും ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയതാണെന്നും ഇരയുടെ രഹസ്യമൊഴി എടുത്തതായും ജാമ്യാപേക്ഷ പരിഗണിക്കവേ വിന്‍സെന്റ് എം എല്‍ എയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ എം എല്‍ എക്ക് ജാമ്യം നല്‍കിയാല്‍ ക്രമസമാധാനം നഷ്ടമാകുമെന്നും വീട്ടമ്മയുടെ മകനും ഭര്‍ത്താവിനും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് വീട്ടമ്മയുടെ രഹസ്യമൊഴിയില്‍ പറയുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ജൂലൈ 19നാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അയല്‍വാസിയായ വീട്ടമ്മയെ വര്‍ഷങ്ങളായി നിരന്തരമായി എം എല്‍ എ പീഡിപ്പിച്ചു വരുകയാണെന്നാണ്് പോലീസ് കേസ്. നേരത്തെ ജില്ലാ സെഷന്‍സ് കോടതി വിന്‍സന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കഴിഞ്ഞ തവണ ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. തുടര്‍ന്ന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും മുതിര്‍ന്ന അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണ് വീണ്ടും ജില്ലാ കോടതിയില്‍ ജാമ്യഹരജി നല്‍കിയത്. നേരത്തെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയും വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.