സലഫി ലഘുലേഖ: ആര്‍എസ്എസിന് മരുന്നിട്ട് കൊടുക്കരുതെന്ന് മുഖ്യമന്ത്രി; ഐജി അന്വേഷിക്കും

Posted on: August 24, 2017 11:39 am | Last updated: August 24, 2017 at 5:09 pm

തിരുവനന്തപുരം: എറണാകുളം പരവൂരില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ലഘുലേഖകളില്‍ ഒന്നില്‍ മറ്റു മത വിഭാഗങ്ങളെ വിമര്‍ശിക്കുന്ന ഭാഗമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ലഘു ലേഖകള്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ വിതരണം ചെയ്ത് അവര്‍ക്ക് മരുന്നിട്ട് നല്‍കരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച കേസ് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മൂന്ന് ലഘുലേഖകളാണ് വിസ്ഡം പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. ഇതില്‍ രണ്ടെണ്ണത്തില്‍ കുഴപ്പങ്ങളില്ല. എന്നാല്‍ ഒന്നില്‍ ബഹുദൈവ വിശ്വാസത്തെ എതിര്‍ക്കുന്ന പരാമര്‍ശങ്ങളുണ്ട്. ബിംബാരാധനയേയും ആള്‍ദൈവങ്ങളെയും എതിര്‍ക്കുന്നതാണ് ഈ ഭാഗം. ഇത് ഹിന്ദു വീടുകളിലും വിതരണം ചെയ്തിരുന്നു. വിഗ്രഹങ്ങളിലും മറ്റും വിശ്വസിക്കുന്നവര്‍ക്ക് അതിന് അവകാശമുണ്ട് എന്നിരിക്കെ അവരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത് ആര്‍എസ്എസിന് മരുന്നിട്ട് നല്‍കരുതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സലഫി പ്രചാരകരാണ് വടക്കേകരയില്‍ എത്തി ലഘുലേഖ വിതരണം ചെയ്തതെന്ന് വടക്കേക്കര പോലീസ് വ്യക്തമാക്കിയിരുന്നു. അഞ്ച് പേരടങ്ങുന്ന വിവിധ സംഘങ്ങളായാണ് ഇവര്‍ വീടുകളില്‍ എത്തിയിരുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ഇവര്‍ കാക്കനാട് ജില്ലാ ജയിലാണ്. ഞായറാഴ്ചയാണ് വടക്കേകര, ചിറ്റാറ്റുകര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളിലെ വീടുകളില്‍ സലഫി പ്രചാരകര്‍ ലഘുലേഖ വിതരണം നടത്തിയത്.