ഉറപ്പിച്ചു; ബെര്‍ബറ്റോവ് കേരള ബ്ലാസ്റ്റേഴ്‌സില്‍ തന്നെ

Posted on: August 24, 2017 9:48 am | Last updated: August 24, 2017 at 9:48 am

സോഫിയ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ ദിമിറ്റര്‍ ബെര്‍ബറ്റോവ്. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോസ്പറിലും കളിച്ചിട്ടുള്ള ബെര്‍ബറ്റോവിന്റെ പരിചയ സമ്പത്ത് ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ്. മുപ്പത്താറ് വയസുള്ള ബെര്‍ബറ്റോവ് ഫ്രീ ട്രാന്‍സ്ഫറിലാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2016 ജൂണില്‍ ഗ്രീക്ക് ക്ലബ്ബ് സലോനികയുമായുള്ള കരാര്‍ അവസാനിച്ചിരുന്നു.
ബള്‍ഗേറിയന്‍ ഫുട്‌ബോളിലെ ഗോള്‍ വേട്ടക്കാരനാണ് ബെര്‍ബറ്റോവ്. 79 മത്സരങ്ങളില്‍ നിന്ന് 48 ഗോളുകളാണ് ബെര്‍ബറ്റോവ് നേടിയത്. ടോട്ടനം ഹോസ്പറില്‍ നിന്ന് 2008 ലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയത്. മുപ്പത് ദശലക്ഷം പൗണ്ടിന്റെ ക്ലബ്ബ് റെക്കോര്‍ഡ് ഫീയിലായിരുന്നു ആ ട്രാന്‍സ്ഫര്‍.
മാഞ്ചസ്റ്ററില്‍ 108 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നായി നാല്‍പ്പത്തെട്ട് ഗോളുകളാണ് ബെര്‍ബറ്റോവ് നേടിയത്. മാഞ്ചസ്റ്ററിലും ഫുള്‍ഹാമിലുമായിരുന്നപ്പോള്‍ പരിചയമുള്ള റെനെ മ്യൂളെന്‍സ്റ്റനാണ് ബെര്‍ബറ്റോവിനെ ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കുന്ന കണ്ണി. മാഞ്ചസ്റ്ററിന്റെ മുന്‍ ഡിഫന്‍ഡര്‍ വെസ് ബ്രൗണിനെയും ബ്ലാസ്റ്റേഴ്‌സ് ഇതിനകം ടീമിലെത്തിച്ചിട്ടുണ്ട്. ഏഴ് തവണ ബള്‍ഗേറിയിലെ മികച്ച ഫുട്‌ബോളര്‍ പട്ടം സ്വന്തമാക്കിയിട്ടുള്ള താരമാണ് ബെര്‍ബറ്റോവ്. സി എസ് കെ സോഫിയ, ബയെര്‍ ലെവര്‍കുസന്‍, മൊണാക്കോ ക്ലബ്ബുകളിലും ബൂട്ടുകെട്ടി.