Connect with us

National

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബഞ്ച് വിധിച്ചു. ഭരണഘടനയുടെ 21ാം അനുച്ഛേദത്തില്‍ വാഗ്ദാനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതക്കുള്ള അവകാശമെന്ന് ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു. ഐകകണ്ഠേനയാണ് ഭരണഘടനാ ബഞ്ചിന്റെ സുപ്രധാന വിധി.

ഒന്‍പതംഗ ബഞ്ച് ആറ് വിധിന്യായങ്ങളാണ് എഴുതിയത്. ഇത് പൂര്‍ണമായും കോടതിയില്‍ വായിക്കുന്നതിന് പകരം എല്ലാത്തിന്റെയും അന്തസത്ത ഉള്‍ക്കൊള്ളുന്ന പൊതു വിധിയാണ് വായിച്ചത്.

കഴിഞ്ഞ 50 വര്‍ഷമായി സ്വകാര്യത സംബന്ധിച്ച് സുപ്രീം കോടതിക്കുള്ള കാഴ്ചപ്പാടുകളെ പൊളിച്ചെഴുതുന്നതാണ് ഇപ്പോഴത്തെ വിധി. സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954ല്‍ എംപി ശര്‍മ കേസില്‍ എട്ടംഗ ബഞ്ചും 1962ല്‍ ഖരഖ് സിംഗ് കേസില്‍ ആറംഗ ബഞ്ചും വിധിച്ചിരുന്നു. ഈ വിധികള്‍ പുതിയ വിധിയോടെ അസാധുവാകും. സ്വകാര്യത മൗലികാവകാശമാണെന്ന വിധിയോടെ ആധാര്‍ ഉള്‍പ്പെടെയുള്ള പദ്ധതികളെ ഇത് പ്രതികൂലമായി ബാധിക്കും.

ആധാര്‍ പൗരന്റെ സ്വകാര്യതാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹരജികളിലാണ് സ്വകാര്യത പൗരന്റെ മൗലികാവകാശമാണോയെന്ന് പരിശോധിക്കുന്നതിന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഭരണഘടനാ ബഞ്ചിന് ശിപാര്‍ശ ചെയ്തത്. ഹരജികളില്‍ ഈ മാസം രണ്ടിന് വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും വിധി പറയുന്നതിനായി മാറ്റിവെക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് ചെജലമേശ്വര്‍, എസ് എ ബോഡ്ബെ, ജസ്റ്റിസ് അഗര്‍വാള്‍, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, ജസ്റ്റിസ് എ എം സാപ്റെ, ജസ്റ്റിസ് സജ്ഞയ് കൃഷ്ണ കൗള്‍, ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് അബ്ദുന്നസീര്‍ എന്നിവരാണുള്ളത്.

ദിവസങ്ങള്‍ നീണ്ട വാദത്തില്‍ സ്വകാര്യത മൗലികാവകാശമല്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, ആധാര്‍ പൗരന്മാരുടെ സ്വകാര്യതാ അവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ആധാറിന്റെ ചുമതലയുള്ള യൂനിക്ക് ഐഡന്റിറ്റിഫിക്കേഷന്‍ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു.

Latest