കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍

Posted on: August 24, 2017 8:59 am | Last updated: August 24, 2017 at 2:29 pm
സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യം. ഇൻസെറ്റിൽ മരിച്ച വിപിൻ

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ വിപിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ പുളിഞ്ചോട്ടില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് ഇയാളെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ പ്രതിഷേധിച്ച് തിരൂർ താലൂക്കിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടുവരെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് തിരൂരിലും പരിസരപ്രദേശങ്ങളിലുമെല്ലാം പോലീസ് ബന്തവസ്സ് ഏർപ്പെടുത്തി.

2016 നവംബര്‍ 16നാണ് ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഭാര്യയുടെ പിതാവിനെയും മാതാവിനെയും കൂട്ടിക്കൊണ്ടു വരാന്‍ പോയപ്പോഴായിരുന്നു കൊലപാതകം. ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേ ദിവസമാണ് ഫൈസല്‍ കൊല്ലപ്പെട്ടത്.

കേസിലെ പ്രതിയായ വിപിന്‍ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 16 ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.